Saturday 15 December 2018 11:18 AM IST

വിഹാന്റെ മുന്നിൽ വിനയ് വളരെ സിംപിളാണ്, അഭിനയത്തിൽ പവർഫുളും; അഭിമുഖം

Roopa Thayabji

Sub Editor

vinay01
ഫോട്ടോ: ശ്യാം ബാബു ലൊക്കേഷൻ: പെപ്പർ ഹൗസ് റസ്റ്ററന്റ്, ഫോർട്ട് കൊച്ചി.

വിനയ് കുമാറെന്ന പഴയ സ്കൂൾ കുട്ടിയോടു പലരും ചോ ദിച്ചിട്ടുണ്ടത്രേ, കുരുത്തംകെട്ട നിനക്കാരാ ഈ പേരിട്ടതെന്ന്. ഈ ചോദ്യം തന്റെ മകനോട് ആരും ചോദിക്കാൻ പാടില്ലെന്ന നിർബന്ധം കൊണ്ടാണ് വിനയ് മകന് ‘വിഹാൻ ആസാദ്’ എന്നു പേരിട്ടത്. സൂര്യന്റെ ആദ്യകിരണങ്ങളെന്നാണ് വിഹാൻ എന്ന വാക്കിന്റെ അർഥം, ആസാദ് എന്നാൽ സ്വാതന്ത്ര്യമാണ്, വിഹായസ് എന്നാല്‍  ആകാശം എന്നും. വിലക്കുകളില്ലാതെ മകനെ വളർത്താനുള്ള ഒരു അച്ഛന്റെ മോഹം മാത്രമല്ല, അതിർത്തികൾ വയ്ക്കുന്ന നിലപാടുകളോടുള്ള ഒരു സാധാരണക്കാരന്റെ കലഹം കൂടിയാണ് ഈ പേരിനു പിന്നിൽ.

സിനിമകളുടെ എണ്ണം ഹാഫ് സെഞ്ചുറി തികയ്ക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് വിനയ് ഫോർട്ട് അഭിമുഖത്തിനെത്തിയത്. റസ്റ്ററന്റിലെ പുൽത്തകിടിയിൽ ഓടിനടക്കുന്ന വിഹാനെക്കുറിച്ചു തന്നെ സംസാരിച്ചു തുടങ്ങി. ‘‘പഠിക്കാൻ അത്ര മിടുക്കനല്ലാത്തതിനാലാണ് പണ്ടെനിക്ക് ആ ചോദ്യം നേരിടേണ്ടി വന്നത്. നാടകവും  അഭിനയവുമായി മറ്റൊരു വഴിയിലൂടെ പോകാനായിരുന്നു എനിക്കിഷ്ടം. അന്നും ഇന്നും എന്റെ ഇഷ്ടത്തിനു അച്ഛനും അമ്മയും കൂടെ നിന്നു. അങ്ങനെ എന്റെ മോനെയും വളർത്തണം, അതാണ് മോഹം.’’

ശരിക്കും ആരാണ് വിനയിന് ഈ പേരിട്ടത് ?


അച്ഛൻ മണിക്ക് ബിഎസ്എൻഎല്ലിലായിരുന്നു ജോലി. അമ്മ സുജാത വീട്ടമ്മ. ശ്യാം എന്നും സുമ എന്നുമാണ് ചേട്ടന്റെയും ചേച്ചിയുടെയും പേര്. കൂട്ടത്തിൽ ചേരാത്ത എന്റെ പേരിനു പിന്നിലൊരു കഥയുണ്ട്. എന്നെ പ്രസവിക്കുന്ന സമയത്ത് കുറച്ച് ആരോഗ്യപ്രശ്നങ്ങളൊക്കെ അമ്മയ്ക്കുണ്ടായി. രാത്രി മുഴുവൻ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട ശേഷമാണ് ഒരു കുഞ്ഞിക്കരച്ചിലോടെ ഞാൻ പിറന്നത്. ആ രാത്രി മുഴുവൻ അമ്മയെ പരിചരിച്ച് എന്നെ ആരോഗ്യത്തോടെ പുറത്തെത്തിച്ച ഡോക്ടറുടെ പേരാണ് അച്ഛൻ എനിക്കിട്ടത്. വീട്ടിൽ നിന്ന് അഭിനയത്തിന്റേയും സിനിമയുടേയും വഴിയിലേക്ക് വന്നതു ഞാൻ മാത്രമാണ്. ചേട്ടനു ബിസിനസാണ്, ചേച്ചിയും ഭർത്താവും വക്കീലന്മാർ. ഫോർട്ട് കൊച്ചിയിലെ ബ്രിട്ടോ ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. അക്കാലത്ത് ബാലസംഘത്തിൽ പ്രവർത്തിച്ചാണ് അഭിനയത്തിലെ തുടക്കം. വളരെ ഇൻഫീരിയറായ കുട്ടിയായിരുന്നു ഞാൻ. പഠിക്കാൻ ആവറേജും. നന്നായി പഠിക്കുന്ന കുട്ടികൾ മാത്രമാണ് മിടുക്കർ എന്ന തരത്തിൽ ചുറ്റുമുള്ളവർ പെരുമാറുന്ന രീതിയോട് അന്നുമുതലേ വലിയ എതിർപ്പുണ്ട്. അന്നു മനസ്സിൽ തോന്നിയിരുന്നത് എനിക്ക് ഇത്രയല്ലേ പഠിക്കാൻ പറ്റുന്നുള്ളൂ എന്ന കുറ്റബോധമാണ്. അത്യാവശ്യം സ്റ്റേജും നാടകവുമൊക്കെയായി സന്തോഷിച്ചു നടന്ന എന്നെ മിടുക്കൻ എന്നു പറയാനും ആ വഴിയിലേക്ക് ഗൈഡ് ചെയ്യാനും ആരുമില്ലായിരുന്നു.


നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്. സ്കിറ്റും നൃത്തശിൽപവുമൊക്കെ അവതരിപ്പിച്ചപ്പോൾ കിട്ടിയ കൈയടിയും സ്വീകാര്യതയും വല്ലാതെ ഇഷ്ടമായി. ഇതാകും എന്റെ വഴി എന്നു തോന്നി. സിനിമയിലെത്തിയ ശേഷം പഠിച്ച സ്കൂളിലെ ആനുവൽ ഡേയ്ക്ക് രണ്ടു തവണ എന്നെ മുഖ്യാതിഥിയായി ക്ഷണിച്ചു. എന്റെ ബാച്ചിലെ ഒന്നാം റാങ്കുകാരനു  പോലും കിട്ടാത്ത ഭാഗ്യമല്ലേ അത്. പഠിത്തത്തിൽ മാത്രം നിൽക്കാൻ നിർബന്ധിക്കാതെ ഇഷ്ടങ്ങൾക്കൊപ്പം പറക്കാൻ പ്രചോദനമാകാൻ വേണ്ടിയാണ് ഞാൻ മോന് പേരിനൊപ്പം ആകാശം സമ്മാനിച്ചത്.


ആവറേജ് വിദ്യാർഥി ഇടയ്ക്ക് പഠനം നിർത്തി ?


പത്താംക്ലാസ്സ് കഴിഞ്ഞാൽ ബാലസംഘത്തിന്റെ പരിപാടികളി ൽ കൂടാൻ പറ്റില്ല. പഠിത്തം തന്നെയായി പിന്നെ ശരണം. ആ കാലം മുതൽക്കു തന്നെ ചെറിയ ചെറിയ ജോലികൾ ചെയ്തിരുന്നു. ആർട് കഫേയിലെ വെയ്റ്ററായും മറ്റും. ഡിഗ്രി ഒന്നാംവര്‍ഷം പഠിക്കുമ്പോൾ എറണാകുളത്തെ തിയറ്റർ കൂട്ടായ്മയായ ലോകധർമിയിൽ ചേർന്നു. നാടകങ്ങളായിരുന്നു പിന്നെയുള്ള ലോകം. കാവലം നാരായണപ്പണിക്കർ സാർ രചിച്ച ‘പുറനാടിയിലെ കാമധീരന്‍’ എന്ന സംസ്കൃതനാടകത്തിലെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്തു വർഷത്തോളം അവിടെ നിന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസ് എനിക്കുമുമ്പേ ലോകധർമിയിലുണ്ടായിരുന്നു. നടി മുത്തുമണിയും ഞാനുമൊക്കെ ഒന്നിച്ച് നാടകം ചെയ്തിട്ടുണ്ട്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലോ പഠിക്കണമെന്ന മോഹം വരുന്നതും ലോകധർമിയിൽ വച്ചാണ്. ഇക്കണോമിക്സിൽ ബിഎ പാസായ ശേഷം എംഎയ്ക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. അതാണ് ജീവിതത്തിലെ ട്വിസ്റ്റ്.


നാടകങ്ങളില്‍ അഭിനയിച്ചു നടക്കുന്ന കാലത്ത് സെൻട്ര ൽ ഗവൺമെന്റിന്റെ സ്കോളർഷിപ് കിട്ടിയിരുന്നു. അപ്പോഴേക്കും സീരിയസായി കലയെ സമീപിക്കണമെന്ന തോന്ന ൽ വന്നു. അങ്ങനെയാണ് പിജി പാതിവഴിയിൽ ഉപേക്ഷിച്ച് പു ണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. ആദ്യപ്രണയം എ ന്നൊക്കെ പറയാവുന്ന ചിലത് തോന്നിയതും അക്കാലത്താണ്. പക്ഷേ, അതൊന്നും വർക്ക് ഒൗട്ട് ആയില്ല. എന്നെ അന്നേ പെൺകുട്ടികൾക്ക് ബെസ്റ്റ് ഫ്രണ്ടോ ബ്രദറോ ഒക്കെ ആക്കാനായിരുന്നു താൽപര്യം.


നടൻ നിഷാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സീനിയറായിരുന്നു. ‘ഋതു’വിന്റെ കാസ്റ്റിങ് നടക്കുന്ന സമയം. നിഷാൻ വഴി ശ്യാമപ്രസാദ് സാറിന്റെ അടുത്തെത്തി. ഒറ്റ സീനിൽ മാത്രം വന്നുപോകുന്ന എന്റെ വേഷം ചെറുതായിരുന്നെങ്കിലും വളരെ പ്രാധാന്യമുള്ളതായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയറായ ക്യാമറമാൻ ഹരി നായർ വഴിയാണു ‘ഷട്ടറി’ലെ ഓട്ടോഡ്രൈവറുടെ വേഷം കിട്ടിയത്. കൃത്യമായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാൻ സാധിച്ചു എന്നതാണ് വലിയ കാര്യം.

vinay03


സൗമ്യയെ ജീവിതത്തിലേക്ക് കൂട്ടിയതും അങ്ങനെ ഒരു തീരുമാനമായിരുന്നു ?


എംജി യൂണിവേഴ്സിറ്റിയിൽ നാടകം അവതരിപ്പിക്കാൻ പോയപ്പോഴാണ് സൗമ്യയെ ആദ്യമായി കണ്ടത്. പ്രഥമദർശനത്തിലേ അനുരാഗമൊന്നും ഇല്ലായിരുന്നു. പിന്നീടൊരിക്കൽ ഫോണിലും അവിചാരിതമായി ഫെയ്സ്ബുക് ചാറ്റിലും കണ്ടു. അപ്പോഴേക്കും ‘ഋതു’ റിലീസായിരുന്നു. പരസ്പരം നമ്പർ കൈമാറിയ ശേഷം ഫോണിൽ സംസാരിക്കാൻ തുടങ്ങി. ‘ഷട്ടറി’ന്റെ ഷൂട്ടിങ്ങിനു കോഴിക്കോടു ചെല്ലുമ്പോൾ സൗമ്യ അവിടെ ജോലി ചെയ്യുന്നുണ്ട്. ഒന്നുകൂടി കണ്ടുസംസാരിച്ചതോടെ അടുപ്പം കൂടി. ഞാൻ ചിന്തിക്കുന്നതു പോലെ തന്നെ ചിന്തിക്കുന്ന കൂട്ടുകാരിയെ ജീവിതത്തിലും കൂടെ കൂട്ടാമെന്നു തോന്നി. ഞാനും സൗമ്യയും  ഒന്നിച്ചാണ് തിയറ്ററിൽ ‘ഷട്ടർ’ കണ്ടത്.


വീട്ടിലെ ഇളയ മോനായതു കൊണ്ട് അമ്മയുമായി എനിക്കു വലിയ അടുപ്പമാണ്. സൗമ്യയുമായുള്ള അടുപ്പത്തിന്റെ റൂട്ട് മാറിയ കാലത്തേ അമ്മയോടു കാര്യം പറഞ്ഞിരുന്നു. രണ്ടു മതവിഭാഗത്തില്‍ പെട്ടവരാണ് ഞാനും സൗമ്യയും. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായെങ്കിലും കല്യാണത്തിന് എല്ലാവരും സപ്പോർട്ട് ചെയ്തു. കല്യാണം തീരുമാനിക്കുമ്പോൾ സൗമ്യ ഒരു ഡിമാൻഡേ വച്ചുള്ളൂ, നിശ്ചയത്തിനും കല്യാണത്തിനുമൊന്നും തിരക്കുപിടിച്ച് ഓടാൻ പാടില്ല. എല്ലാ തിരക്കും ഒഴിവാക്കി വന്നിട്ടു മതി കല്യാണം. ഞാനുമത് ഓക്കേ പറഞ്ഞു. ആയിടയ്ക്കാണ് ‘പ്രേമ’ത്തിലേക്ക് വിളിച്ചത്. വിവാഹനിശ്ചയത്തിനു ഡേറ്റ് തീരുമാനിച്ചിരുന്നതിനാൽ ആ ദിവസം ഷൂട്ടിങ്ങിനു വരാനാകില്ലെന്നു മുമ്പേ പറഞ്ഞു. പക്ഷേ, നിശ്ചയത്തിന്റെയന്ന് രാവിലെ ലൊക്കേഷനിൽ നിന്നു വിളി വന്നു. പോകാതെ തരമില്ല. നിശ്ചയത്തിനു സൗമ്യയെ കണ്ടപാടേ രഹസ്യമായി കാര്യം പറഞ്ഞു, ‘ഭക്ഷണം വേഗം കഴിക്കണം. പെട്ടെന്ന് ഇറങ്ങേണ്ട ആവശ്യമുണ്ട്.’ പാട്ടിനിടയിലെ സ്പൂൺ റേസ് ഷൂട്ട് ചെയ്തത് അന്നായിരുന്നു.


മോനെ പ്രസവിച്ച സമയത്തും ഇതുപോലെ ഷൂട്ടിങ്ങിന്റെ തിരക്കുണ്ടായിരുന്നു. പക്ഷേ, സൗമ്യ ഒരു പരാതിയും പറഞ്ഞില്ല. എന്റെ സിനിമ വിജയിച്ചാൽ വലിയ എക്സൈറ്റ്മെന്റോ പരാജയപ്പെട്ടാൽ വിഷമമോ തീരെയില്ല എന്നതാണ് സൗമ്യയിൽ കാണുന്ന ഏറ്റവും നല്ല കാര്യം. അമൃതയിൽ നാനോ സയൻസിൽ റിസർച്ചറായിരുന്നു സൗമ്യ. മോനുണ്ടായപ്പോഴാണ് ബ്രേക് എടുത്തത്. ഇനി വീണ്ടും തുടങ്ങണം.


‘പ്രേമ’ത്തിനു മുമ്പും ശേഷവും എന്ന് കരിയറിനെ കൃത്യമായി വേർതിരിക്കാം ?


പക്ഷേ, ‘പ്രേമ’ത്തിനു ശേഷം അങ്ങനെ കാര്യമായൊന്നും സംഭവിച്ചില്ല എന്നതാണ് രസകരമായ കാര്യം. ‘പ്രേമ’ത്തിനു ശേഷം ഞാൻ നായകനായ രണ്ടു സിനിമകൾ ഹിറ്റായിരുന്നു, ‘ഉറുമ്പുകൾ ഉറങ്ങാറില്ല’യും ‘ഹലോ നമസ്തേ’യും. പക്ഷേ, ‘പ്രേമ’ത്തിന്റെ കണക്കിൽ അളക്കുമ്പോൾ അത് ഒന്നുമായില്ല. അൽഫോൺസ് പുത്രനെന്ന സംവിധായകന്റെ ബ്രില്യൻസാണ്  വിജയം  അത്രയും  ഉയരത്തിലാക്കിയത്. മുമ്പ് ഫോർട്ട് കൊച്ചിയിലെ ബീച്ചിൽ യാതൊരു അലട്ടലുമില്ലാതെ ഞാൻ ഇറങ്ങിനടക്കുമായിരുന്നു. ‘പ്രേമ’ത്തിനു ശേഷം ഒരുപാടു പേർ തിരിച്ചറിയാൻ തുടങ്ങി. എന്നോടൊപ്പം ആദ്യമായൊരാൾ സെൽഫിയെടുക്കാൻ വന്നതു പോലും ‘പ്രേമ’ത്തിനു ശേഷമാണ്.  എല്ലാത്തരം റോളുകളും തേടിയെത്താൻ തുടങ്ങി. ‘കിസ്മത്തി’ലെ പൊലീസുകാരനും ‘ഗോഡ്സേ’യിലെ ഹരിചന്ദ്രനും എനിക്കേറെ ഇഷ്ടമുള്ളവരാണ്.

വിനയ്കുമാര്‍ എങ്ങനെ വിനയ്ഫോര്‍ട്ട് ആയി ?

സിനിമയിലെ ഫോർട്ടുകൊച്ചിക്ക് വയലൻസിന്റെ മുഖമാണ്. പക്ഷേ, കഴിഞ്ഞ പത്തു വർഷത്തിനിടെ ഇവിടെ ഒ രു സ്ട്രീറ്റ് ഫൈറ്റ് പോലും ഞാൻ കണ്ടിട്ടില്ല. ജൂതന്മാരും ഡച്ചുകാരുമുൾപ്പെടെയുള്ളവർ സ്നേഹത്തോടെ കഴിയുന്ന സ്ഥലമാണിത്. മെഹ്ദി ഹസനും ഗുലാം അലിയുമൊക്കെ വന്നുപാടിയ നാട്. ഫോർട്ടുകൊച്ചിയെന്നാൽ എനിക്ക് ആത്മാവാണ്. ആ ഇഷ്ടം കൊണ്ടാണ് സിനിമയിലെത്തിയ ശേഷം വിനയ് എന്ന പേരിനു പിന്നിൽ ഫോർട്ട് എന്നു ചേർത്തത്. ഗൂഗിളിൽ തിരഞ്ഞാൽ ഈ പേരിൽ എന്നെ മാത്രമേ കാണാനാകൂ. അതാണ് മറ്റൊരു പ്രത്യേകത.


കൂടെ പഠിച്ചിരുന്നവരെല്ലാം കൂടുതൽ അവസരങ്ങൾക്കായി മുംബൈയിൽ താമസമാക്കിയപ്പോഴും ഞാൻ വീടു വച്ചതു ഫോർട്ട് കൊച്ചിയിലാണ്. അച്ഛനും അമ്മയ്ക്കും വന്നുപോകാവുന്ന ഇടത്ത് വീടുവയ്ക്കണം എന്നായിരുന്നു മോഹം. ഇന്ന ദിവസം മുതൽ താമസിച്ചു തുടങ്ങണമെന്നു നിശ്ചയിക്കാതെയാണ് വീടുപണി ആരംഭിച്ചത്. തീരുമാനമെടുത്തിട്ട് സാധിക്കാതെ വരുമ്പോൾ സമ്മർദമുണ്ടാകും. സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെ, ടാർഗറ്റ് വയ്ക്കാറില്ല. നല്ല വേഷങ്ങൾ ചെയ്യുന്നു, സന്തോഷിക്കുന്നു. റിലീസാകാനുള്ള ‘നോൺസെൻസി’ലും നടൻ ധനുഷ് നിർമിക്കുന്ന ‘ലഡ്ഡു’വിലും പ്രധാനവേഷമാണ് എനിക്ക്.  


ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തായിരുന്ന, ദേശീയ അവാർഡ് ജേതാവായ കൗശൽ ഓസ എഴുതിയ സ്ക്രിപ്റ്റിൽ പ്രവീൺ നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്തത്. ജനുവരിയിൽ അഭിനയിച്ചു തുടങ്ങാനിരിക്കുന്ന ആ റോളാണ് ഇപ്പോഴെന്റെ സ്വപ്നത്തിൽ.


സിനിമകളുടെ തിരക്കല്ല, ശാന്തതയാണ് വിനയിന്റെ മുഖത്ത് ?


‘ഋതു’വിനു ശേഷം ‘അപൂർവരാഗ’ത്തിലേക്ക് ഒരു വർഷത്തെ ഗ്യാപ്പുണ്ടായിരുന്നു. ആ സമയത്ത് നസറുദ്ദീൻ ഷായ്ക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം കിട്ടി. ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയറായ അനൂപ് കുര്യൻ സംവിധാനം ചെയ്ത ‘ബ്ലൂബെറി ഹണ്ട്’ എന്ന ഫെസ്റ്റിവൽ സിനിമയായിരുന്നു അത്. ആ സിനിമയിൽ നസറുദ്ദീൻ ഷായെ വെടിവച്ചു കൊല്ലാൻ പോകുന്ന വില്ലന്‍റെ വേഷമായിരുന്നു. വില്ലനോ െകാലപാതകിയോ ഒന്നും പ്രശ്നമായിരുന്നില്ല, എക്കാലവും ആരാധിച്ചിരുന്ന മഹാനടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം.
‘അപൂർവരാഗ’ത്തിലാണ് ആദ്യത്തെ മുഴുനീള വേഷം. പിന്നീട് തേടിയെത്തിയതെല്ലാം തല്ലുകൊള്ളി റോളുകള്‍. ആക്ടിങ് വർക് ഷോപ്പുകളും നാടകവുമൊക്കെയായി കാത്തിരിക്കാ ൻ ഞാൻ തയാറായിരുന്നു. കുട്ടിക്കാലത്ത് നാടകം കളിക്കുമ്പോഴുള്ള അതേ സ്നേഹവും പിന്തുണയും തന്ന് അച്ഛനും അമ്മയും കൂടെ നിന്നു.


അക്കാലത്തും ഇടപ്പള്ളിയിലെ തിയറ്ററിൽ മുടങ്ങാതെ എന്റെ നാടകം കാണാൻ അവര്‍ വരുമായിരുന്നു. രണ്ടുവർഷം കഴിഞ്ഞ് ‘ഷട്ടർ’ ചെയ്തു. ‘ഹൗ ഓൾഡ് ആർ യൂ’ ‘സെവൻത് ‍ഡേ’യുമൊക്കെ പിന്നാലെ വന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു സ്റ്റീരിയോ ടൈപ് വേഷങ്ങൾ മനപൂർവം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
എല്ലാ കഥാപാത്രങ്ങളിലും നമ്മുടെ   ആത്മാംശം  കുറച്ചെങ്കിലുമുണ്ടാകും. അങ്ങനെയല്ലാതെ അഭിനയിക്കാനാകില്ല. പലരും ചോദിക്കാറുണ്ട്, ആരെയാണ്, എന്തൊക്കെയാണ് നിരീക്ഷിക്കാറുള്ളത് എന്ന്. റോളുകള്‍ കിട്ടുമ്പോൾ എന്റെ ഉള്ളിലേക്ക് തന്നെയാണു നോക്കുന്നത്. അഭിനയിച്ചിട്ടുള്ളവയിൽ അൽപമൊക്കെ നമ്മുടെ സ്വഭാവത്തോടു സാമ്യം തോന്നിയിട്ടുള്ളത് ‘ഹൗ ഓൾഡ് ആർ യൂ’വിലെ കഥാപാത്രത്തോടാണ്.

vinay02


മോൻ സിനിമയിൽ തിരിച്ചറിഞ്ഞു തുടങ്ങിയോ ?


‘ചേട്ടാ’ എന്നും‘ അച്ഛാ’ എന്നുമൊക്കെ അവൻ വിളിച്ചു തുടങ്ങി. ഞാൻ വീട്ടിലുണ്ടെങ്കിൽ ഉണരുമ്പോൾ തന്നെ പന്തുമെടുത്ത് വന്നിട്ട് കളിക്കാൻ വിളിക്കും, ‘അച്ഛാ... ബോൾ...’ ഒക്ടോബർ രണ്ടിനായിരുന്നു അവന്റെ ഫസ്റ്റ് ബെർത് ഡേ. കഴിഞ്ഞ ദിവസം  ടിവിയിൽ ‘പ്രേമ’ത്തിലെ പാട്ടു കണ്ട് അവൻ സൂക്ഷിച്ചു നോക്കി. പതിയെ നടന്നു ടിവിയുടെ അടുത്തു ചെന്നിട്ട് സൗമ്യയോടു പറഞ്ഞു, ‘ദേ.... അച്ഛ...’


എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ട് - കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍...