Thursday 25 April 2019 04:25 PM IST

‘ഞാൻ ചെയ്യുന്നത് മണ്ടത്തരമെന്ന് എല്ലാവരും പരിഹസിച്ചു’; പൃഥ്വിരാജ് വനിതയ്ക്ക് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖം

Sujith P Nair

Sub Editor

prithvi-lu1 ഫോട്ടോ: ഷെഹീൻ താഹ

ഒരു സിനിമ കാണുന്ന രസമാണ് പൃഥ്വിരാജിനെ നോക്കിയിരിക്കുമ്പോൾ. ചിലപ്പോള്‍ കുട്ടികളെ പോലെ നിഷ്കളങ്കമായി പൊട്ടിച്ചിരിക്കും. മറ്റു ചിലപ്പോൾ ഫോട്ടോഗ്രഫറോടു ആംഗിളിനെ ചൊല്ലി കലഹിക്കും. ഇടയ്ക്ക് ആ കെ അസ്വസ്ഥനാകും. ‘സീരിയസ്’ ആണ് സ്ഥായീഭാവം. തോപ്പുംപടിയിൽ കായലിനഭിമുഖമായുള്ള ഫ്ലാറ്റിൽ സംസാരിക്കാനിരിക്കുമ്പോൾ എല്ലാം പഠിച്ചു പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥിയുടെ ആത്മവിശ്വാസം മുഖത്ത്. ഏതു ചോദ്യത്തിനും എന്റെ പക്കൽ ഉത്തരമുണ്ടെന്ന നിശ്ചയദാർഢ്യം.

മണിക്കുറുകൾ നീണ്ട ഫോട്ടോഷൂട്ടിന്റെ ക്ഷീണം ഒട്ടുമറിയിക്കാതെ പ്രണയത്തണലിൽ സുപ്രിയ ഒപ്പമുണ്ട്. ആദ്യമായി നിർമിക്കുന്ന സിനിമ  ‘9’ റിലീസ് ചെയ്യുന്നതിന്റെ ടെൻഷൻ ആ മുഖത്തു കാണാം. എങ്കിലും ഏതു കാറ്റിലും ഉലയാത്ത പൃഥ്വിരാജ് എന്ന വൻമരത്തിന്റെ തണൽ സുപ്രിയയുടെ കരുത്ത് കൂട്ടുന്നു. ‘‘ജേണലിസ്റ്റായ എനിക്ക് സിനിമ മ റ്റൊരു മാധ്യമമാണ്. ക്രിയേറ്റീവ് പാർട്ട് മുഴുവ ൻ രാജുവാണ് നോക്കിയത്. അഡ്മിനിസ്ട്രേഷനാണ് ഞാൻ കൈകാര്യം ചെയ്തത്. രാജുവിനെപ്പോലുള്ള എൻസൈക്ലോപിഡിയ ഒപ്പമുണ്ടല്ലോ. എന്തു സംശയം വന്നാലും ഞാൻ ഓടിച്ചെല്ലും. മറ്റൊരു വലിയ സന്തോഷവുമുണ്ട്, മൂന്നു മാസത്തോളം ഞങ്ങൾക്ക് ഒരുമിച്ചു താമസിക്കാൻ കഴിഞ്ഞു. സിനിമയുടെ തിരക്കിൽ മിക്കപ്പോഴും മിസ് ചെയ്യുന്നതായിരുന്നു അത്.’’ സുപ്രിയയുടെ വാക്കുകളിൽ ഭാര്യയുടെ കരുതലും നിർമാതാവിന്റെ പക്വതയും. സുപ്രിയയുമൊത്തുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു. സന്തോഷത്തിന്റെ ഇരട്ടി മധുരം നുകരുന്നതിന്റെ ആഹ്ലാദ ത്തിലാണ് ‘വനിത’യുമായി പൃഥ്വിരാജ് സംസാരിച്ചത്.

പൃഥ്വിരാജ് സിനിമകൾ മറ്റു മലയാള ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമാണല്ലോ?

പുതിയ തരത്തിലുള്ള ഒരു കഥ കേട്ടാൽ, അതു നി ർമിക്കപ്പെടേണ്ടതാണെന്ന് തോന്നിയാൽ അത്തരം പ്രോജക്ടുകളുടെ ഭാഗമാകുക എന്നൊരു വീക്ക്നെസ് എ നിക്കുണ്ട്. നിർമിക്കപ്പെടേണ്ട സിനിമ ഒഴിവാക്കി കൊമേഴ്സ്യലായി വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു സിനിമ ചെയ്യേണ്ട തരം പരാജയഭീതി എനിക്കില്ല. മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ എന്റെ ചിത്രങ്ങളും അതിൽ വേണമെന്നാണ് ആഗ്രഹം. കൊമേഴ്സ്യല്‍ വിജയം  മാത്രം നോക്കി അഭിനയിച്ചാൽ വ്യക്തിപരമായി ഗുണം ലഭിച്ചേക്കാം. എന്റെ ശമ്പളം കൂട്ടാൻ  പറ്റിയേക്കും. കൂടുതൽ വലിയ വീടു വാങ്ങാൻ കഴിഞ്ഞേക്കും. പക്ഷേ, അതുകൊണ്ട് സിനിമയ്ക്ക് ഗുണമുണ്ടാകില്ല.

ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു ചിത്രം ഡിസൈൻചെയ്യാനുള്ള പൊസിഷൻ ഇപ്പോൾ എനിക്കുണ്ട്. അതു മലയാള സിനിമ തന്ന വാല്യൂ ആണ്. ജെനൂസ് ‘9’ന്റെ കഥ പറഞ്ഞപ്പോൾ സിനിമയാക്കാൻ കഴിയുമോ എന്നു ചിലരെങ്കിലും സംശയിച്ചു പോകും. പക്ഷേ, എനിക്ക് അതിന്റെ സാധ്യത മനസ്സിലായി. മണാലിയിൽ നിന്ന് അതീവ ദുർഘട പാതയിലൂടെ സഞ്ചരിച്ചെത്തേണ്ട സ്പിതി വാലിയിലാണ് കുറച്ചധികം ഭാഗങ്ങൾ ചിത്രീകരിച്ചത്. പെട്ടെന്ന് മഞ്ഞുരുകി വലിയ കുത്തൊഴുക്ക് രൂപപ്പെടുന്ന പാതയാണത്. 150 പേരടങ്ങുന്ന ക്രൂവാണ് പ്രതിബന്ധങ്ങളെ അതിജീവിച്ച് അവിടെ എത്തി ഷൂട്ട് ചെയ്തത്. സമുദ്രനിരപ്പിൽ നിന്ന് 14200 അടി ഉയരത്തിലുള്ള കോമിക് വില്ലേജിൽ ഒരുപക്ഷേ ആദ്യമായാകും ഒരു സിനിമ ചിത്രീകരിക്കുന്നത്.

prithvi-lu2

ട്രെയിലർ റിലീസ് ചെയ്തപ്പോൾ കരൺ ജോഹറിനും അ ക്ഷയ്കുമാറിനടക്കം അടുപ്പമുള്ളവർക്ക് ലിങ്ക് അയച്ചു. അതു കണ്ടാണ് കരൺ സാർ അഭിനന്ദിച്ചു കൊണ്ടു ട്വീറ്റ് ചെയ്തത്. അക്ഷയ് സാർ വിളിച്ച് അഭിനന്ദിച്ചപ്പോൾ വലിയ സന്തോഷം തോന്നി. വലിയ ബജറ്റിലാണ് നയൻ ഒരുക്കിയതെങ്കിലും തുടക്കത്തിൽ പ്ലാൻ ചെയ്ത ബജറ്റ് ഈ ചിത്രത്തിന് ആയിട്ടില്ല.

കണക്കു കൂട്ടിയതിനേക്കാൾ കുറഞ്ഞ ബജറ്റിൽ സിനിമ പൂർത്തിയാക്കാൻ പറ്റിയത് നിർമാതാവിന്റെ കഴിവു കൊണ്ടാണെന്ന് സുപ്രിയയുടെ കുസൃതി. നായകന് ശമ്പളം കൊടുക്കാത്തതു കൊണ്ടാണ് ആ ലാഭമെന്ന് പൃഥ്വിയുടെ കൗണ്ടർ...  

നായകനായി തിളങ്ങി നിൽക്കുമ്പോൾ സംവിധായകന്റെ കുപ്പായമണിയുന്നു?

മണ്ടത്തരമായെന്നാണ് എല്ലാവരും പറഞ്ഞത്. എ ന്റേതായ സിനിമ ഒരുക്കണമെന്ന് ഇപ്പോഴാണ് അ തിയായ ആഗ്രഹം തോന്നുന്നത്. പത്തു വർഷം  കഴിയുമ്പോൾ ആ ആഗ്രഹം ഇല്ലെങ്കിലോ? ഇഷ്ടമുള്ള സിനിമ സംവിധാനം ചെയ്യാതിരിക്കുന്നത് എന്നോടു ചെയ്യുന്ന തെറ്റാണ്.

ലംബോർഗിനി വാങ്ങിയതും അത്തരമൊരു ആഗ്രഹത്തിലാണ്. കുഞ്ഞായിരുന്നപ്പോൾ എന്റെ മുറിയുടെ ചുവരിൽ ലംബോർഗിനിയുടെ ചിത്രം ഒട്ടിച്ചിരുന്നു. അന്നു മുതലുള്ള ആഗ്രഹമാണ്. കുറച്ചു ഫണ്ട് അഡ്ജസ്റ്റ് ചെയ്താൽ ലംബോർഗിനി വാങ്ങാമെന്നുള്ള സാഹചര്യം ഉണ്ടായപ്പോൾ ചെയ്തു. അ ന്നും  എല്ലാവരും ചോദിച്ചു, എവിടെ ഓടിക്കാനാണെന്ന്. 25 വർഷം കഴിഞ്ഞ് റോഡുകൾ ശരിയായി വരുമ്പോൾ ലംബോർഗിനിയോടുള്ള താൽപര്യം നഷ്ടപ്പെട്ടെങ്കിൽ എന്തു ചെയ്യും. ഇ തൊക്കെ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.

മോഹൻലാലിനെയും മഞ്ജു വാരിയരെയും സംവിധാനം ചെയ്ത അനുഭവം ?

ഏറ്റവും എളുപ്പമുള്ള ജോലിയല്ലേ അത്. ലാലേട്ടനും മഞ്ജുവും സായ്കുമാറും ഇന്ദ്രജിത്തും ടൊവിനോയും പോലുള്ള ഏറ്റവും മികച്ച അഭിനേതാക്കളാണ് എ ന്റെ ഒപ്പം ജോലി ചെയ്തത്. മനസ്സിൽ കാണുന്നതിലുമധികം അവർ തിരിച്ചു തരും. ‘മോനേ’ എന്നാണ് ലാലേട്ടൻ വിളിക്കുന്നത്. പക്ഷേ, ഷോട്ടിന് മുൻപ് ചോദിക്കും, ‘സാർ എന്താണ് ചെയ്യേണ്ടത്’ എന്ന്. കഥാപാത്രമായി  മാറാനുള്ള ടെക്നിക് ആണത്.

സെറ്റിൽ വച്ച് ഒരു അബദ്ധം പറ്റി. വിവേക് ഒബ്റോയിയും മ ഞ്ജുവും ഒന്നിച്ചുള്ള സീൻ. വിവേക് ഡയലോഗ് പറയുമ്പോ ൾ മഞ്ജുവിന്റെ മുഖത്ത് ഞാൻ ഉദ്ദേശിച്ച റിയാക്‌ഷനല്ല വന്നത്. ഞാൻ പറഞ്ഞു, ‘കുറച്ചു കൂടി incredulousness (പെട്ടെന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്.’ മഞ്ജു തലയാട്ടി. ഞാൻ മോനിട്ടറിനു മുന്നിലെത്തി റീടേക്ക് പറഞ്ഞു. പക്ഷേ, മഞ്ജു വീണ്ടും  ഇട്ടത് പഴയ റിയാക്‌ഷൻ തന്നെ. കട്ട് പറഞ്ഞയുടൻ മഞ്ജു അടുക്കലെത്തി ചോദിച്ചു, ‘രാജു നേരത്തേ പറഞ്ഞില്ലേ... അതെന്താ...’ സെറ്റിൽ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇൻക്രഡുലെസ്നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു.

ട്രോളുകാർക്ക് പ്രിയപ്പെട്ടവനാണ് പൃഥ്വിരാജ് ?

ആർ.കെ. ലക്ഷ്മണിന്റെയും മറ്റും കോമിക് സ്ട്രിപ്പുകളുടെ കരുത്താണ് ചില ട്രോളുകൾക്ക്. ക്രിയേറ്റീവ് ആയവർ ചെയ്താൽ ട്രോളുകളിലൂടെ വ ലിയ സന്ദേശങ്ങൾ കൈമാറാം. എന്നാൽ നിലവാരമില്ലാത്ത ട്രോളൻമാരുടെ സൃഷ്ടികളാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്ന നിലയിൽ തരംതാഴുന്നത്. വ്യക്തിഹത്യയുടെ തലത്തിലേക്ക് മാറുമ്പോൾ ട്രോളുകൾ അസഹ്യമാകും.

എന്റെ ഇംഗ്ലിഷിനെ ട്രോളുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. പക്ഷേ, ശശി തരൂരുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതു പോലെയാകും. അത്രയും പദസ്വാധീനമൊന്നും എനിക്കില്ല. ഒരുപാട് ചിന്തിച്ച് കടുകട്ടി വാക്കുകൾ പ്രയോഗിക്കുന്നതൊന്നുമല്ല, സ്വാഭാവികമായി വരുന്നതാണ്. സിബിഎസ്ഇ സ്കൂളിലാണ് പഠിച്ചത്. പിന്നീട് സൈനിക് സ്കൂളിൽ പല ഭാഷക്കാരുടെ ഇടയിൽ. അച്ഛന് വലിയ ലൈബ്രറിയുമുണ്ടായിരുന്നു.

prithvi-lu3

മൊബൈൽ ഫോണിൽ മലയാളം ഫോണ്ട് ഡൗൺലോഡ് ചെയ്ത് ടൈപ്പ് ചെയ്യാൻ മടിയായിട്ടാണ് ഇംഗ്ലിഷിൽ പോസ്റ്റ് ഇടുന്നത്. ആലപ്പാട് വിഷയം കത്തി നിന്നപ്പോൾ ഞാൻ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരേ ഇതേ വിമർശനം ഉയർന്നു. പ ക്ഷേ, വിഷയം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു എന്റെ ശ്രമം.

സുപ്രിയയുടെ സുഹൃത്താണ് ട്വിറ്ററിന്റെ ഇന്ത്യാ മൂവ്മെന്റ് മാനേജ് ചെയ്യുന്നത്. അവർക്ക് വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ഇ മെയിലും വാർത്തകളുടെ  ലിങ്കുകളും അയച്ചു. തുടർന്ന് അവർ ഈ വിഷയം ടേക്ക് അപ് ചെയ്തു. ഇതൊന്നും അറിയാതെയാണ് പലരും കുറ്റപ്പെടുത്തുന്നത്.

എന്റെ ഇംഗ്ലിഷിനെപ്പറ്റി പറയുന്നവർ എന്താണ് മലയാളത്തെക്കുറിച്ചു പറയാത്തത്. അഭിമുഖങ്ങളിൽ നല്ല മലയാളത്തി ൽ സംസാരിക്കുന്ന ആളാണ് ഞാൻ. വീട്ടിൽ ആലിയും (മകൾ അലംകൃതയുടെ വിളിപ്പേര്) നന്നായി മലയാളം സംസാരിക്കും. അതിലിത്തിരി പാലക്കാടൻ സ്ലാങ് കൂടുതലുണ്ടോ എന്നാ സംശയം. നസ്രിയ എപ്പോഴും ചോദിക്കും, ഇവളെങ്ങനെ ഇത്ര ന ന്നായി മലയാളം സംസാരിക്കുന്നു എന്ന്.

പൃഥ്വിരാജ് സിനിമകളിലെ ‘സാത്താൻ’ ചിഹ്നങ്ങളുടെ സാന്നിധ്യം ചർച്ചയായി ?

ഞാൻ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തരത്തിൽ ചർച്ചകൾ കേട്ടു. സംഗതി സീക്രട്ട് ഗ്രൂപ് ആയതു കൊണ്ട് ‘സീക്രട്ട്’ ആയിത്തന്നെ ഇരിക്കട്ടേ (കണ്ണിറുക്കി പൊട്ടിച്ചിരിക്കുന്നു). അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകൾ ആ തീമുമായി ബന്ധപ്പെട്ടാണ്. ‘ലൂസിഫറി’ന്റെ തീം പോലും ‘സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ’ എന്ന കഥാതന്തുവിൽ നിന്നാണ്. അതുകൊണ്ടാകാം അത്തരം ചർച്ചകൾ വരുന്നത്.

പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം  എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളി ൽ പോയി പ്രാർഥിച്ചിരുന്നതിനാൽ  ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളിൽ പോകാറുണ്ട്, വീട്ടിൽ പൂജാ മുറിയിലും പ്രാർഥിക്കും. പള്ളികളിലും പോകും.

ശബരിമലയിൽ ദർശനത്തിനു പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അ ഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനു ണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതേ വിട്ടുകൂടേ. അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

സ്വന്തം ചിത്രങ്ങളിൽ സ്ത്രീവിരുദ്ധ ഡയലോഗ് ഉണ്ടാകില്ലെന്ന തീരുമാനം പ്രഖ്യാപിച്ചിരുന്നു?

കഥാപാത്രം സ്ത്രീവിരുദ്ധൻ ആണെങ്കിൽ അയാളുടെ പെരുമാറ്റത്തിലും അതു കാണാൻ സാധിക്കും. പക്ഷേ, അതാണ് ശരിയെന്ന തരത്തിൽ അവതരിപ്പിക്കാ ൻ ഞാൻ തയാറാകില്ല. അതാണ് ഹീറോയിസം എന്നും സമ്മതിച്ചു തരില്ല. ഇതെന്റെ വ്യക്തിപരമായ നിലപാട് മാത്രമാണ്.

prithvi-lu4

പിന്നെ, സിനിമയിലെ വനിതാ സംഘടന. സംഘടന രൂപീകരിച്ചപ്പോൾ സംവിധായിക അഞ്ജലി മേനോൻ വിളിച്ച് ആശംസകൾ അറിയിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിടാമോ എ ന്നു ചോദിച്ചു. ഞാൻ അങ്ങനെ ചെയ്തു. ‘അമ്മ’യിൽ സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നൊന്നും പറയാൻ എ നിക്കാവില്ല. കഴിഞ്ഞ നാലു ജനറൽ ബോഡികളിൽ പങ്കെടുക്കാൻ തിരക്കു മൂലം കഴിഞ്ഞിട്ടുമില്ല.  

ഇനി സംവിധാനം ഉടനുണ്ടോ ?

ആഗ്രഹിച്ച രീതിയിൽത്തന്നെ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പിന്തുണ വലിയ ഘടകമായിരുന്നു. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ചില രംഗങ്ങ ൾ വിഎഫ്എക്സ് ചെയ്യുന്നതല്ലേ ലാഭം എന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ, യഥാർഥത്തിൽ ഷൂട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ അംഗീകരിച്ചു. വലിയൊരു സിനിമയെന്നു പറയുമ്പോഴും എന്റെ ഡയറക്ടോറിയൽ ടീമിൽ ആറുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ആറു പേരും അസാധ്യമായി ജോലിയെടുത്തു.

നിശ്ചയിച്ച ഷെഡ്യൂളിൽ നിന്ന് ഒരു ദിവസം മാറാതെ ചിത്രം പായ്ക്കപ് ചെയ്യാൻ കഴിഞ്ഞു. എന്റെ സിനിമ പ്രേക്ഷകർക്കു മുന്നിൽ വയ്ക്കുകയാണ്. അവരാണല്ലോ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നത്. അവർ വേണ്ടെന്നു പറഞ്ഞാൽ തീർന്നു. മനസ്സിൽ ഇനിയുള്ളത് വലിയൊരു പ്രോജക്ടാണ്. അതു മലയാളത്തിൽത്തന്നെ ആകണമെന്നില്ല.

പെട്ടെന്ന് സുപ്രിയ ഇടപെട്ടു, ‘ഇനി സംവിധാനം എന്നു പറഞ്ഞിറങ്ങിയാൽ ഞാനും  ആലിയും  മുംബൈയിലേക്കു തിരിച്ചു പോകുമേ...’ എട്ടു മാസമായി വീട്ടിൽ നിന്ന് ഇറങ്ങിയിട്ട്. സ്ക്രിപ്റ്റും ചർച്ചകളുമായി എപ്പോഴും തിരക്ക്. നോക്കിയേ... തലയിലും മുഖത്തുമെല്ലാം നര വീണില്ലേ...’

ഭർത്താവ്, അച്ഛൻ എന്നീ നിലകളിൽ എന്താണ് പൃഥ്വിരാജിന്റെ ആഗ്രഹം ?

കുറച്ചു ദിവസം തിരക്കുകളില്ലാതെ ആലിയുടെ അച്ഛനായി മാത്രം വീട്ടിൽ ഇരിക്കണം (ഉത്തരം പറഞ്ഞത് സുപ്രിയയാണ്).

രാജു: സുപ്രിയ പറഞ്ഞതു നേരാണ്. ഓരോ സിനിമയ്ക്കു ശേഷവും 20 ദിവസത്തോളം കഴിഞ്ഞാണ് അടുത്ത സിനിമ കമ്മിറ്റ് ചെയ്യുക. പലപ്പോഴും സിനിമ കൃത്യം ഷെഡ്യൂളിൽ തീരില്ല. അങ്ങനെ വരുമ്പോൾ ഒരു സിനിമ കഴിഞ്ഞ് നാലഞ്ചു ദിവസത്തേ ഗ്യാപേ ലഭിക്കൂ.

ആലിക്ക് നാലു വയസ്സായി, കിന്റർ ഗാർട്ടണിലാണ്. വില്ലത്തിയാണവൾ. ഞാനുണ്ടെങ്കിൽ എന്തും സാധിക്കും എന്നവൾക്ക് അറിയാം. സുപ്രിയ കുറച്ചു കൂടി സ്ട്രിക്റ്റാണ്. സ്കൂളിൽ ആരോ പറഞ്ഞു കേട്ട് കുറേ നാളായുള്ള ആവശ്യമായിരുന്നു ഡിസ്നി വേൾഡിൽ പോണമെന്ന്. ആ ആഗ്രഹം സാധിച്ചു കൊടുത്തു. മടങ്ങിയെത്തിയതിനു ശേഷം ഞാനും സുപ്രിയയും മാത്രമായി യൂറോപ്പിലേക്കും ഒരു യാത്ര പോയി.

രാജുവിന് ‘സക്സസ്’ എന്ന വാക്കിന്റെ അർഥം?

ഇഷ്ടമുള്ള സിനിമ ചെയ്യുമ്പോൾ  ലഭിക്കുന്ന ആഹ്ലാദമുണ്ടല്ലോ. എന്നെ സംബന്ധിച്ച് അതാണ് സക്സസ്. 18 വയസ്സിൽ സിനിമയിൽ വന്നപ്പോൾ അടുപ്പമുള്ളവർ പലരും ഉപദേശിച്ചു. ‘ക്യാമറയ്ക്കു മുന്നിലല്ലാതെയും കുറച്ച് അഭിനയിക്കണം, വെട്ടിത്തുറന്ന് സംസാരിക്കുന്ന രീതിയൊന്നും വേണ്ട.’ അപ്പോൾ ഞാൻ ആലോചിച്ചത് മറ്റൊന്നാണ്. ഇപ്പോൾ അങ്ങനെ അഭിനയിച്ചാൽ അടുത്ത 50 വർഷമെങ്കിലും  അതു തുടരണം. അതിനേക്കാൾ ഭേദം ഞാനായി തന്നെ അങ്ങ്  മുന്നോട്ടു പോകുന്നതല്ലേ. ഒന്നുകിൽ ‘ഇവൻ ഇങ്ങനെയാണ്’ എന്നു പറഞ്ഞു ജനം അംഗീകരിക്കും. അല്ലെങ്കിൽ വെറുത്ത് ഒ ഴിവാക്കും. ഭാഗ്യത്തിന് അവർ എന്നെ സ്വീകരിച്ചു. 

അമ്മയുടെ ലംബോർഗിനി പരാമർശം ട്രോളൻമാർ ഏറ്റെടുത്തു?

ഞാൻ ലംബോർഗിനി വാങ്ങിയപ്പോൾ മുതൽ അമ്മ ഇടയ്ക്കിടെ വിളിച്ചു പരിഭവിക്കും, ‘എടാ മോനേ, നീ വണ്ടി വാങ്ങിയിട്ട് അമ്മ കണ്ടില്ലല്ലോ’ എന്ന്. ‘അതെങ്ങനാ അമ്മേ, അവിടത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതു കൊണ്ട് വണ്ടിയുമായി വരാൻ പറ്റില്ലല്ലോ’ എന്ന് മറുപടിയും പറയും. ഒരു ചാനലിൽ വാഹനവുമായി ബന്ധപ്പെട്ട പരിപാടിയിൽ അമ്മ വളരെ ലളിതമായ ഭാഷയിൽ ആ വിഷമം പങ്കുവച്ചതാണ്.

അമ്മയുടെ വാക്കുകൾ നെഗറ്റീവായി പ്രചരിപ്പിച്ചത് ചില മോശം ട്രോളുകാരാണ്. അതൊന്നും ഏശാത്ത ആ ളാണ് ഞാൻ. അതുകൊണ്ടതൊന്നും കാര്യമാക്കിയിട്ടുമില്ല. എന്തായാലും  ഗുണമുണ്ടായി. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് ഇപ്പോൾ ടാർ ചെയ്തു. ലംബോർഗിനിയുമായി അമ്മയുടെ അടുത്തെത്തുകയും ചെയ്തു.

സർപ്രൈസുകളുമായി ഇടയ്ക്കിടെ സുപ്രിയ ഞെട്ടിക്കാറുണ്ടല്ലേ?

അവർക്ക് അതൊക്കെ വലിയ താൽപര്യമാണ്. എനിക്ക് ജന്മദിനമൊന്നും ഓർത്തുവയ്ക്കുന്ന ശീലമില്ല. ഒരു ജന്മദിനത്തലേന്ന് കൊച്ചിയിലെ ഫ്ലാറ്റിൽ ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കുകയാണ്. കൃത്യം 12 മണി ആയപ്പോൾ കോളിങ് ബെൽ. ‘ഫൂഡ് ഡെലിവർ  ചെയ്യാൻ വന്നതാകും’ എന്നു പറഞ്ഞ് സുപ്രിയ എന്നെ പറഞ്ഞുവിട്ടു. ഡോർ തുറന്ന ഞാൻ ഞെട്ടി. ഓസ്ട്രേലിയൻ പഠന കാലത്തെ റൂം മേറ്റും സുഹൃത്തുമായ സിംഗപ്പൂർ സ്വദേശി ചുങ് വി മുന്നിൽ. നാട്ടിൽ വന്ന ശേഷം അവന്റെ വിവരമൊന്നും ഇല്ലായിരുന്നു. പ്രണയകാലത്ത് എപ്പോഴോ അവനെ പറ്റി പറഞ്ഞത് ഓർത്തുവച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് വിലാസം തപ്പിയെടുത്ത് കൊണ്ടുവന്നിരിക്കുകയാണ്.ലോകം മുഴുവൻ സുഹൃത്തുക്കളുണ്ടെന്നതാണ് സുപ്രിയ ബിബിസിയിൽ ജോലി ചെയ്തതിന്റെ ഗുണം. ലണ്ടനിൽ പോയാലും സ്പെയിനിൽ പോയാലും ഒരു വിലാസം തന്നിട്ട് പറയും, ഈ ആളെ പോയി കാണണം.