Friday 10 November 2023 03:45 PM IST : By സ്വന്തം ലേഖകൻ

ഇനി ഒന്നിച്ച്...കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

kalidas

നടൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരിണി കലിംഗരായരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു നിശ്ചയം.

അടുത്തിടെ, ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ തരിണി കലിംഗരായരുമായുള്ള പ്രണയം വെളിപ്പെടുത്തി, തരിണിയെ പ്രപ്പോസ് ചെയ്യുന്ന കാളിദാസ് ജയറാമിന്റെ വിഡിയോ വൈറലായിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു.
തരിണി അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും പറയുന്ന അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുന്നു. വേദിയിലെത്തിയ കാളിദാസിനോട് തരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുമ്പോൾ, വിവാഹം കഴിക്കാൻ പോകു‌ന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരം തരിണിയെ പ്രപ്പോസ് ചെയ്തത്.
കഴിഞ്ഞ വർഷമാണ് തരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരണി ഉണ്ടായിരുന്നു.
നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.