‘അടുക്കളയില്‍ തിരക്കിട്ട പാചകം, തലയില്‍ കെട്ടുമായി സാമ്പാറിനു അരിയുന്ന ശശിയേട്ടൻ’: ഓർമകളിൽ ഐ.വി.ശശി
Mail This Article
‘സംവിധാനം: ഐ.വി ശശി’
ടെറ്റിൽ കാർഡിൽ ഇതു തെളിയുമ്പോൾ തിയറ്ററുകളിൽ കൈയടിയുടെയും ആരവങ്ങളുടെയും പെരുമ്പറ മുഴങ്ങിയിരുന്നു. അതുകൊണ്ടാണല്ലോ, ശശിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഫോട്ടോ കവർപേജിൽ ഉൾപ്പെടുത്തിയ ഒരു വാരിക അതോടൊപ്പം ഇങ്ങനെ ചേർത്തതും –
‘ഉത്സവം കഴിഞ്ഞു’!
ഐ.വി ശശി എന്ന മനുഷ്യന്റെയും കലാകാരന്റെയും ജീവിതത്തെയും അതിന്റെ വിരാമത്തയും അടയാളപ്പെടുത്താൻ ഇതിലും മികച്ച മറ്റൊരു വിശേഷണം ഇല്ല.
ഇരുപ്പം വീടു ശശിധരന്‍ എന്ന ഐ.വി ശശി: മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഷോ മാന്‍. താരപദവി സ്വന്തമാക്കിയ സംവിധായകൻ. വന്‍ വിജയങ്ങളുടെയും വലിയ പരാജയങ്ങളുടെയും കയറ്റിറക്കങ്ങള്‍ കടന്ന മൂന്നു പതിറ്റാണ്ടുകള്‍. അംഗീകാരങ്ങളുടെയും ജനപ്രീതിയുടെയും ‘ഉത്സവകാലം’. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ഒടുവിലും എണ്‍പതുകളിലുമായി യുവത്വം കടന്ന ഒരു തലമുറയുടെ സിനിമാനുഭവങ്ങളെ ആഘോഷമാക്കിയ മനുഷ്യൻ. അക്കാലത്തെ ഏതൊരു താരത്തിനും കിട്ടാവുന്നിടത്തോളം ജനകീയത. മറ്റൊരു സംവിധായകനും ഒരു കാലത്തും ലഭ്യമായിട്ടില്ലാത്ത, പ്രതീക്ഷിക്കുവാനാകാത്ത താരപ്രഭ...അങ്ങനെയങ്ങനെ ഒരു സിനിമ പോലെ സംഘര്‍ഷങ്ങളും വഴിത്തിരിവുകളും നിറഞ്ഞതായിരുന്നു, 2017 ഒക്ടോബർ 24നു മരണപ്പെടും വരെയുള്ള ഐ.വി. ശശിയുടെ 69 വര്‍ഷത്തെ ജീവിതം.
എൺപതുകളിലും തൊണ്ണൂറുകളിലും സിനിമ മോഹവുമായി കൊമേഴ്സ്യൽ മേഖലയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങിയ എല്ലാ ചെറുപ്പക്കാരെയും പോലെ എ.കെ. സാജന്റെയും ആരാധനാപാത്രങ്ങളിലൊരാൾ ഐ.വി.ശശിയായിരുന്നു. താൻ എഴുതാനാഗ്രഹിക്കുന്ന തരം സിനിമകളുടെ സ്രഷ്ടാവായ ഐ.വി.ശശിയോടൊപ്പം പ്രവർത്തിക്കുകയെന്നതും സാജന്റെ മോഹങ്ങളിലൊന്നായിരുന്നു. പിന്നീട് മലയാളത്തിലെ തിരക്കേറിയ തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായപ്പോഴും സാജന്റെ ആ മോഹം സാധ്യമായില്ല. പല ആലോചനകളും പാതിയിൽ നിലച്ചു. എങ്കിലും ശശിയുമായി ആഴത്തിലുള്ളൊരു സൗഹൃദം സാജൻ സമ്പാദിച്ചു.
‘‘ഒരു പ്രേക്ഷകനായാണ് ശശിയേട്ടനെ ആദ്യം അറിയുന്നത്. ‘അങ്ങാടി’യൊക്കെ തിയറ്ററില്‍ കണ്ടപ്പോൾ ആരാധനയായി. അതിനു ശേഷം അദ്ദേഹവുമായി അടുത്തിടപഴകുവാനുള്ള ധാരാളം അവസരങ്ങള്‍ കിട്ടി. ആദ്യം കാണുന്നത് എറണാകുളത്തെ ബി.ടി.എച്ചില്‍ വച്ചാണ്. അവിടെയാണ് ടി.ദാമോദരന്‍ മാഷ് തിരക്കഥയെഴുതാനെത്തുക. വൈകുന്നേരങ്ങളില്‍ എസ്.എന്‍. സ്വാമിയും ഞാനുമൊക്കെ മാഷിന്റെ മുറിയിലെത്തി, കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ തുടങ്ങും. അക്കാലത്ത്, അവിടെയാണ് മിക്ക എഴുത്തുകാരുടെയും താവളം. അടുത്തടുത്ത മുറികളിലാകും ഇവരൊക്കെ താമസിക്കുക. ഇടയ്ക്കിടെ ശശിയേട്ടനും വന്നു പോകും. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഞാനപ്പോൾ സിനിമയില്‍ അത്ര ശ്രദ്ധേയനൊന്നുമല്ല. എന്നാല്‍ അതൊന്നും ശശിയേട്ടന് പ്രശ്‌നമായിരുന്നില്ല. ആരൊക്കെയാണോ മുറിയിലുള്ളത് അവരോടൊക്കെ വളരെ സൗഹൃദത്തോയാകും ഇടപഴകുക. വലുപ്പച്ചെറുപ്പമില്ലാതെ എന്നെയും അദ്ദേഹം പരിഗണിച്ചിരുന്നു. ഒരു തുടക്കക്കാരനെന്ന നിലയില്‍, അന്നത്തെ പ്രായത്തിന്റെ തിളപ്പിൽ, ഞാന്‍ ശശിയേട്ടന്റെ ചില സിനിമകളെയൊക്കെ വിമര്‍ശിക്കുമായിരുന്നു. അതെല്ലാം സാകൂതം കേട്ടിരുന്നിട്ട്, അദ്ദേഹം ചിരിയോടെയാകും മറുപടി പറയുക. ഞങ്ങള്‍ തമ്മില്‍ അനൗദ്യോഗികമായ സംസാരങ്ങളായിരുന്നു അധികം.
ഒരു ദിവസം, ഞാന്‍ മദ്രാസിലുള്ളപ്പോള്‍, അദ്ദേഹത്തിന്റെ പഴയ വീട്ടിലേക്കെന്നെ കൂട്ടിക്കൊണ്ടു പോയി. ഒരു കന്നഡ സിനിമ മലയാളത്തിലാക്കുവാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നെ ആ സിനിമ കാണിച്ചിട്ട്, ‘നീ ഇതു പൊളിച്ചു മലയാളത്തിലെഴുതണം’ എന്നു പറഞ്ഞു. ഒരു ഭാര്യയും ഭര്‍ത്താവും കാമുകിയുമൊക്കെ അടങ്ങുന്ന ആ കുടുംബകഥ എനിക്കു വഴങ്ങുന്നതായിരുന്നില്ല. പത്തിരുപതു ദിവസം ഞാനവിടെ താമസിച്ചു ശ്രമിച്ചെങ്കിലും എഴുതാനായില്ല. എങ്കിലും ആ ദിവസങ്ങളിൽ ശശിയേട്ടനുമായി കൂടുതല്‍ അടുത്തു. പഴയ കഥകള്‍ കേട്ടു. അടുത്താല്‍ ആരോടും ഉള്ളു തുറക്കുന്ന ആളായിരുന്നു. ഞാന്‍ യാത്ര പറഞ്ഞു പിരിഞ്ഞ ശേഷം മറ്റൊരാൾ ആ സിനിമ എഴുതി, അതാണ് ‘അര്‍ത്ഥന’.
പിന്നെയെവിടെയെങ്കിലുമൊക്കെ വച്ചു കാണുമ്പോള്‍, ‘നീയെനിക്കു വേണ്ടി ഒരു തിരക്കഥ എഴുതിയില്ലല്ലോ ? എത്ര തവണയായി ഞാന്‍ നിന്നോടു പറയുന്നു’ എന്നൊക്കെ ശശിയേട്ടന്‍ ചോദിക്കുമായിരുന്നു. ഞാന്‍ ചിരിക്കും. എന്തിനാണദ്ദേഹം അങ്ങനെ പറയുന്നതെന്നു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം, അദ്ദേഹത്തേ മോഹിപ്പിക്കുന്ന ഒരു എഴുത്തുകാരനൊന്നുമല്ല ഞാന്‍. പി. പത്മരാജനെയും എം.ടി.യെയും പോലെ വലിയ ലെജന്‍ഡുകളെ തിരക്കഥാകൃത്തുക്കളായിക്കിട്ടിയ ഒരാളാണിതു പറയുന്നതെന്നോര്‍ക്കണം. അതല്ല ശശിയേട്ടന്‍ പരിഗണിക്കുക, പുതിയവരില്‍ നിന്നു എന്താകും കിട്ടുക എന്നതായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ചിന്ത.
റോഡില്‍ ഇറങ്ങി നിന്നാല്‍ ചുറ്റും ജനം നിറയുന്ന ഒരേയൊരു സംവിധായകനായിരുന്നു ശശിയേട്ടന്‍. ഏതു സാധാരണക്കാരനും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അഞ്ചടി പൊക്കമുള്ള, തലയില്‍ തൊപ്പി വച്ച ഒരു മനുഷ്യന്‍ റോഡിലേക്കിറങ്ങി നിന്നാല്‍ ആളുകൾ ‘ശശിയേട്ടാ...’ എന്നു വിളിച്ച് ഓടിവരുന്നതു കാണുമ്പോള്‍ ആരും കോരിത്തരിക്കും. മലയാള സിനിമയിലെ ഒരേയൊരു താരസംവിധായകനായിരുന്നു ശശിയേട്ടന്‍. ഇത്രയേറെ വൈവിധ്യമുള്ള കഥകള്‍ സിനിമയാക്കിയ മറ്റൊരു സംവിധായകന്‍ മലയാളത്തിലില്ല. അഹങ്കാരത്തിന്റെ നിഴല്‍ പോലുമില്ലാതെ, വളരെയേറെ വിനയത്തോടെയായിരുന്നു ശശിയേട്ടന്റെ പെരുമാറ്റം. യാതൊരു വിധ കംപ്യൂട്ടന്‍ ഗ്രാഫിക്‌സുമില്ലാത്ത കാലത്താണ് അദ്ദേഹം ‘മൃഗയ’ സംവിധാനം ചെയ്തതെന്നോര്‍ക്കുക. പത്തു നാല്‍പ്പതു വര്‍ഷം സിനിമയ്ക്കായി ജീവിച്ച ഒരാളില്‍ പ്രായം ഏൽപ്പിക്കുന്ന തളര്‍ച്ചകളായിരുന്നു അവസാന കാലത്ത് അദ്ദേഹത്തെയും ബാധിച്ചത്. പെട്ടെന്ന് ലോകം മാറി മറിഞ്ഞെങ്കിലും ശശിയേട്ടന്‍ പിടിച്ചു നിന്നു. അവസാനകാലത്തും അദ്ദേഹത്തിന്റെ മനസ്സിൽ വലിയ സിനിമകള്‍ക്കായുള്ള പദ്ധതികളുണ്ടായിരുന്നു.
ബാബു നമ്പൂതിരിയെ നായകനാക്കി ‘തൃഷ്ണ’ തുടങ്ങുകയും നാലു ദിവസം കഴിഞ്ഞ് മമ്മൂട്ടിയെ വിളിച്ചു കൊണ്ടു വരികയും ചെയ്യുമ്പോള്‍ അദ്ദേഹത്തിനറിയാമല്ലോ, അടുത്തത് മമ്മൂട്ടിയാണെന്ന്. അതു മനസ്സിലാക്കുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും വലിയ കഴിവ്. പി. പത്മരാജന്റെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ‘ഇതാ ഇവിടെ വരെ’. ആ പടം പരാജയപ്പെട്ടിരുന്നുവെങ്കില്‍ പത്മരാജന്‍ സിനിമയില്‍ തോറ്റു പോയ ഒരു എഴുത്തുകാരനാകുമായിരുന്നു. എന്നിട്ടും ശശിയേട്ടനെ ബൗദ്ധിക സിനിമാസമൂഹം അവഗണിച്ചു. ശശിയേട്ടന്‍ കംപാര്‍ട്ടുമെന്റുകളിലൊതുങ്ങാത്ത ആളായിരുന്നു. മറ്റാരാലും സാധ്യമാകാത്തവയായിരുന്നു ശശിയേട്ടന്റെ സിനിമകള്‍.
ഒരിക്കൽ, ശശിയേട്ടന്‍ എറണാകുളത്തെ എക്‌സ്പ്രസ് ടവറില്‍ താമസിക്കുമ്പോള്‍ എന്നെ വിളിച്ചു, ‘നീ വാ. ഉച്ചയ്ക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം’ എന്നു പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ ഫ്‌ളാറ്റിന്റെ അടുക്കളയില്‍ ശശിയേട്ടന്‍ തിരക്കിട്ട പാചകത്തിലാണ്. ഒരു അടുപ്പില്‍ അരി തിളയ്ക്കുന്നു. മറ്റൊന്നില്‍ പരിപ്പ്. ശശിയേട്ടന്‍ തലയില്‍ കെട്ടുമായി സാമ്പാറിനരിയുന്നു. ഞാന്‍ ഞെട്ടിപ്പോയി. നൂറ്റമ്പത് സിനിമ ചെയ്ത മനുഷ്യനാണ്. ഒരു സിനിമ വിജയിച്ചാല്‍ താജില്‍ നിന്നു മാത്രം ഭക്ഷണം കഴിക്കുന്നവരുടെ കാലത്താണ് വെണ്ടയ്ക്ക അരിയുന്ന ശശിയേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തിയത്. ചെന്നൈ ജീവിതം തുടങ്ങിയ കാലം മുതല്‍ കഴിവതും ഒറ്റയ്ക്കു ഭക്ഷണമുണ്ടാക്കിക്കഴിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ‘ഞാന്‍ നല്ല കുക്ക് ആടാ’ എന്നു പറഞ്ഞ്, ഓംലെറ്റുള്‍പ്പടെ ഊണും തന്നാണ് എന്നെ യാത്രയാക്കിയത്’’.– സാജൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.
‘ഐ.വി ശശി’ എന്നതു മാത്രം അദ്ദേഹത്തിന്റെ സിനിമകളുടെ പരസ്യവാചകമായിരുന്ന കാലം. നായകനോ നായികയോ ആരുമാകട്ടേ, ശശിയുടെ സിനിമയെങ്കിൽ തിയറ്ററുകളിൽ ജനം കയറിയിരുന്നു. ഒരു വര്‍ഷം പത്തും പതിനഞ്ചും സിനിമകള്‍. ഒരേ സമയം ഒന്നിലധികം സിനിമകള്‍. അവയില്‍ ഭൂരിപക്ഷവും വന്‍ വിജയങ്ങളും. അക്കാലത്ത് താരങ്ങളുടെ ഡേറ്റിനു വേണ്ടിയായിരുന്നില്ല, ശശിയുടെ ഡേറ്റിനു വേണ്ടിയായിരുന്നു നിര്‍മ്മാതാക്കളുടെ ശ്രമം. മലയാള സിനിമ ഐ.വി ശശിയെന്ന പേരിലേക്കു ചുരുങ്ങിയ, ആര്‍ക്കും ഒന്നിനും ശശിക്കു പകരമാകുവാനാകാത്ത ഒരു യുഗം.
