Monday 03 January 2022 12:48 PM IST

‘അടുത്ത ശ്വാസമെടുക്കാൻ ജീവിച്ചിരിക്കുമോ എന്നുവരെ തോന്നിപ്പോയ നിമിഷങ്ങൾ’: ഷാജുവിനെ കാത്തിരിക്കുന്ന സന്തോഷം

Roopa Thayabji

Sub Editor

shaju-s

വർഷങ്ങൾക്കു മുൻപാണ്. സ്റ്റേജുകൾ തോ റും മോഹൻലാലിനെ അനുകരിച്ച് കയ്യടി നേ ടി നടക്കുന്നതിനിടെ ഷാജുവിന് വീട്ടുകാർ അ ന്ത്യശാസനം നൽകി, ‘വല്ലപ്പോഴും മാത്രം വരുമാനം കിട്ടുന്ന മിമിക്രിയുടെ പിന്നാലെ നടന്ന് ഇനിയും ജീവിതം പാഴാക്കാൻ പറ്റില്ല. വല്ല കംപ്യൂട്ടർ കോഴ്സും പഠിച്ച് ഗൾഫിനു വിമാനം കയറിക്കോളണം.’ എല്ലാം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഷാജുവിനെ തേടി സിനിമയിൽ നിന്നു വിളി യെത്തി. അതു ദൈവത്തിന്റെ വിളിയായിരുന്നു, അങ്ങനെ ഷാജു ശ്രീധർ സിനിമാനടനായി. സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ സന്തോഷത്തിനൊപ്പം മറ്റൊരു ഹാപ്പി ന്യൂസ് കൂടി പാലക്കാട്ടെ ‘ശ്രീനന്ദനം’ വീടിനു പറയാനുണ്ട്. ഷാജുവിന്റെയും ചാന്ദ്നിയുടെയും മൂത്ത മകൾ നന്ദന സിനിമയിൽ നായികയാകുന്നു.

അച്ഛന്റെയും അമ്മയുടെയും വഴിയേ രണ്ടു മക്കളും സിനിമയിലെത്തിയതിന്റെ സന്തോഷം തെല്ലും മറയ്ക്കാതെയാണ് ഷാജു പറഞ്ഞു തുടങ്ങിയത്. ‘‘മിമിക്രി കളിച്ചു നടന്ന കാലത്ത് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെന്നായിരുന്നു ഏറ്റവും വലിയ മോഹം. ആ ഞാൻ സിനിമകളിലും സീരിയലുകളിലും നായകനായി 25 വർഷം പിന്നിട്ടു. സിനിമയിലെ നായികയെ ജീവിതത്തിലും നായി കയാക്കി. ഇപ്പോൾ രണ്ടു മക്കളും സിനിമയിൽ.

നഷ്ടങ്ങളെ കുറിച്ച് ഓർക്കാൻ ഇഷ്ടമില്ല. കിട്ടിയതെല്ലാം ബോണസാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചനടക്കം അന്യഭാഷാ സൂപ്പർസ്റ്റാറുകൾക്കൊപ്പം പരസ്യത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം വരെയുണ്ടായി. ഈ വർഷം റിലീസാകാനുള്ള ‘തീർപ്പി’ലാണ് കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം.’’

ഭാര്യ ചാന്ദ്നിയും മക്കളായ നന്ദനയും നീലാഞ്ജനയും ഷാജു പറയുന്നതു കേട്ടിരുന്നു.

മിമിക്രിയിൽ നിന്നാണ് തുടക്കം. ആ കാലം ഓർക്കാറുണ്ടോ ?

പാലക്കാട് മുണ്ടൂരാണ് എന്റെ ഗ്രാമം. നാട്ടിലെ മിക്കവാറും എല്ലാ അമ്പലങ്ങളിലും അൻപതു രൂപ ശമ്പളത്തിന് പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ, വിനോദ്, രവി, ജയകൃഷ്ണൻ... സൂപ്പർ ജോക്കേഴ്സ് എന്ന ഞങ്ങളുടെ ട്രൂപ്പിനു പുറമേ നാദം ഓർക്കസ്ട്രയിലും മിമിക്രി കളിക്കാൻ പോകും. സംഗീതസംവിധായകൻ ശ്രീറാം ഒക്കെ ആ ഓർക്കസ്ട്രയിലെ താരമായിരുന്നു. അമ്പലപ്പറമ്പിൽ ചെന്നിറങ്ങിയാൽ ബോക്സും മൈക്കും സെറ്റ് ചെയ്യുന്നതടക്കം എല്ലാ ജോലികളും രസത്തോടെ ചെയ്യും.

ഒരു ഓണക്കാലത്ത് കസെറ്റ് റിക്കോർഡ് ചെയ്യാനായി കൊച്ചിയിലെ സ്റ്റുഡിയോയിൽ പോയി. മോഹൻലാലിന്റെ ശബ്ദമാണ് എന്റെ മാസ്റ്റർപീസ്. സ്റ്റുഡിയോയിൽ എന്റെ അനുകരണം കേട്ട ജീവൻ നാസർ അദ്ദേഹത്തിന്റെ ട്രൂപ്പിലേക്കു വിളിച്ചു. അങ്ങനെ കൊച്ചിയായി തട്ടകം. എവിടെയായാലും സീസണ്‍ കഴിഞ്ഞാൽ പ്രോഗ്രാമുണ്ടാകില്ല. പിന്നെ, ആകെ ബുദ്ധിമുട്ടാണ്. ആ കാലത്താണ് വീട്ടുകാർ എല്ലാം നിർത്തണമെന്ന അന്ത്യശാസനം നൽകിയത്. അതോടെ നാട്ടിലേക്കു തിരിച്ചുപോയി.

ഗൾഫിലേക്കു പറക്കാനിരുന്ന ആളെയാണ് സിനിമ വിളിച്ചത് ?

നാട്ടിൽ കംപ്യൂട്ടർ കോഴ്സിനു ചേർന്നെങ്കിലും പാരഡി ക സെറ്റുകളിൽ ലാലേട്ടന്റെ ശബ്ദം ചെയ്യാൻ പതിവായി പലരും വിളിക്കുമായിരുന്നു. അങ്ങനെയിരിക്കെ ‘വാർധക്യപുരാണം’ എന്ന സിനിമയിൽ അബി, ലാലേട്ടനെ അനുകരിക്കുന്ന സീനിൽ ഡബ് ചെയ്യാൻ അവസരം കിട്ടി. അതോടെ സിനിമാമോഹം മനസ്സിൽ കയറിക്കൂടി. അങ്ങനെയാണ് ‘മിമിക്സ് ആക്‌ഷൻ 500’ എന്ന ഒരുപാടു നായകന്മാരുള്ള സിനിമയിലെ ഒരു നായകനാകാൻ ചാൻസ് കിട്ടിയത്.

വലിയ ആവേശത്തോടെയാണ് ആ സിനിമ ചെയ്തതെങ്കിലും അതിനു പിന്നിൽ മറ്റൊരു ദുഃഖം ഉണ്ട്. ആ സിനിമയടക്കം ആദ്യത്തെ മൂന്നുനാലു സിനിമകൾക്ക് പ്രതിഫലമൊന്നും കിട്ടിയിട്ടേയില്ല. ഭക്ഷണവും താമസവും അറേഞ്ച് ചെയ്യും. സിനിമയോടുള്ള ഇഷ്ടം കൊണ്ട് അറിഞ്ഞ് എന്തെങ്കിലും തന്നാൽ വാങ്ങാം എന്നായിരുന്നു എന്റെ മനസ്സിലും.

സിനിമകൾ ഹിറ്റ് ആയതോടെ നാട്ടിലൊക്കെ സിനിമാനായകൻ എന്ന പരിവേഷം വന്നു. എന്റെ തലയുള്ള പോസ്റ്ററിനു മുന്നിലൂടെ, ‘ദേ കണ്ടില്ലേ...’ എന്ന മട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതായിരുന്നു അന്നത്തെ ഹരം. ആ ളുകൾ തിരിച്ചറിയുന്നുണ്ടോ എന്ന് ഇടയ്ക്കിടെ കണ്ണുകൾ തേടും. സിനിമയിൽ നിന്നു കാര്യമായ വരുമാനം ഉണ്ടായില്ലെങ്കിലും മറ്റൊരു ഗുണമുണ്ടായി. സിനിമാനടൻ അവതരിപ്പിക്കുന്ന മിമിക്രിക്ക് നല്ല പ്രതിഫലം കിട്ടി. പിന്നെ, പ്രഗത്ഭരായ നടന്മാർ നരേന്ദ്രപ്രസാദ് സാർ, രാജൻ പി. ദേവ് സാർ, പപ്പു ചേട്ടൻ, ജഗതി ചേട്ടൻ തുടങ്ങി കുറേ പേരുടെയൊപ്പം നിന്ന് അഭിനയം കാണാനും പഠിക്കാനും പറ്റി.

നായകനും കൊമേഡിയനുമായി തിളങ്ങിയ കാലത്തു തന്നെ സീരിയലിലേക്കു കളം മാറി ?

30 സിനിമകളിൽ നായകനും ഉപനായകനുമായ ശേഷമാണ് സീരിയലിലേക്കു മാറിയത്. സീരിയലിൽ സിനിമയുടെയത്ര ഇല്ലെങ്കിലും കൃത്യമായി പ്രതിഫലം കിട്ടും. പിന്നെ, സിനിമയിൽ റോളുകൾ തിരഞ്ഞെടുക്കുന്നതെങ്ങനെ എ ന്നൊന്നും പറഞ്ഞു തരാനും ആരുമില്ലായിരുന്നു.

ലാലേട്ടന്റെ ശബ്ദം അനുകരിച്ചിരുന്നത് ഗുണവും ദോഷവുമായിട്ടുണ്ട്. ആ ശബ്ദമാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. പക്ഷേ, അഭിനയിക്കുമ്പോഴും ലാലേട്ടൻ കടന്നുവരുന്നു എന്നു പറഞ്ഞ് പലരും പിന്നീട് വിമർശിച്ചു. സീരിയലിലേക്കു കളം മാറ്റിയതോടെ ആ അപവാദവും നിന്നു. പിന്നെ, സീരിയലാണല്ലോ എനിക്ക് ചാന്ദ്നിയെ തന്നത്. സീരിയലിലും ഇനി ചെയ്യാനൊന്നുമില്ല എന്നു വന്നതോടെ വീണ്ടും സിനിമയിലേക്ക്. അപ്പോഴേക്കും സ്വഭാവറോളുകൾ കിട്ടിത്തുടങ്ങി. ‘തീർപ്പും’ ‘കുറുപ്പു’മൊക്കെയാണ് റിലീസാകാനുള്ളത്. ‘പ്രിയൻ ഓട്ടത്തിലാണ്’, ‘അർധരാത്രിയിലെ കുട’ തുടങ്ങി കുറേ സിനിമകൾ ഷൂട്ടിങ് കഴിഞ്ഞു.

പ്രണയകാലത്തെ കുറിച്ച് മക്കളോടു പറഞ്ഞിട്ടുണ്ടോ ?

ഷാജു: അവർ കുട്ടിക്കാലം മുതലേ എല്ലാം കേട്ടാണ് വളരുന്നത്. അതൊന്നും മറച്ചുവച്ചിട്ട് കാര്യമില്ലല്ലോ. പക്ഷേ, ചില കഥകളൊക്കെ എഡിറ്റ് ചെയ്യും. അവരെങ്ങാനും അതുകേട്ട് ത്രില്ലടിച്ചു പ്രേമിക്കാൻ പോയാലോ...

ചാന്ദ്നി: സീരിയലിൽ നായികയും നായകനുമായ കാലത്താണ് ഞങ്ങൾ അടുപ്പത്തിലായത്. അന്നത്തെ ഒരു സീരിയലിൽ ഞങ്ങൾ വിവാഹിതരാകുന്നുണ്ട്. ആദ്യരാത്രി പാലുമായി വരുന്ന രംഗത്ത്, പാൽ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടൻ എന്റെ കയ്യിൽ ഉമ്മ വയ്ക്കും. കുറേ ടേക്ക് എടുത്തിട്ടും അതു ശരിയാകുന്നില്ല. ഓരോ ഉമ്മ കിട്ടുമ്പോഴും എനിക്കു മനസ്സിലാകുന്നുണ്ട് ടേക്ക് ഓക്കെ അല്ലാതാക്കുന്നത് ചേട്ടന്റെ നമ്പരാണെന്ന്. പക്ഷേ, സംവിധായകനടക്കം ആർക്കും അതൊന്നും മനസ്സിലായില്ല.

ഒളിച്ചോട്ടവും വിവാഹവുമൊക്കെ ഭൂകമ്പമുണ്ടാക്കിയോ ?

ഷാജു: വലിയ ഭൂകമ്പമാകുമെന്നു കരുതിയാണ് എല്ലാം പ്ലാൻ ചെയ്തത്. പ്രണയത്തിലാണെന്ന് വീട്ടുകാർ അറിഞ്ഞതോടെ ഞങ്ങൾക്ക് ഒന്നിച്ച് സെറ്റിൽ പോലും കയറാൻ പറ്റില്ലെന്ന മട്ടിലായി കാര്യങ്ങൾ. ആയിടയ്ക്ക് എനിക്കൊരു വിദേശ ഷോ വന്നു. അതിൽ ചാന്ദ്നിയെ കൂടി ഉൾപ്പെടുത്താൻ സംഘാടകരെ കൊണ്ടു സമ്മതിപ്പിച്ചു. ഷോയ്ക്കു കുറച്ചു ദിവസം മുൻപ് പാലക്കാടു നിന്ന് കൊച്ചിയിൽ വന്ന് ചാന്ദ്നിയെ കടത്തി. തിരികെ പോകും വഴി അമ്പലത്തിൽ വച്ച് മാലയിടലും റജിസ്റ്റർ വിവാഹവും. പത്രക്കാരെ വിളിച്ച് ഞങ്ങൾ വിവാഹിതരായി എന്നും അറിയിച്ചു. വീട്ടുകാരുടെ എതിർപ്പുകൾ അതുവരെയേ ഉണ്ടായുള്ളൂ. പിന്നാലെ പാലക്കാടും കൊച്ചിയിലും റിസപ്ഷൻ നടത്തി.

വിവാഹശേഷം അഭിനയിക്കേണ്ട എന്നത് ചാന്ദ്നിയുടെ കൂടി തീരുമാനമായിരുന്നു. ഈയിടെ ഒരു ജ്വല്ലറി പരസ്യത്തിൽ നായികയുടെ അമ്മ വേഷത്തിലേക്കും വിളിച്ചു. പക്ഷേ, സ്വീകരിച്ചില്ല.

