ADVERTISEMENT

പ്രസ്മീറ്റിനിടെ ശരീര ഭാരം എത്രയെന്നു ചോദിച്ച യൂട്യൂബര്‍ക്ക് തക്ക മറുപടിയുമായി നടി ഗൗരി കിഷൻ. നടിയുടെ ഭാരം എത്രയെന്ന് സിനിമയിലെ നായകനോടാണ് യൂട്യൂബര്‍ ചോദിച്ചത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യൂട്യൂബർ മാപ്പു പറയണമെന്നുമാണ് ഗൗരി ആവശ്യപ്പെട്ടത്. ഇതു സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും താങ്കൾ ഇപ്പോൾ ചെയ്യുന്നത് ജേർണലിസമല്ലെന്നും താരം യൂട്യൂബറോട് പറഞ്ഞു. തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സംഭവം.

ADVERTISEMENT

ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്കു നീങ്ങി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ താരത്തിനെതിരെ തിരിഞ്ഞു. യൂട്യൂബർ അടക്കമുള്ളവർ ഗൗരിക്കു നേരെ വലിയ ശബ്ദം ഉയർത്തി. സംവിധായകനും നായകനും താരത്തിനു പിന്തുണ നൽകിയതുമില്ല.

താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബർ വാദിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ - റിലീസ് അഭിമുഖത്തിൽ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.

ADVERTISEMENT

പ്രസ് മീറ്റിങിനു ശേഷം നടന്ന ചോദ്യോത്തരവേളയിൽ ചോദ്യം ഉന്നയിച്ച യൂട്യൂബർ ഈ വിഷയം ന്യായീകരിച്ചുകൊണ്ട് വീണ്ടും ശബ്ദമുയർത്തിയതോടെ ഗൗരി തുറന്നടിച്ചു ‘എന്റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത് ? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല’.– ഗൗരി പറഞ്ഞു. ബോഡി ഷെയ്മിങ് സാധാരണവൽക്കരിക്കുന്നത് നിർത്തുകയെന്നും താരം പറഞ്ഞു.

ഗൗരിക്കു വലിയ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും ഉയരുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT