Wednesday 20 May 2020 05:17 PM IST

സങ്കടം മറക്കാനല്ല, ഇതെന്റെ മാത്രം സന്തോഷങ്ങള്‍; പാട്ടുകാരി റിമി പാചകക്കാരിയാകുമ്പോള്‍

Binsha Muhammed

rimi-cover

ആടിത്തീരാന്‍ ഇനിയും വേഷങ്ങള്‍ ബാക്കിയെന്ന് പറഞ്ഞ മാതിരിയാണ് റിമി ടോമിയുടെ കാര്യം. ഗായിക, നായിക, അവതാരക എന്നു വേണ്ട എന്തു റോളും ഇവിടെ ഓകെയാണ് ഭായ്... എന്ന് ചിരിയില്‍ പൊതിഞ്ഞ് റിമി മറുപടി പറയും. മുത്തുചിതറും പോലുള്ളപൊട്ടിച്ചിരിയും കുറിക്കു കൊള്ളുന്ന തമാശയുമായി പ്രേക്ഷക മനസുകളില്‍ കുടിയേറിയ ഈ പാലാക്കാരിയുടെ പുതിയ വേഷം യൂ ട്യൂബറുടേതാണ്. പാട്ടുകാരി കൊച്ചിനെക്കൊണ്ട് യൂ ട്യൂബറുടെ വേഷം കെട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ സാക്ഷാല്‍ ലോക് ഡൗണ്‍ തന്നെയാണ് അതിന് ഉത്തരവാദിയെന്ന് റിമി സ്‌റ്റൈലില്‍ മറുപടിയെത്തും. നാവില്‍ വെള്ളമൂറുന്ന കലക്കന്‍ ബീഫ് റോസ്റ്റ് തയ്യാറാക്കി ഭക്ഷണപ്രേമികളുടെ ഹൃദയം കവരുകയാണ് ഈ പ്രിയപ്പെട്ട പാട്ടുകാരി. പാട്ടിന്റെ സരിഗമയ്‌ക്കൊപ്പം കുക്കിങ്ങിന്റെ എബിസിഡിയും പരീക്ഷിച്ച് വിജയിച്ച കഥ വനിത ഓണ്‍ലൈന്‍ തേടിയപ്പോള്‍ തനി പാലാ സ്റ്റൈലില്‍ മറുപടിയെത്തി. പാട്ടും പാചകവും ഇഴചേര്‍ന്ന റിമിയുടെ കഥ ഇവിടെ തുടങ്ങുന്നു.

rimi-main

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..എന്നു പറഞ്ഞ മാതിരിയാണ് എന്റെ യൂട്യൂബ് ചാനലിന്റെ തുടക്കം. പാട്ടും കവര്‍ സോംഗുകളും ചെയ്യാന്‍ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയേക്കാം എന്ന് തീരുമാനിച്ചത് രണ്ടു കൊല്ലം മുമ്പ്. പക്ഷേ നാളെ..നാളെ...നീളെ...നീളെ എന്നു പറഞ്ഞ മാതിരി സംഭവം നീണ്ടു പോയി. തിരക്കു തന്നെ പ്രധാന കാരണം. പക്ഷേ ലോക് ഡൗണില്‍ വീട്ടില്‍ നല്ല കുട്ടിയായി ഇരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വീണ്ടും തലയില്‍ ബള്‍ബ് മിന്നി. റിമി ടോമി ഒഫിഷ്യല്‍ യൂ ട്യൂബ് ചാനല്‍ അങ്ങനെ പിറവി കൊള്ളുകയായി-തനി പാലാസ്റ്റൈലില്‍ റിമി വര്‍ത്താനം പറഞ്ഞു തുടങ്ങുകയാണ്.

