വേദനകളില്ലാത്ത ലോകത്തേക്ക് ‘കാസിം ചാച്ച’ പോയി: ‘കെജിഎഫ്’ താരത്തിനു വിട നൽകി കന്നഡ സിനിമ
Mail This Article
‘കെജിഎഫ്’ എന്ന പാൻ ഇന്ത്യൻ ബ്ലോക് ബസ്റ്ററിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഒരു വർഷത്തിലേറെയായി തൈറോയ്ഡ് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അർബുദം വയറിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്നതായി ഹരീഷ് റായ്യുടെ മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്. ‘കെജിഎഫി’ലെ കാസിം ചാച്ച എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.‘ഓം’, ‘സമര’, ‘ബാംഗ്ലൂർ അണ്ടർവേൾഡ്’, ‘ജോഡിഹക്കി’, ‘രാജ് ബഹാദൂർ’, ‘സഞ്ജു വെഡ്‌സ് ഗീത’, ‘സ്വയംവര’, ‘നല്ല’ എന്നിവ അദ്ദേഹത്തിന്റെ മറ്റു ശ്രദ്ധേയ ചിത്രങ്ങളാണ്.
തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചും ഹരീഷ് റായ് മുൻപ് തുറന്നുപറഞ്ഞിരുന്നു. ഒരു കുത്തിവയ്പ്പിന് 3.55 ലക്ഷം രൂപ ചിലവാകുമെന്നും 63 ദിവസത്തിന്റെ ഒരു സൈക്കിളിൽ മൂന്ന് കുത്തിവയ്പ്പുകൾ ആവശ്യമാണെന്നും അദ്ദേഹം. ഒരു സൈക്കിളിന് മാത്രം 10.5 ലക്ഷം രൂപയായിരുന്നു ചിലവ്. മൊത്തം ചികിത്സാ ചെലവ് 70 ലക്ഷം രൂപയോളം വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.