Friday 10 May 2019 02:08 PM IST

മരണത്തെ തോൽപ്പിച്ചത് ഒന്നല്ല, മൂന്നു വട്ടം! ജീവിതം കൈപ്പിടിയിലൊതുക്കിയ കഥ പറഞ്ഞ് അനീഷ് രവി

V.G. Nakul

Sub- Editor

a1

രേഖകളിൽ അനീഷ്. ആർ എന്നാണ് പേര്. കലാരംഗത്ത് സജീവമായപ്പോൾ നാടിന്റെ പേരു കൂടി ചേർത്ത് അനീഷ് ചിറയൻകീഴ് എന്നാക്കി. അടുത്തകാലത്ത് വീണ്ടുമൊന്നു പരിഷ്കരിച്ച്, അച്ഛന്റെ പേരിന്റെ ചുരുക്കെഴുത്തു കൂടി യോജിപ്പിച്ച് അനീഷ് രവിയായി. എന്താക്കിയിട്ടെന്താ, കാണുന്നവരൊക്കെ സ്നേഹത്തോടെ ഓടി വന്ന്, കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് ‘മോഹനകൃഷ്ണാ...’ എന്നാണ് വിളിക്കുക.

‘അതിൽ പരം മറ്റെന്തു സന്തോഷമാണ് വേണ്ടത്.’– അനീഷ് ചോദിക്കുന്നു. ‘കാര്യം നിസ്സാര’ ത്തിലെ മോഹനകൃഷ്ണൻ സാറിനെ മലയാളി അത്രത്തോളം ഹൃദയത്തോടു ചേർത്തു നിർത്തിയിരിക്കുകയാണ്...

നാടകം, മിമിക്രി, ഷോർട് ഫിലിം , സീരിയൽ, സിനിമ, ആങ്കറിങ്, തിരക്കഥ, സംവിധാനം എന്നു വേണ്ട ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സ്വന്തം ട്രൂപ്പായ തിരുവനന്തപുരം മെഗാസിന്റെ വേദികളിലുമൊക്കെയായി അനീഷ് രവി മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങള്‍ പലതായി.

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ നാട്ടിൽ നിന്നു വന്ന്, പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സജീവ സാന്നിധ്യമായി വളർന്നതിനു പിന്നിൽ കാലങ്ങളുടെ അധ്വാനവും പരിശ്രമവുമുണ്ടെന്ന് അനീഷ് പറയുന്നു. അഭിനയ – വ്യക്തി ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ ‘വനിത ഓൺലൈനി’നു വേണ്ടി അനീഷ് പങ്കു വയ്ക്കുകയാണ്, ഈ ചെറിയ സംഭാഷണത്തിൽ...

a4

ആറാം വയസ്സിൽ തട്ടിൽ

എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷത്തോളമായി. 2000 ൽ, ‘മോഹനം’ എന്ന സീരിയലാണ് വഴിത്തിരിവായത്. നാടകങ്ങളിലാണ് തുടക്കം. അഞ്ച്, ആറ് വയസ്സൊക്കെയുള്ളപ്പോൾ അഭിനയിച്ചു തുടങ്ങി. പിന്നീടാണ് മിമിക്രിയിലേക്കു വന്നത്. നാടകത്തിൽ, നാട്ടിലും പരിസര പ്രദേശങ്ങളിലുമൊക്കയുള്ള ക്ലബുകൾക്കു വേണ്ടിയാണ് പ്രധാനമായും സഹകരിച്ചിരുന്നത്. കൂടുതലും സമാന്തര നാടകങ്ങളായിരുന്നു. ധാരാളം സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്.

നാട്ടുമ്പുറത്തു നിന്ന്

ചിറയൻകീഴിൽ, മഞ്ചാടിമൂടാണ് എന്റെ നാട്. സാധാരണ കുടുംബം. അച്ഛൻ രവീന്ദ്രൻ ആദ്യം ഗൾഫിലായിരുന്നു. പിന്നീട് സ്വന്തമായി ഒരു പലചരക്കുകട തുടങ്ങി. അമ്മ അംബുജാക്ഷി നന്നായി പാടുമായിരുന്നു. ഞാനടക്കം നാലു മക്കളാണ്. രണ്ടു ചേട്ടൻമാരും ഒരു ചേച്ചിയും. ചേട്ടൻമാരും ചെറുപ്പത്തിൽ നാട്ടിലെ നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

അച്ഛന്റെ അച്ഛൻ ഗോവിന്ദനാശാൻ എന്ന അച്ചാച്ചൻ കഥകളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ്.

a5

തലവര മാറ്റിയ മോഹനം

കോളേജിൽ പഠിക്കുമ്പോൾ സർവകലാശാല തലത്തിൽ മിമിക്രിയിൽ വിന്നറായിരുന്നു. പോകെപ്പോകെ കലാരംഗത്തു തന്നെ തുടരാമെന്നു തീരുമാനിക്കുകയായിരുന്നു. ആദ്യം അഭിനയിക്കുന്നത് ‘ബലിക്കാക്കകൾ’ എന്ന ഷോർട് ഫിലിമിലാണ്. ആദ്യത്തെ സീരിയൽ സാജൻ സാർ സംവിധാനം ചെയ്ത ‘സ്നേഹതീരങ്ങളിൽ’ ആണ്. പക്ഷേ തലവര മാറ്റിയത് ‘മോഹന’ത്തിലെ മണികണ്ഠനാണ്. അതു കഴിഞ്ഞ് ധാരാളം അവസരങ്ങൾ വന്നു. ‘ശ്രീനാരായണ ഗുരുദേവനി’ൽ ഗുരുദേവനായി അഭിനയിക്കാനായത് വലിയ ഭാഗ്യമായി. ‘മിന്നുകെട്ടി’ലെ വിമൽ.ആർ.മേനോനായിരുന്നു അക്കാലത്തെ മറ്റൊരു ഹിറ്റ് കഥാപാത്രം.

