അന്നത്തെ നാലടി പൊക്കമുള്ള മിടുക്കി, ഇന്നത്തെ നമ്മുടെ നവ്യ: ഹൃദയംതൊടും ഓർമ ചിത്രം Navya Nair's kalolsavam memories
Mail This Article
സ്കൂൾ കലോത്സവ വേദി വെള്ളിത്തിരയ്ക്കു സമ്മാനിച്ച പ്രതിഭയാണ് നടി നവ്യ നായർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നിത്തിളങ്ങി ഇഷ്ടം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം. ഇപ്പോഴിതാ കലോത്സവ കാലത്തെ ഹൃദയം തൊടും ഓർമകൾ പങ്കുവച്ച് സോഷ്യൽ മീഡിയയുടെ ഇഷ്ടം നേടുകയാണ് നവ്യ. അഞ്ചാം ക്ലാസിൽ മോണോ ആക്ടിന് ഒന്നാം സമ്മാനം നേടിയ പഴയ പത്രവാർത്തയാണ് നവ്യ പങ്കുവച്ചത്. പരിശീലകൻ ആലപ്പുഴ സുദർശനനൊപ്പം നിൽക്കുന്ന നവ്യയെ പത്രവാർത്തയിൽ കാണാം. കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിലെ പഠനകാലത്താണ് നവ്യയ്ക്ക് യുപി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിച്ചത്. വി. ധന്യ എന്ന യഥാർഥ പേരാണ് പത്രവാർത്തയിൽ നൽകിയിരിക്കുന്നത്.
പത്രവാർത്ത ഇങ്ങനെ – ‘നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം. കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിലെ വി. ധന്യയാണ് യുപി വിഭാഗം മോണോ ആക്ടിൽ ഒന്നാമതെത്തിയത്. പരിശീലകൻ ആലപ്പുഴക്കാരനായ ടി. സുദർശനനും.’നവ്യയുടെ പഴയ ചിത്രവും പത്രവാർത്തയും ആരാധകരും ഏറ്റെടുത്തു. നിരവധിപ്പേരാണ് നവ്യയ്ക്ക് ആശംസ അറിയിച്ച് കമന്റ് ചെയ്യുന്നത്.
‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത പാതിരാത്രി എന്ന ചിത്രമാണ് നവ്യയുടേതായി പുറത്തു വന്നിട്ടുള്ളത്. ചിത്രത്തിൽ സൗബിൻ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ‘പാതിരാത്രി’ പുരോഗമിക്കുന്നത്.