മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് ജോഡി സത്യൻ അന്തിക്കാട്– മോഹൻലാൽ വീണ്ടും വെള്ളിത്തിരയിലേക്ക്. ആകാംക്ഷയേറ്റി മോഹൻലാൽ ചിത്രം ‘ഹൃദയപൂർവം’ ചിത്രത്തിന്റെ ട്രെയിലർ എത്തി. സംഗീത് പ്രതാപിനൊപ്പം ചിരിനിമിഷങ്ങളുമായെത്തുന്ന മോഹൻലാല്‍ തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ‘ഹൃദയപൂർവം’ എന്ന് ഉറപ്പു നൽകുന്നതാണ് ഒരു മിനിറ്റും 52 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ. ട്രെയിലറിന്റെ പശ്ചാലത്തലത്തിലുള്ള ഗാനവും ഹൃദ്യമാണ്.
മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.