ചാന്ദ്നി: അച്ഛനും ദിവ്യാഉണ്ണിയുടെ അച്ഛൻ ഉണ്ണിയങ്കിളും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഒരിക്കൽ ഉണ്ണി അങ്കിളിന്റെ വീട്ടിൽ ചെന്നപ്പോൾ സീരിയൽ ഷൂട്ടിങ് നടക്കുന്നു. എന്നോട് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചു. ഒഴിഞ്ഞു മാറിയെങ്കിലും ഉണ്ണിയങ്കിൾ നിർബന്ധിച്ച് സ്ക്രീൻ ടെസ്റ്റ് ചെയ്യിച്ചു. അദ്ദേഹമാണ് എന്നെ ക്യാമറയുടെ മുന്നിലെത്തിച്ചത്. അന്നു ദിവ്യ ഉണ്ണി ബാലതാരമായി അഭിനയിക്കുന്നേയുള്ളൂ. അഭിനയം നിർത്തിയ വിവരം അറിഞ്ഞപ്പോഴും ഉണ്ണിയങ്കിൾ വിളിച്ചിരുന്നു, അങ്ങനെയൊന്നും തീരുമാനിക്കരുത് എന്നു പറയാൻ. ഇനി ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ പറ്റില്ലെന്ന തോന്നലാണ്. അച്ഛനും മക്കളും കൂടി ടിക്ടോക് വിഡിയോ എടുക്കുമ്പോൾ പോലും ആ വഴിക്കു പോകാറില്ല.

മക്കളുടെ അഭിനയം കണ്ടപ്പോൾ എന്തുതോന്നി ?

ഷാജു: മക്കളുടെ കൂടെ ചെയ്ത ഒരു ടിക്ടോക് വിഡിയോ വാട്സ്ആപ് സ്റ്റാറ്റസ് ആക്കിയിരുന്നു. അതുകണ്ടിട്ടാണ് അനൂപ് മേനോൻ സംവിധാനം ചെയ്ത ‘കിങ് ഫിഷി’ലേക്ക് നീലുവിനെ വിളിച്ചത്. പിന്നെ, കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ.’ ‘അയ്യപ്പനും കോശിയി’ലും പൃഥ്വിരാജിന്റെ മകളായി അഭിനയിച്ചതോടെ അവൾക്കു സ്റ്റാർഡം വന്നെന്നു തോന്നുന്നു. ടിക്ടോക് ചെയ്യുമ്പോൾ ‘അച്ഛന്റെ ടൈമിങ് ശരിയല്ല’ എന്നൊക്കെ പറഞ്ഞ് ചൂടാകും.

നന്ദന മോണോആക്ടിലും നാടോടി നൃത്തത്തിലുമൊക്കെ സംസ്ഥാന തലത്തിൽ സമ്മാനം വാങ്ങിയിട്ടുണ്ട്. അവളുടെ കൂടെ ഒരു ഷോർട് ഫിലിമിൽ അഭിനയിച്ചിരുന്നു, അച്ഛനായി തന്നെ. അവൾ നായികയാകുന്ന ‘സ്റ്റാൻഡേർ‍‍ഡ് 10 ഇ 99 ബാച്ചി’ന്റെ ഷൂട്ടിങ് കഴിഞ്ഞു. ആദ്യ ഷോട്ടൊക്കെ ഒറ്റ ടേക്കിൽ ഓക്കെയാക്കി. അവൾ തന്നെയാണ് ഡബ് ചെയ്തതും. ‘അഭിനയം പാഷനാകുമ്പോൾ പഠിത്തം വിട്ടുകളയരുത്. സിനിമ ശാശ്വതമല്ല, നിൽക്കുന്ന കാലത്തോളം ഡെഡിക്കേറ്റഡ് ആയിരിക്കണം, മറ്റുള്ളവരെ ബഹുമാനിക്കണം ’ എന്നൊക്കെ രണ്ടാളോടും പ റഞ്ഞു കൊടുത്തിട്ടുണ്ട്.

ചാന്ദ്നി: ‘കിങ്ഫിഷി’ൽ അഭിനയിക്കാൻ തുള്ളിച്ചാടിയാണ് നീലു പോയത്. ഒരു മുറിയിൽ വച്ചാണ് ആദ്യത്തെ ഷോട്ട്. മുറിയിൽ അനൂപ് മേനോനും മോളും മാത്രം. ലൈറ്റ്സ് ഓൺ, ക്യാമറ റോളിങ്, ആക്‌ഷൻ പറഞ്ഞപ്പോഴേക്കും ഒറ്റക്കരച്ചിൽ, ‘അച്ഛാ...’ പിന്നെ ഞങ്ങളൊക്കെ ചെന്ന് സമാധാനിപ്പിച്ച ശേഷമാണ് ടേക് ഓക്കെയായത്.

ഇതിനിടെ കോവിഡും വന്നു ?

ചാന്ദ്നി: കഴിഞ്ഞ നവംബറിലാണത്. ഷാജു ചേട്ടന് ഷൂട്ടിങ് കഴിഞ്ഞു വന്നപ്പോഴേ ചെറിയ ശരീരവേദന. ലോങ് ഡ്രൈവ് മൂലം ആണെന്നാണ് കരുതിയത്. എനിക്ക് സൈനസൈറ്റിസിന്റെ പ്രശ്നമുള്ളതു കൊണ്ട് ഇടയ്ക്കിടെ തലവേദന പതിവാണ്. അന്നു ‍ഡാൻസ് ക്ലാസ് എടുക്കുന്നതിനിടെ ഒട്ടും സ്റ്റെപ് വയ്ക്കാൻ പറ്റുന്നില്ല. ടെസ്റ്റ് ചെയ്തപ്പോൾ നാലുപേരും പോസിറ്റീവ്.

നമ്മൾ പോസിറ്റീവായപ്പോൾ ചുറ്റുമുള്ളവരുടെ നെഗറ്റീവ് സ്വഭാവം പുറത്തുവന്നു. വിളിക്കുന്നവരൊക്കെ രോഗത്തിന്റെ സങ്കീർണതകൾ പറഞ്ഞു പേടിപ്പിക്കും. അടുത്ത ശ്വാസമെടുക്കാൻ ജീവിച്ചിരിക്കുമോ എന്നു വരെ തോന്നിപ്പോകും. ഷാജു ചേട്ടന്റെ അച്ഛനും അമ്മയും പോസിറ്റീവായെങ്കിലും ആർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.

സിനിമാക്കാർ കൊച്ചിയിലും സീരിയലുകാർ തിരുവനന്തപുരത്തും നിന്നിട്ടും ഷാജുവും കുടുംബവും പാലക്കാടു തന്നെ ?

പാലക്കാടിന് അടുത്തുള്ള ഒറ്റപ്പാലമാണ് അന്ന് സിനിമയുടെ ഹബ്. പക്ഷേ, ഒരു ഷൂട്ടിങ് പോലും കാണാൻ പോയിട്ടില്ല. പാലക്കാടും ഒറ്റപ്പാലവും ലൊക്കേഷനുള്ള സിനിമകളിൽ എനിക്ക് ചാൻസ് വരാറില്ല ഇപ്പോഴും. വിവാഹം കഴിച്ചു വന്നപ്പോൾ ചാന്ദ്നി ഇവിടെ അഡ്ജസ്റ്റ് ചെയ്യുമോ എന്നായിരുന്നു പേടി. കൊച്ചിയിൽ ലുലു യൂസഫലിയൊക്കെ അവളുടെ അയൽക്കാരാണ്. പക്ഷേ, നാടിന്റെ ലാളിത്യം അറിഞ്ഞു മക്കൾ വളരട്ടെ എന്നാണ് അവൾ പറഞ്ഞത്.

നന്ദന ബെംഗളൂരുവിൽ എംഎസ്‍സി ബയോടെക്നോളജി പഠിക്കുകയാണ്. നീലാഞ്ജന പാലക്കാട് ലയൺസ് സ്കൂളിൽ അഞ്ചാം ക്ലാസിലും. ഇപ്പോൾ കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