Wednesday 03 April 2024 12:13 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞ് അയാളുടെയല്ല, ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നു പറഞ്ഞു... അടിച്ച ശേഷം മേക്കപ്പ് ഇട്ടുവരാൻ പറയും’: ഗുരുതര ആരോപണവുമായി അതുല്യ

athulya

തമിഴ് നടനും നിർമാതാവുമായ ദിലീപൻ പുഗഴേന്തിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും നടിയുമായ അതുല്യ പാലക്കൽ.

നടൻ ദിലീപനുമായി കഴിഞ്ഞ വർഷമായിരുന്നു അതുല്യ പാലക്കലിന്റെ വിവാഹം. എന്നാൽ അധികം വൈകാതെ ഈ ബന്ധത്തില്‍ വിള്ളലുണ്ടായി. അതുല്യ സ്വന്തം വീട്ടിലേക്കു മടങ്ങുകയും ഒരു കുട്ടിക്കു ജന്മം നൽകുകയും ചെയ്തു. ഇതിനു പിന്നാലെ ദിലീപൻ സമൂഹ മാധ്യമങ്ങളിലൂടെ അതുല്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതുല്യയും കുടുംബവും കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്നും കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നുമായിരുന്നു ദിലീപന്റെ ആരോപണം.

എന്നാൽ, ശാരീരികവും മാനസികവുമായ ഉപദ്രവം ഭയന്നാണ് അയാളിൽ നിന്ന് ഓടി സ്വന്തം വീട്ടിൽ തിരിച്ചെത്തിയതെന്നും ഇപ്പോൾ ആ വ്യക്തി തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ മോശമായ രീതിയിൽ ചിത്രീകരിക്കുകയാണെന്നുമാണ് ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെ അതുല്യ പറഞ്ഞത്.

‘ഞാൻ ഇത്രയും കാലം മിണ്ടാതിരുന്നത് കോടതിയിൽ കേസ് നടക്കുന്നത് കൊണ്ടും ആരോഗ്യപരമായി എനിക്ക് വയ്യാഞ്ഞതുകൊണ്ടും ആണ്. ആ വീട്ടിൽ എന്റെ അവസ്ഥ അത്രയും മോശം ആയിരുന്നു. എന്റെ കയ്യിൽ വിഡിയോ തെളിവുകളുണ്ട്. അതൊക്കെ താമസിയാതെ പുറത്തുവിടും. ശാരീരികവും മാനസികവുമായി എന്നെ അത്രയും അയാൾ ഉപദ്രവിച്ചു. ഉപദ്രവം സഹിക്കാൻ വയ്യാതെ വീട്ടിൽ കാര്യങ്ങൾ അറിയിച്ചു. പൊലീസും അഭിഭാഷകരും പാർട്ടി അംഗങ്ങളുമൊക്കെയായാണ് എന്റെ വീട്ടുകാർ എന്നെ കൂട്ടാനായി എത്തിയത്. അങ്ങനെയാണ് തിരിച്ച് ഞാൻ കോഴിക്കോട്ട് എത്തിയത്. ഡൊമസ്റ്റിക് വയലൻസിന് ഞാൻ കേസ് കൊടുത്തിട്ടുണ്ട്.

എന്റെ ചേട്ടൻ കഴിഞ്ഞ സെപ്റ്റംബറിൽ വിദേശത്തു പോകുകയും ചെയ്തു. അവൻ അറിയേണ്ടത് ഈ പൈസ ഞങ്ങൾക്ക് എവിടെ നിന്നു കിട്ടി എന്നാണ്. എന്റെ അമ്മ സിങ്കിൾ മദർ ആണ്. അവന്റെ കാഴ്ചപ്പാടിൽ സിങ്കിൾ മദർ എന്ന് പറഞ്ഞാൽ മോശം രീതിയിൽ കാശുണ്ടാക്കുന്നു എന്നാണ്. എന്റെ അമ്മയ്ക്ക് എവിടെ നിന്നാണ് പണം, വേറെ പരിപാടിക്ക് പോയതാണോ എന്നുള്ള ചോദ്യങ്ങൾ ആണ് അവൻ ചോദിക്കുന്നത്. സിങ്കിൾ മദർ വേശ്യയാണെന്നും അവരുടെ മക്കളും ആ രീതിയിലാകും പോകുകയെന്നും ഇയാൾ പറഞ്ഞു.

അവൻ പറഞ്ഞ പോലെ ഞാൻ ഇമോഷനൽ ഫൂൾ ആണ്. അതാണ് അവന്റെ ഇമോഷനൽ ട്രാപ്പിൽ ഞാൻ വീണുപോയത്. അവന്റെ അഭിനയം കണ്ടു ഞാൻ വീണുപോയതാണ്. ഒരു പെണ്ണ് എന്തൊക്കെ ആഗ്രഹിക്കുന്നു അതെല്ലാം ആയിരുന്നു വിവാഹത്തിനു മുമ്പ് ഇയാൾ. എന്നാൽ ഞാൻ ആ വീട്ടിൽ ചെന്നതോടെ അവന്റെ ശരിക്കുള്ള മുഖം പുറത്തുവന്നു.

പരാമവധി എന്നെ ഉപദ്രവിക്കും. അടിച്ച ശേഷം എന്നോടു മേക്കപ്പ് ഇട്ടുവരാൻ പറയും. നാട്ടുകാരെയും എന്റെ വീട്ടുകാരെയും കാണിക്കാൻ വേണ്ടിയാണത്. അവന്റെ ഫോളോവേഴ്‌സിനെയും അവന്റെ എക്സ് റിലേഷൻ ഷിപ്പിൽ ഉള്ള ആളുകളെയും കാണിക്കാൻ വേണ്ടി നല്ല ഫോട്ടോയും വിഡിയോയും എടുക്കും അത് പോസ്റ്റ് ചെയ്യും. എന്റെ എക്സ് റിലേഷൻഷിപ്പിന്റെ പേരും പറഞ്ഞാണ് എന്നെ ഉപദ്രവിക്കുന്നത്. വിവാഹത്തിനു മുൻപേ അതെല്ലാം ഞാൻ പറഞ്ഞതാണ്. ലിപ്സ്റ്റിക് ഇടാൻ ആകില്ല, ഞാൻ ഡ്രസ് ധരിക്കുന്നതിൽ വരെ പ്രശ്നങ്ങൾ ആണ്. ചുമന്ന ലിപ്സ്റ്റിക് ഇട്ടാൽ വേശ്യ എന്നാണ് അയാൾ പറയുന്നത്. ആറുമാസം ഇയാളാണ് എന്റെ ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. ഷോർട്സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്. അങ്ങനെ ഉപദ്രവങ്ങൾ സഹികെട്ടാണ് ഞാൻ ആ ബന്ധത്തിൽ നിന്നും ഇറങ്ങി പോരുന്നത്.

ഡെലിവറിയുടെ സമയത്തുപോലും എനിക്ക് സമാധാനം തന്നിട്ടില്ല. ഇത്രയും ഉപദ്രവിച്ച ആൾക്ക് എന്റെ കുഞ്ഞിനെ എങ്ങനെ കാണിച്ചുകൊടുക്കും. കുഞ്ഞ് അയാളുടെയല്ല, ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നൊക്കെ പറഞ്ഞതാണ്. മൂന്നാം മാസത്തിലൊക്കെ ഉപദ്രവമായിരുന്നു. എന്റെ കുഞ്ഞിനെ രക്ഷപെടുത്താൻ വേണ്ടി ഞാൻ പില്ലോ വയറിൽ വച്ച് അമർത്തി പിടിക്കുമായിരുന്നു’. –അതുല്യ പറയുന്നു.