ADVERTISEMENT

ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങതിന്റെ സന്തോഷം പങ്കുവച്ച് മിനി സ്ക്രീൻ താരം പ്രീത പ്രദീപ്. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയ്ക്കും ഭർത്താവ് വിവേക്.വി.നായർക്കും കുഞ്ഞ് ജനിക്കുന്നത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനെ അറിയിക്കുന്ന വിഡിയോ പ്രീത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗതീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടെയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു’.– വിഡിയോയ്ക്കൊപ്പം പ്രീത കുറിച്ചു.

ADVERTISEMENT

ആറ് വർഷം മുമ്പ്, 2019 ആഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം. തിരുവനന്തപുരം സ്വദേശികളായ പ്രദീപ് കുമാർ, ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രീത. മൂന്നുമണി എന്ന സീരിയലിലൂടെയാണ് പ്രീത ശ്രദ്ധ നേടിയത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘പടയോട്ടം’, ‘അലമാര’, ‘സൺഡേ ഹോളിഡേ’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT