‘അവാർഡ് കൊടുക്കേണ്ടത് പൃഥ്വിരാജിനായിരുന്നു’: അബദ്ധം പിണഞ്ഞതോടെ വിഡിയോ പിൻവലിച്ച് ഫിറോസ് ഖാൻ
Mail This Article
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൃഥ്വിരാജ് സുകുമാരന് നൽകാത്തതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു പോസ്റ്റ് ചെയ്ത വിഡിയോ പിൻവലിച്ച് നടൻ ഫിറോസ് ഖാൻ. ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ പ്രകനടത്തേക്കാളും മികച്ചതായിരുന്നു ‘ആടുജീവിത’ത്തിലെ പൃഥ്വിരാജിന്റെ അഭിനയമെന്നും എന്നാൽ ചില പൊളിറ്റിക്സിനെ തുടർന്ന് ദേശീയ അവാർഡിനു പിന്നാലെ സംസ്ഥാന പുരസ്കാരവും നഷ്ടമായതെന്നുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഫിറോസ് പറഞ്ഞത്. എന്നാൽ ‘ആടുജീവിത’ത്തിലെ അഭിനയിച്ചതിന് പൃഥ്വിരാജിന് 2023ലെ മികച്ച നടനുള്ള പുരസ്കാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു എന്നു കമന്റുകളിലൂടെ പ്രേക്ഷകർ ചൂണ്ടിക്കാട്ടിയതോടെ അബദ്ധം മനസ്സിലാക്കി താരം വിഡിയോ പിൻവലിക്കുകയായിരുന്നു.
‘മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക്, അദ്ദേഹം നല്ല നടനാണ്. മുരളി, നെടുമുടി വേണു, തിലകൻ, ജഗതി ശ്രീകുമാർ ഇവരെപ്പോലെ നല്ല നടനാണ് മമ്മൂക്കയും. ഇപ്പോൾ അവാർഡ് കൊടുത്തിരിക്കുന്നത് ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനാണ്. അപ്പോൾ എനിക്ക് പറയാൻ ഉള്ളത് ഇതിലും ഗംഭീരമായി ഒരു സിനിമയിൽ അഭിനയിച്ച ആളുണ്ട്. അദ്ദേഹം ഒരു പൊളിറ്റിക്സ് ചങ്കൂറ്റത്തോടെ പറഞ്ഞുവെന്നതിന്റെ പേരിൽ ദേശീയ അവാർഡ് പോയി, സംസ്ഥാന അവാർഡും പോയി, മറ്റാരുമല്ല നമ്മുടെ സ്വന്തം പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ‘ആടുജീവിതം’ എന്ന സിനിമയിലെ അഭിനയം ലിറ്റററിലി അവാര്‍ഡിനർഹമാകേണ്ടതല്ലേ, അവാർഡ് അർഹിക്കേണ്ട പ്രകടനം തന്നെയായിരുന്നു’ എന്നാണ് വിഡിയോയിൽ ഫിറോസ് പറഞ്ഞത്.