കെ.ബാലചന്ദറിന്റെ നായകൻ

‘മിന്നുകെട്ടി’ന്റെ നിർമാതാക്കളായ സിനി ടൈംസ് വഴിയാണ് തമിഴിലെത്തിയത്. അവരുടെ ‘മേഖല’ എന്ന സീരിയലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് വിഖ്യാത സംവിധായകൻ കെ.ബാലചന്ദർ സാറിന്റെ ‘ശാന്തിനിലയ’ത്തിൽ നായകനായി. ഡോ.നരേൻ എന്ന കഥാപാത്രമായിരുന്നു അതിൽ.

അതിനു ശേഷമാണ് ‘കാര്യം നിസ്സാരം’ ചെയ്തത്. ആ സമയത്തു തന്നെ മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ‘കാര്യം നിസ്സാരം’ ചരിത്രമായി. 1011 എപ്പിസോഡുകളാണ് അത് സംപ്രേക്ഷണം ചെയ്തത്. അതിനു ശേഷം ‘അളിയൻ വേഴ്സസ് അളിയൻ’ വന്നു. ഇപ്പോ ‘അളിയൻസ്’ എന്ന സീരിയൽ ചെയ്യുന്നു.

a2

സിനിമയിൽ

കെ.ജി ജോർജ് സാറിന്റെ ‘ഇലവങ്കോടു ദേശ’മാണ് ഞാൻ ആദ്യം അഭിനയിച്ച സിനിമ. പക്ഷേ സിനിമ തിയേറ്ററിലെത്തിയപ്പോൾ ഞാനുണ്ടായിരുന്നില്ല. പിന്നീട് ‘ദോസ്ത്’, ‘കാക്കി നക്ഷത്രം’, ‘കുട്ടനാടൻ മാൾപ്പാപ്പ’ തുടങ്ങി കുറേ സിനിമകൾ ചെയ്തു. കലാഭവൻ മണി നായകനായ ‘പ്രിയപ്പെട്ട നാട്ടുകാരെ’ എന്ന ചിത്രത്തിൽ നല്ല ക്യാരക്ടറായിരുന്നു. പക്ഷേ, പടം വിജയിച്ചില്ല. ഞാൻ ‘പത്രണ്ട് വയസ്സ്’ എന്നൊരു ഷോർട് ഫിലിം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

മരണത്തോടു മുഖാമുഖം

മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ എന്റെ ജീവിതത്തിലുണ്ട്. 2003 ലോ 2004 ലോ ആണ്, ‘ഓപ്പോൾ’ എന്ന സീരിയലില്‍ അഭിനയിക്കുമ്പോൾ എനിക്കു സാരമായ രീതിയിൽ പൊള്ളലേറ്റു. കൈയിലും മറ്റുമായി 32 ശതമാനം പൊള്ളലുമായി 27 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഒരു വീടു കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ, ഒരു അസിസ്റ്റന്റ ് പയ്യൻ പെട്രോൾ എടുത്ത് ഒഴിച്ചതാണ്. എന്റെയും അവന്റെയും ദേഹത്തേക്ക് തീ പടർന്നു കയറുകയായിരുന്നു. മറ്റൊരപകടം കടലിൽ വീണതാണ്. ദുബായിൽ വച്ചാണത്, 2006 ൽ. തീരത്തേക്കു വന്ന ഒരു ബോട്ടിലേക്ക് ചാടിക്കയറാൻ നോക്കിയപ്പോൾ കാല് തെന്നി കടലിൽ വീണു. ഒന്നു രണ്ടു തവണ മരണ വെപ്രാളത്തോടെ മുങ്ങിപ്പൊങ്ങി. മൂന്നാമത്തെ പൊങ്ങലിൽ ഒരാളുടെ കയ്യിൽ പിടി കിട്ടി. ഇല്ലെങ്കിൽ എല്ലാം അന്നു തീർന്നേനെ. മറ്റൊരു സംഭവം ‘കാക്കി നക്ഷത്ര’ത്തിൽ അഭിനയിച്ച് തിരിച്ചു വരും വഴിയാണ്. രാത്രിയാണ്, വണ്ടി ഓടിക്കുന്നതിനിടെ ഞാൻ അറിയാതെ ഉറങ്ങിപ്പോയി. കാറ് പാഞ്ഞ് ചെന്ന് ഒരു ലോറിയിൽ ഇടിച്ചു കയറി. അന്നും ആയുസ്സിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്.

a3

കുടുംബം

ഭാര്യ ജയലക്ഷ്മി പി.എസ്.സി ഓഫീസിൽ ഉദ്യോഗസ്ഥയാണ്. പ്രണയവിവാഹമായിരുന്നു. അവൾ നന്നായി പാടും. മൂത്ത മകൻ അദ്വൈത് ഒമ്പതാം ക്ലാസിലും ഇളയയാൾ അദ്വിക് യുകെജിയിലും പഠിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ ശക്തി.