Saturday 04 May 2024 02:19 PM IST

‘വിഡിയോ കണ്ടിട്ടു ഞങ്ങൾ അടിയും പിടിയുമാണെന്നു കരുതുന്നവരുണ്ട്’: മിഥുന്റെയും ലക്ഷ്മിയുടെയും വിഡിയോകൾക്കു പിന്നിൽ

Roopa Thayabji

Sub Editor

lakshmi-menon-mithun

കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് അടുത്തയാളെ ക്ഷണിക്കുകയാണ് അവതാരകൻ മിഥുൻ രമേശ്, ‘ലെറ്റ്സ് വെൽകം മുത്തുപാണ്ടി ആൻഡ് ശെൽവമ്മാൾ ഫ്രം പോണ്ടിച്ചേരി ...’ പറഞ്ഞും തീരും മുൻപേ വിഡിയോ വാളിൽ തെളിഞ്ഞതു മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും ടിക്ടോക് വിഡിയോ. മലയാളികളെല്ലാം ആർത്തുചിരിച്ച ആ വിഡിയോ ‘പ്രാങ്കി’ൽ മിഥുനും ചിരിച്ചുപോയി.

സ്റ്റേജിൽ എന്തു സംഭവിച്ചാലും ‘കുലുങ്ങാതെ’ നിൽക്കും മിഥുൻ രമേശ്. ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ മുതൽ ആദ്യ വേദിയിലേക്കു കാലെടുത്തു വയ്ക്കുന്ന കൊച്ചു കുട്ടിയെ വരെ ‘ഡീൽ’ ചെയ്യുന്ന ആ മിടുക്കു കൊണ്ടാണ് അവതരണത്തിൽ രണ്ടു ഗിന്നസ് റെക്കോർഡുകൾ മിഥുന്റെ പേരിലായത്.

വനിതയുടെ ‘വൈറൽ’ അഭിമുഖത്തിനായി എത്തുമ്പോൾ ചിരിയെ കൂട്ടുപിടിച്ചു രണ്ടുപേർ കൂടി മിഥുനൊപ്പം വന്നു, ഭാര്യ ലക്ഷ്മി മേനോനും മകൾ തൻവിയും. ചിരിയും തമാശയും നിറഞ്ഞ ഇവരുടെ ജീവിതത്തിൽ അടുത്തിടെ നടന്ന ചില വൈറൽ സംഭവങ്ങൾ.

ഭർത്താവിനു വേണ്ടി ഭാര്യയുടെ മൊട്ടയടിച്ച സംഭവത്തിൽ തുടങ്ങാം...

മിഥുൻ: ദുബായിലെ ഹിറ്റ് എഫ്എമ്മിൽ പ്രോഗ്രാം ‍ഡയറക്ടറായി ജോലി ചെയ്യുന്നുണ്ടെങ്കിലും കിട്ടുന്ന ലീവിനു നാട്ടിലെ കുറച്ചധികം പ്രോഗ്രാമുകൾ ഒന്നിച്ചു പിടിക്കുന്ന രീതിയാണ് എനിക്കുള്ളത്. കഴിഞ്ഞ വർഷം മാർച്ചിലെ ആ ബ്രേക്കിൽ തിരുവനന്തപുരത്തും സൗദി അറേബ്യയിലും ദുബായിലും ഊട്ടിയിലും പ്രോഗ്രാം തുടർച്ചയായി ഉണ്ടായിരുന്നു.

ഊട്ടിയിൽ നിന്നു കോമഡി ഉത്സവത്തിന്റ കൊച്ചിയിലെ ഫ്ലോറിലേക്കുള്ള യാത്ര കാറിന്റെ മുൻസീറ്റിൽ കിടന്നുറങ്ങിയായിരുന്നു. ബ്രേക്കിനു ക്യാമറാമാൻ വ ന്നു ചെവിയിൽ പറഞ്ഞു, ‘കണ്ണിന്റെ ചലനത്തിൽ പ്രശ്നം ഉണ്ട്, ലെൻസിലൂടെ നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്.’ അന്നു വൈകുന്നേരം ചായ കുടിക്കുമ്പോൾ വായയുടെ വക്കിലൂടെ കുറച്ചു പുറത്തു ചാടി. ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തേക്കു പോകുന്നതിനിടെ ഒരു ഫോട്ടോ ചിഞ്ചുവിന് (ലക്ഷ്മി) അയച്ചു. അതു കണ്ടു ടെൻഷനടിച്ചു രാവിലെ തന്നെ ഡോക്ടറെ കാണണമെന്ന് അവൾ ശട്ടം കെട്ടി.

പിറ്റേന്നു ‘ജമാലിന്റെ പുഞ്ചിരി’ സിനിമയുടെ ഒരു സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞാണ് ആശുപത്രിയിലേക്കു പോയത്. കണ്ട പാടേ ഡോക്ടർ പറഞ്ഞതു, ‘സ്ട്രോക് ആണ്, മെഡിക്കൽ കോളജിലേക്കു കൊണ്ടു പോണം.’ പേടിച്ചു പോയെങ്കിലും നേരേ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു വിട്ടു. ന്യൂറോളജിസ്റ്റായ ഡോ. മാർത്താണ്ഡ പിള്ളയുടെ അടുത്തെത്തുമ്പോൾ ചാനലുകളിൽ നിന്നൊക്കെ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

പരിശോധിച്ച ശേഷം ഡോക്ടർ ആ സന്തോഷവാർത്ത പറഞ്ഞു, ‘ബെൽസ് പാൽസിയാണ്. സ്ട്രോക്ക് അല്ലേയല്ല.’ ചാനലുകാർ അതുമിതും പോസ്റ്റ് ചെയ്യുന്നതു കണ്ട് ആശുപത്രിയിൽ വച്ചു ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു. 15 ദിവസം രോഗത്തിന്റെ സങ്കീർണതകളുമായി ആശുപത്രിയിൽ കിടന്നപ്പോഴാണു വഴിപാടായി തല മൊട്ടയടിക്കാമെന്നു ലക്ഷ്മി പ്രാർഥിച്ചത്.

ലക്ഷ്മി: ബെൽസ് പാൽസി അത്ര നിസ്സാരമൊന്നുമല്ല. ചെവിയും വായും തമ്മിൽ ബന്ധിപ്പിക്കുന്ന വെയ്ൻ ചില സ ങ്കീർണതകൾ കൊണ്ടു ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ്. മുഖത്തിന്റെ വലതുവശം കോടിയതു പോലെയായി. സംസാരിക്കാനും ചിരിക്കാനുമൊക്കെ ബുദ്ധിമുട്ട്.

ചുരുങ്ങിപ്പോയ വെയ്ൻ തിരികെ പഴയതു പോലെ ആ ക്കിയെടുക്കാൻ പ്രയാസമാണ്, ഓരോ മണിക്കൂർ ഇടവിട്ടു മസാജ് ചെയ്യണം. വെയ്നിൽ ചെറിയ ഷോക്ക് കൊടുക്കുന്നതു പോലെയുള്ള ഇലക്ട്രോഡ് തെറപി ഉണ്ട്, ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ അതു പഠിച്ചു.

mithun-ramesh-1

ഇതൊക്കെ കുറച്ച് ഓവറല്ലേ എന്നു ചോദിച്ചവരും ഉണ്ടോ ?

മിഥുൻ: അസുഖമൊക്കെ മാറിയ പിറകേ ഞങ്ങളെല്ലാം കൂ ടി തിരുപ്പതിയിൽ പോയി തല മൊട്ടയടിച്ചു. എനിക്കു വേണ്ടി അവൾ ചെയ്ത ഏറ്റവും വലിയ കാര്യമായി തോന്നിയതു കൊണ്ടാണു ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടത്.

ലക്ഷ്മി: മുടി എടുത്ത കാര്യം രഹസ്യമാക്കി വയ്ക്കാനാണു ഞാൻ പ്ലാൻ ചെയ്തത്. തിരുപ്പതിയിലേക്കു പോകും മുൻപേ തന്നെ നാലഞ്ചു വിഗ്ഗുകളും വാങ്ങി. ഓവറല്ലേ എ ന്നു ചോദിക്കുന്നവർക്കു മറുപടിയായി കുറച്ചുകൂടി ഓവറായി വിഡിയോ ഇടാനാണിഷ്ടം. വിഗ് വച്ചും വിഗ് ഇല്ലാതെയും ഇപ്പോൾ വിഡിയോ പോസ്റ്റ് ചെയ്യും.

സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരെ മൈൻഡ് ചെയ്യാറില്ല. അവരെ നമ്മൾ ഉപദേശിക്കാൻ നിൽക്കരുത്, എങ്ങാനും നന്നായിപ്പോയാലോ?

mithun-3

സിനിമാമോഹം മനസ്സിലെത്തിയത് എങ്ങനെ ?

മിഥുൻ: അച്ഛൻ രമേശ് പൊലീസിലായിരുന്നു. തിരുവനന്തപുരത്തു മെഡിക്കൽ കോളജിനടുത്തുള്ള വീട്ടിലാണു അച്ഛനും അമ്മ ഷീലയും ഞാനും അനിയൻ നിതിനുമൊക്കെ താമസിച്ചിരുന്നത്. ട്രിവാൻഡ്രം ക്ലബിൽ മെമ്പറായിരുന്നു അച്ഛൻ. േവണു നാഗവള്ളിയും ബാലചന്ദ്രമേനോനുമൊക്കെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു.

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം. തച്ചോളി വർഗീസ് ചേകവർ സിനിമ റിലീസായ പിറകേ ക്ലബ്ബിൽ നടന്ന പരിപാടിയിൽ വച്ചു ലാലേട്ടനെ കണ്ടു, ഷേക് ഹാൻഡ് കൊടുത്തു. ആ മാജിക്കാണ് എന്നെ നടനാക്കിയത്. അന്നേ കടുത്ത മോഹൻലാൽ ഫാനാണ്. കോളേജു കാലത്തു ബൈക്കിൽ പോകുമ്പോൾ പോലും ചരിഞ്ഞിരിക്കുമായിരുന്നു.

അച്ഛന്റെ സുഹൃത്തായ പി.സി. സോമൻ സാറാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിർത്തിയത്. എസ്എസ്എൽസി പാഠഭാഗങ്ങൾ ചിത്രീകരിക്കുന്ന വിദ്യ സീരിസിൽ ധർമരാജയുടെ കുട്ടിക്കാലം അഭിനയിക്കാൻ.

മൈക്കിനു മുന്നിലെ ആദ്യത്തെ ഓർമ പറയാമോ ?

കുടുംബസംഗമത്തിനും മറ്റും അച്ഛനാണു ഹോസ്റ്റ്. ഓരോരുത്തരെയും സ്റ്റേജിലേക്കു വിളിക്കുന്നതു തമാശയൊക്കെ പറഞ്ഞു കളിയാക്കിയാകും. ലയോള സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ പ്രസംഗിച്ചത്.

പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി കലോത്സവത്തിനു സ്കിറ്റിൽ സമ്മാനം കിട്ടിയിട്ടുണ്ട്. അങ്ങനെ ചാനലുകളിൽ പരിപാടി അവതരിപ്പിക്കാൻ തുടങ്ങി. നടി അഭിരാമി സിനിമയിൽ അഭിനയിച്ച സമയം. കോളജിൽ ജൂനിയറായ അഭിരാമിയുടെ ഇന്റർവ്യൂ എടുക്കാനായി എന്നെ വിളിച്ചു. സുഹൃത്തുക്കൾ തമ്മിൽ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുന്ന രീതിയിലുള്ള ആ ചാറ്റ് ഹിറ്റായി. ആ കട്ടിങ്ങുകളൊക്കെ വച്ചാണു ഫാസിൽ സാറിനു ചാൻസ് ചോദിച്ചു കത്തയച്ചത്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ലൂടെ ക്യാമറയ്ക്കു മുന്നിലെത്തി. ഡബ്ബിങും ചെയ്തിട്ടുണ്ട്.

റൺവേയും വെട്ടവും ഹിറ്റായിട്ടും ദുബായിലേക്കു ചേക്കേറി?

മിഥുൻ: ഇപ്പോഴും ആളുകൾ മെസേജ് അയക്കും, 30 ലക്ഷം രൂപയ്ക്കു വേണ്ടി കാമുകിയെ വിട്ടു കളഞ്ഞല്ലോ... സിനിമകൾ ഹിറ്റായി ഓടിയ ആ സമയത്തു ജീവിതത്തിൽ ചില സംഭവങ്ങളൊക്കെ നടന്നു. ഡിവൈഎസ്പിയായി ജോലി ചെയ്യുന്നതിനിടെ അച്ഛൻ പെട്ടെന്നു മരിച്ചു. ‍ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുകയാണ്. സിനിമയും സീരിയലും ഡബ്ബിങ്ങുമുണ്ട്. സീരിയലിനു ഡെയ്‍ലി പേമെന്റാണ്, കാശ് അമ്മയെ ഏൽപ്പിക്കും.

mithun-ramesh-2

അച്ഛന്റെ ജോലി എനിക്കു കിട്ടിയെങ്കിലും അപ്പോഴേക്കും ഏഷ്യയിലെ ആദ്യ മലയാളം എഫ്എമ്മായ ഹിറ്റ് എഫ്എമ്മിൽ ദുബായിൽ ജോലി ശരിയായിരുന്നു. ഒരു ദിവസം ഡ്യൂട്ടി ചെയ്ത ശേഷം ലീവെടുത്തു. കല്യാണം ഉറപ്പിച്ച ശേഷമാണു സർക്കാർ ജോലി രാജിവച്ചത്. ആ തീരുമാനം തെറ്റായില്ല എന്നാണു കാലം തെളിയിച്ചത്. അഞ്ചു വർഷം മുൻപു ദുബായിൽ സ്വന്തം വീടു വാങ്ങി.

ദുബായിൽ വച്ചാണു ‍ഞങ്ങൾ ആദ്യം കണ്ടത്, ഞാ ൻ ഹോസ്റ്റ് ചെയ്യുന്ന ഒരു സ്റ്റേജ് ഷോയിൽ വച്ച്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു, അല്ലേ ചിഞ്ചൂ...

ലക്ഷ്മി: എന്റെ സ്വന്തം നാട് തൃശൂരാണ്. അമ്മ സുചേത മേനോനു ദുബായിൽ ജോലി കിട്ടിയതു കൊണ്ടാണു പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ ഇവിടേക്കു വന്നത്. അടിപൊളിയായി ഷോ ചെയ്യുന്ന ചേട്ടനെ കണ്ടപ്പോഴേ ഇഷ്ടമായി. ഡേറ്റിങ് തുടങ്ങിയപ്പോൾ തന്നെ വീട്ടിൽ അറിഞ്ഞു. പിന്നെ, എല്ലാം പെട്ടെന്നായിരുന്നു.

പരസ്പരം ‘കൊണ്ടും കൊടുത്തുമുള്ള’ ലക്ഷ്മിയുടെ വിഡിയോകളെല്ലാം വൈറലാണ്...

ലക്ഷ്മി: 10 വർഷമായി വിഡിയോ ചെയ്യുന്നു. ലോക്ഡൗ ൺ കാലത്ത് ഇങ്ങോട്ടു ചാൻസ് ചോദിച്ചാണു മിഥുൻ ചേട്ടൻ വിഡിയോയിൽ വന്നത്. തൻവിയാണു വീട്ടിലെ ‘ഡിമാ ൻഡുള്ള’ താരം. അഭിനയിക്കണമെങ്കിൽ മുൻകൂർ പേയ്മെന്റ് കൊടുക്കണം. ഞങ്ങളുടെ അമ്മിണി പട്ടിയും ഷമ്മു പൂച്ചയും വരെ അഭിനേതാക്കളാണ്.

മിഥുൻ: വിഡിയോ കണ്ടിട്ടു ഞങ്ങൾ അടിയും പിടിയുമാണെന്നു കരുതുന്നവരുണ്ട്, അങ്ങനെയല്ല കേട്ടോ.

സിനിമ, ടിവി, സ്റ്റേജ്, റേഡിയോ... പല മേഖലകളിൽ തിളങ്ങുമ്പോഴും ഇഷ്ടം കൂടുതൽ ഏതിനോടാണ് ?

തുടർച്ചയായി 84 മണിക്കൂർ റേഡിയോ ഷോ ചെയ്തതിനാണ് ആദ്യം ഗിന്നസ് റെക്കോർഡ് കിട്ടിയത്. 14 മണിക്കൂർ കൊണ്ടു തുടർച്ചയായി 1185 ആർട്ടിസ്റ്റുകളെ ഒരു സ്റ്റേജിൽ അവതരിപ്പിച്ചതിനു കോമഡി ഉത്സവത്തിന്റെ പേരിലാണ് അടുത്ത ഗിന്നസ് റെക്കോർഡ്.

സിനിമാ ഇൻഡസ്ട്രിയിൽ 20 വർഷം ആഗ്രഹത്തോടെ വർക് ചെയ്തിട്ടും കോമഡി ഉത്സവത്തിനു ശേഷമാണു ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു സ്റ്റേജ് ഷോകൾക്ക് അവസരം വന്നത്.

ജോലി ചെയ്യാവുന്ന അത്രയും ജോലി ചെയ്യുക, എൻജോയ് ചെയ്യുക എന്നതാണു പോളിസി. ചിരിക്കുമ്പോഴും ചിരി കാണുമ്പോഴും കിട്ടുന്ന ഒരു എനർജിയുണ്ട്. അതാണെന്റെ ജീവൻ ടോൺ.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ലൊക്കേഷൻ: Marriott, കൊച്ചി