Thursday 01 August 2019 03:48 PM IST

അടിമാലിയിലെ പെയിന്റ് പണിക്കാരൻ ചിരിയുടെ ഹൈറേഞ്ചിലെത്തിയ കഥ! ജീവിതം പറഞ്ഞ് ബിനു അടിമാലി

V.G. Nakul

Sub- Editor

b1

ബിനു അടിമാലി എന്ന പേരു പറഞ്ഞാൽ മറ്റു പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാതെ പ്രേക്ഷകർ ചിരിതുടങ്ങും. ഇടുക്കിയുടെ തനതു സംസാര ശൈലിയും തകർപ്പന്‍ മാനറിസങ്ങളുമായി, മിമിക്രി വേദികളിലും ചാനൽ ഫ്ലോറുകളിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന ബിനു ഇപ്പോൾ സിനിമയിലും തിളക്കമുള്ള ചിരിത്താരമാണ്.

തനതായ ശൈലിയും അപ്രതീക്ഷിത കൗണ്ടറുകളുടെ പെരുക്കവുമാണ് ബിനുവിന്റെ സ്റ്റേജ് പെർഫോമൻസുകളുടെ കരുത്ത്. കോമഡി റിയാലിറ്റി ഷോസ് മലയാളികൾക്കു നൽകിയ സമ്മാനം എന്നു തന്നെ ബിനുവിനെ വിളിക്കാം.

പ്രഫഷനൽ മിമിക്രിയിൽ 15 വർഷം പിന്നിടുന്ന ബിനു കലാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ‘വനിത ഓൺലൈനു’മായി മനസ്സ് തുറക്കുന്നു.

സ്കൂളിലെ കലാകുടുംബം

ഞാനും സഹോദരങ്ങളുമായിരുന്നു അടിമാലി സർക്കാർ സ്കൂളിലെ കലാകുടുംബം. പാട്ടാണ് മെയിന്‍ ഐറ്റം. അച്ഛനും അമ്മയ്ക്കും ഞങ്ങൾ അഞ്ച് മക്കളാണ്. ഞാനാണ് നാലാമൻ. എനിക്കു മുകളിൽ രണ്ടു ചേച്ചിമാരും ഒരു ചേട്ടനും. ഏറ്റവും ഇളയത് അനിയൻ.

ലളിതഗാനം സിനിമാ ഗാനം എന്നു വേണ്ട എന്തിനും ഏതിനും ഞങ്ങളുണ്ടാകും. ചേച്ചിമാരും ചേട്ടനുമൊക്കെ പഠിച്ചിറങ്ങിയപ്പോൾ ഞാനും അനിയനുമൊക്കെ സജീവമായി.

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മിമിക്രിക്കാരനാകണം എന്നായിരുന്നു ആഗ്രഹം. എന്തിലും തമാശ കണ്ടെത്തുന്നതും രസകരമായി അവതരിപ്പിക്കുന്നതുമൊക്കെ പണ്ടേ ഉള്ള ശീലമാണ്. പ്രീ ഡിഗ്രിയോടെ പഠനം നിർത്തി. സിനിമാ മോഹത്തിനൊപ്പം ദൂരദർശനിലെ മിമിക്സ് പരിപാടികളും ‘ദേ മാവേലി കൊമ്പത്തു’ പോലെയൊക്കെയുള്ള ഓഡിയോ കാസറ്റുകളുമൊക്കെയാണ് എന്നെ കടുത്ത മിമിക്രി ആരാധകനാക്കിയത്.

b3

മിമിക്രിയിൽ ഒരു തുടക്കം

അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ശിവരാത്രിക്കു മാത്രമാണ് ഒരു പരിപാടിയുണ്ടാകുക. പിന്നെ അടുത്ത ശിവരാത്രി വരെ കാത്തിരിക്കണം. ഇതിനിടെ ഞാനും കൂട്ടുകാരായ ഫൈസൽ അടിമാലിയും ഷൈജോ അടിമാലിയും ഒക്കെ ചേർന്ന് ‘അടിമാലി സാഗര’ എന്ന പേരിൽ ഒരു ട്രൂപ്പ് തുടങ്ങി. അക്കാലത്ത് ‘അടിമാലി ഫെസ്റ്റി’ന് ഞങ്ങൾ ഒരു സ്റ്റേജ് ഷോ തട്ടിക്കൂട്ടി. പുറത്തു നിന്നുള്ള ആർട്ടിസ്റ്റുകളെയും ഉൾപ്പെടുത്തി പരിപാടി അവതരിപ്പിച്ചു. അത് ഹിറ്റായതോടെ ട്രൂപ്പിന് ചെറിയ ചെറിയ പ്രോഗ്രാമുകൾ കിട്ടിത്തുടങ്ങി. അപ്പോഴും ഹൈറേഞ്ച് പോലെ ഒരു ഇടത്തു നിന്ന് എങ്ങനെ ഈ മേഖലയിൽ സജീവമാകാം എന്നൊന്നും യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

വഴിത്തിരിവായ രസികരാജ

‘രസികരാജ നമ്പർ വൺ’ ആണ് വഴിത്തിരിവായത്. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയില്‍ അത് ജീവിതത്തിന്റെ ഗതി മാറ്റി. ബിബിൻ ജോർജ് ഒക്കെ രസികരാജയിലൂടെ വന്നവരാണ്. റിയാലിറ്റി ഷോ ശരിക്കും ഒരു പരിശീലനക്കളരിയായിരുന്നു. പുതിയ പുതിയ ആശയങ്ങൾ കണ്ടെത്താനും സ്കിറ്റുകൾ എഴുതാനുമൊക്കെ റിയാലിറ്റി ഷോയിലെ പരിചയം ഗുണമായിട്ടുണ്ട്. മരണ വീട്ടിൽ ചെന്നാലും അതിൽ ഒരു കോമഡി ഉണ്ടോ എന്നായി പിന്നീടുള്ള ചിന്ത. രസിക രാജ കഴിഞ്ഞ് ‘കോമഡി സ്റ്റാർ’ വന്നു. അതോടെ കൂടുതൽ പരിപാടികളും ചാനല്‍ പ്രോഗ്രാമുകളും കിട്ടിത്തുടങ്ങി. മിമിക്രി കൊണ്ടു ജീവിക്കാം എന്ന ആത്മവിശ്വംസം കിട്ടിയതും അതിനു ശേഷമാണ്.

ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ ശശിധരന് ഫർണീച്ചറിന്റെ പണിയായിരുന്നു. അമ്മ മാധവി, പാട്ടത്തിനെടുത്ത പറമ്പില്‍ പണികളൊക്കെ ചെയ്തിരുന്നു. ഞങ്ങൾക്കും കുറേ പറമ്പൊക്കെയുണ്ടായിരുന്നുവെങ്കിലും അന്നന്നത്തേക്കുള്ള അന്നം കണ്ടെത്തിയുള്ള ജീവിതമായിരുന്നു. പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലം മുതൽ ഞാൻ പെയിന്റിങ്ങിന്റെ പണിക്കു പോയിത്തുടങ്ങി. ചാനൽ പരിപാടികളിൽ സജീവമായതോടെയാണ് അത് നിർത്തിയത്.

മിമിക്രി കലാകാരൻമാർക്ക് റിയാലിറ്റി ഷോയിൽ പ്രതിഫലം വളരെക്കുറവാണ്. പാട്ടുകാർക്ക് 1 കോടിയുടെ വില്ലയാണ് സമ്മാനമെങ്കിൽ ഞങ്ങൾക്ക് നാലോ അഞ്ചോ പേർക്കും കൂടി കിട്ടുക 40 ലക്ഷത്തിന്റെ ഫ്ളാറ്റാകും.

b2

സിനിമ

മണിയൻ പിള്ള രാജു സാറാണ് എനിക്കു സിനിമയിൽ ആദ്യമായി ഒരു വേഷം വാങ്ങിത്തന്നത്, ‘തൽസമയം ഒരു പെൺകുട്ടി’യിൽ. ഇതിനോടകം ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകൾ ചെയ്തു.

കൗണ്ടർ കഥ

സ്കിറ്റിനിടെ ഞാൻ ചില ഉപമകളൊക്കെ കൗണ്ടറായി പറയും. പലതും അപ്പപ്പോൾ മനസ്സിൽ തെളിയുന്നതാണ്. പലതും തിരക്കഥയിൽ ഞാൻ തന്നെ ചേർക്കും. മറ്റു പലതും അപ്പോൾ വരും പോലെ പറയും. കൂടെ നിക്കുന്നവർ പലപ്പോഴും ചിരിച്ചു പോകും എന്നതാണ് മറ്റൊരു കോമഡി. ഇപ്പോൾ തകർപ്പൻ കോമഡി, കോമഡി നൈറ്റ് വിത്ത് സുരാജ്, ടമാർ പഠാർ തുടങ്ങി ടെലിവിഷൻ പരിപാടികളും ഒപ്പം സിനിമകളും െചയ്യുന്നു.

b4

പ്രണയം ജീവിതം

ഭാര്യ ധന്യ. ഞങ്ങളുടെത് പ്രണയവിവാഹമായിരുന്നു. മൂന്നു മക്കളാണ്. മൂത്തവന്‍ ആത്മിക് പ്ലസ് വണ്ണിന് പഠിക്കുന്നു. രണ്ടാമത്തവൾ മീനാക്ഷി ആറാം ക്ലാസിൽ. ഇളയവൾ ആമ്പൽ 2 വയസ്സുകാരി. വിവാഹത്തോടെയാണ് ഞാൻ ജീവിതത്തെ കൂടുതൽ സീരിയസായി കാണാൻ തുടങ്ങിയത്. ഇപ്പോൾ എല്ലാം കൊണ്ടും ഹാപ്പി...