rimi-1

ആദ്യമൊക്കെ എന്റെ ഫോണിലുണ്ടായിരുന്ന കുഞ്ഞു കുഞ്ഞു പാട്ടുകളും യാത്രാ വിഡിയോയുമൊക്കെ പോസ്റ്റ് ചെയ്തു. എല്ലാത്തിനുമൊടുവില്‍ ഒരു ചേഞ്ചിന് വേണ്ടി അടുക്കള കയ്യേറാന്‍ തീരുമാനിച്ചു. ലോക് ഡൗണ്‍ തുടങ്ങിയപ്പോള്‍ ചിക്കന്‍ റോസ്റ്റ് പരീക്ഷിച്ച് തുടങ്ങി. സംഭവം സൂപ്പറാണെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ കോണ്‍ഫിഡന്റായി. ആ കോണ്‍ഫിഡന്‍സാണ് ആദ്യമായി റെസിപ്പി യൂ ട്യൂബിലിടാന്‍ പ്രചോദനം നല്‍കിയത്. അതിന് പരീക്ഷണ വസ്തുവായത് ബീഫും. പാലാ സ്റ്റൈലില്‍ കിടിലന്‍ ബീഫ് റോസ്റ്റ് അങ്ങ് തയ്യാറാക്കി. നന്നായി പഠിച്ച്...പരീക്ഷിച്ച് സംഗതി കിടുവാണ് എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പരീക്ഷണം. വിഡിയോ ഷൂട്ട് ചെയ്യും മുമ്പ് ഒന്നു രണ്ടു തവണ ബീഫ് റോസ്റ്റ് പ്രിപ്പയര്‍ ചെയ്ത് അതിന്റെ രുചി ഉറപ്പു വരുത്തിയിരുന്നു. സംഗതി ക്ലിക്കാകും എന്ന് ഉറപ്പായപ്പോള്‍ വിഡിയോ നന്നായി ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്യിപ്പിച്ചു. മുന്‍പുള്ളതിനേക്കാള്‍ കുറേ അധികം പേര്‍ കണ്ടു ആ വിഡിയോ. ഏകദേശം എട്ട് ലക്ഷത്തിനടുത്ത് ആള്‍ക്കാര്‍ ബീഫ് റോസ്റ്റ് വിഡിയോ കണ്ടു. നല്ല അഭിപ്രായം പറഞ്ഞു.  ബീഫ് റോസ്റ്റ് ക്ലിക്കായതിനു പിന്നാലെ  ആദ്യം പരീക്ഷിച്ച ചിക്കന്‍ റോസ്റ്റും യൂ ട്യൂബില്‍ പോസ്റ്റു ചെയ്തു. അതിനും കിട്ടി 5 ലക്ഷം കാഴ്ചക്കാര്‍.

rimi-3

ഈ കൊച്ച് ഇതെന്നാ ചെയ്യുന്നേ

വിഡിയോ പോസ്റ്റ് ചെയ്യുന്നതിനൊപ്പിച്ച് തകൃതിയായി കമന്റുകളും പിന്നാലെയെത്തി. പാട്ടുകാരിയായ റിമി ഇതെന്നാ ചെയ്യുന്നേ എന്നറിയാനായിരുന്നു ആദ്യ സംഘം കമന്റ് ബോക്‌സിലെത്തിയത്. റിമീടെ വര്‍ത്താനം കേള്‍ക്കാന്‍ വന്നതാ എന്നു പറഞ്ഞ് പിന്നെ കുറേ പേര്‍. ശ്ശെടാ...അപ്പോ എന്റെ ബീഫ് ആര്‍ക്കും വേണ്ടേ എന്ന ചിന്തയായിരുന്നു. പിന്നെ കുറേ പേര്‍ എത്തിയത് പാട്ടു പാടുമോ എന്നറിയാനായിരുന്നു. നമ്മുടെ റൂട്ട് വേറെയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇജ്ജാതി ചോദ്യങ്ങളൊക്കെ നിര്‍ത്തി. പിന്നെ പിന്നെ പാചകം സീരിയസായി. അതിനിടയ്ക്കും റിമിയ്ക്ക് പാചകമൊക്കെ വശമുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാനെത്തിയവരും ഉണ്ടായിരുന്നു. പാട്ടുകാരി കൊച്ചിന് പാചകവും വശമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ സംഗതി കട്ട സീരിയസായി. പാചകം മാത്രമായിചര്‍ച്ച.

rimz

എന്റെ റെസിപ്പി പരീക്ഷിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞു. നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്, എംജി ശ്രീകുമാറേട്ടന്റെ വൈഫ് ലേഖ എന്നിവരൊക്കെ കോംപ്ലിമെന്റുകള്‍ തന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി, ഈ റെസിപ്പിയൊക്കെ എവിടുന്നാ കിട്ടുന്നതെന്ന്, വീട്ടിലെ അമ്മയുടെ പാചക പരീക്ഷണങ്ങള്‍ തന്നെയാണ് പ്രചോദനം. പിന്നെ രുചികളുടെ സ്വന്തം നാടായ പാലായും. കുറേയൊക്കെ സോഷ്യല്‍ മീഡിയ തന്ന വിലപ്പെട്ട പാചക  നുറുങ്ങുകള്‍. തീര്‍ന്നിട്ടില്ല കഥ...പാലാ സ്റ്റൈല്‍ ചട്ടി മീന്‍കറി, പെരുന്നാള്‍ സ്‌പെഷ്യല്‍ ഈത്തപ്പഴ അച്ചാര്‍, ഉന്നക്കായ തുടങ്ങിയ സംഗതികള്‍ വരാനിരിക്കുന്നേ ഉള്ളൂ...

എനിക്ക് വലുത് എന്റെ സന്തോഷം

പാട്ടുപാടിയാലും പാചകം ചെയ്താലും പലരും സ്ഥിരം പാസാക്കുന്ന കമന്റുകളുണ്ട്. റിമി ഉള്ളില്‍ കരയുകയാണല്ലേ...ഉള്ളില്‍ കരഞ്ഞുകൊണ്ട് എങ്ങനെ സന്തോഷമായിരിക്കുന്നു.... ഇങ്ങനെ പോകുന്നു കമന്റുകള്‍. ഇടയ്ക്ക് ലണ്ടനിലെ പള്ളിയില്‍ ഇരുന്ന് പാടിയപ്പോള്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയ ഹെഡിങ് നെഞ്ചുപൊട്ടി സങ്കടഭാരത്താല്‍ റിമി പാടുന്നു എന്നായിരുന്നു. ലോക് ഡൗണിനു മുമ്പ് യാത്രകള്‍ പോയപ്പോള്‍ പറഞ്ഞത് വേദനകള്‍ മറക്കാന്‍ റിമിയുടെ യാത്ര എന്നൊക്കെയായിരുന്നു. എല്ലാ കമന്റുകളും പ്രയോഗങ്ങളും എന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. എന്റെ പൊന്നു ചേട്ടന്‍മാരേ... ചേച്ചിമാരേ... ഇതൊക്കെ എന്റെ മാത്രം സന്തോഷങ്ങളാണ്. പാചകവും യാത്രയും പാട്ടുമൊന്നും സങ്കടം അണപൊട്ടിയൊഴുകുന്നത് കൊണ്ടൊന്നുമല്ല. അന്നും ഇന്നും ഹാപ്പിയായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അത് കിട്ടുന്നത് ഇങ്ങനെ കുറേ സംഗതികളിലൂടെയാണ്. എല്ലാം എന്റെ മാത്രം ഇഷ്ടങ്ങളാണ്...അതില്‍ക്കവിഞ്ഞൊരു മറുപടി പറയാനില്ല. ഓള്‍വേയ്‌സ് ബീ ഹാപ്പി...അതാണ് റിമിയുടെ പോളിസി- റിമി പറഞ്ഞു നിര്‍ത്തി.