മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ ഗൗതം മേനോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ബെഞ്ചമിന്‍ ജോഷ്വ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗൗതം മേനോന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്.
തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ബസൂക്ക നിർമിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കുവാനുള്ളത്. പൂർണമായും മൈൻഡ് ഗെയിം ത്രില്ലർ ജോണറിലാണ് ഈ സിനിമയുടെ അവതരണം.
സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ്, ദിവാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള.