മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് – ബ്ലെസി ടീമിന്റെ ‘ആടുജീവിതം’. ബെന്യാമിന്റെ ഇതേ പേരിലുള്ള പ്രശസ്ത നോവലാണ് സിനിമയാകുന്നത്. എ.ആർ. റഹ്‌മാന്‍ ആണ് സംഗീത സംവിധായകൻ.
ചിത്രത്തിന്റെ വെബ്സൈറ്റ് എ.ആർ. റഹ്‌മാന്‍ കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോഞ്ച് ചെയ്തു.
‘‘ഇത്തരത്തിലൊരു വെബ്സൈറ്റ് മലയാള സിനിമയില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. സിനിമയുടെ പിന്നിലെ പ്രവര്‍ത്തനങ്ങളും അണിയറ പ്രവര്‍ത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണിത്. വെബ്സൈറ്റിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ ഈ വെബ്സൈറ്റില്‍ നിങ്ങള്‍ പ്രഭാതത്തില്‍ കാണുന്ന മസറയും മരുഭൂമിയും മറ്റും ആയിരിക്കില്ല ഉച്ചയ്ക്ക് കാണുമ്പോള്‍. വൈകുന്നേരം സായാഹ്നത്തിന്റെ വെളിച്ചത്തിലും രാത്രിയില്‍ ഇരുട്ടിന്റെ അകമ്പടിയോടെയും ആയിരിക്കും ഇവ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാന്‍ റഹ്‌മാന്‍ സര്‍ ഇവിടെ എത്തി എന്നത് വളരെ വലിയ കാര്യമാണ്’’.– ചടങ്ങിൽ ബ്ലെസി പറഞ്ഞു.
സംവിധായകന്‍ ബ്ലെസി, ബെന്യാമിന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ.സി. ഈപ്പന്‍ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിൽ പങ്കെടുത്തു. മാര്‍ച്ച് 28നു ചിത്രം തിയറ്ററുകളിലെത്തും.