കണ്ടിട്ടു മനസ്സിലായില്ലല്ലോ! ‘പ്രജ’യില്‍ ലാലേട്ടനൊപ്പം തിളങ്ങിയ നായിക, റവാലിയുടെ മാറ്റം കണ്ട് അമ്പരന്ന് പ്രേക്ഷകർ
Mail This Article
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ അഭിനേത്രികളിലൊരാളായിരുന്നു റവാലി. മോഹൻലാൽ ചിത്രമായ ‘പ്രജ’യിൽ ‘ചന്ദനമണി സന്ധ്യകളിൽ’ എന്ന ഗാനരംഗത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് റവാലിയെ കൂടുതൽ പരിചയം. പിന്നീട് സിനിമ രംഗം വിട്ട താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ.
പഴയ ലുക്കിൽ നിന്നു മാറി, തിരിച്ചറിയാനാകാത്ത തരത്തിലുള്ള മാറ്റമാണ് താരത്തിന്റേത്. നടി റോജയ്‌ക്കൊപ്പം തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തുന്ന റവാലിയുടെ വിഡിയോയാണിത്. വിഡിയോ വൈറലായതോടെ റോജയ്ക്കൊപ്പമുള്ളതാര് എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇത് നടി റവാലിയാണെന്ന് തിരിച്ചറിയപ്പെട്ടത്. ഇതോടെ വിഡിയോ സൗത്ത് ഇന്ത്യയിലെങ്ങും ചർച്ചയായി.
1990ല്‍ ‘ജഡ്ജ്‌മെന്‍റ്’ എന്ന മലയാള സിനിമയിലൂടെയാണ് റവാലി അഭിനയരംഗത്തേക്കെത്തിയത്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി കെ.ടി.കുഞ്ഞുമോന്‍ നിർമിച്ച, സാജന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ആന്‍ഡ് മിസിസില്‍’ ജഗദീഷിന്റെ നായികയായി. പിന്നീട് ‘ദേവരാഗം’, ‘പ്രജ’ ‘ഫോര്‍ട്ട് കൊച്ചി’ എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. തമിഴിലും കന്നടയിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമറിയിച്ചു. സിനിമകളില്‍ കൂടുതലും തെലുങ്കിലായിരുന്നു.