Tuesday 30 April 2019 03:36 PM IST

മമ്മൂട്ടി പറഞ്ഞു, കൊച്ചിയിലെ എന്റെ ഡാൻസ് സ്കൂൾ ഇനി ഇവൾ നോക്കി നടത്തട്ടെ! പ്രഭയോടെ ചുവടുവച്ച് കൃഷ്ണ, ആരും അറിയാത്ത വിശേഷങ്ങൾ

Roopa Thayabji

Sub Editor

kk

‘‘എന്റെ പ്രിയശിഷ്യയാണ് കൃഷ്ണപ്രഭ. ഈ ലോകം മുഴുവൻ എനിക്ക് ഡാൻസ് സ്കൂളുകളുള്ളതു കൊണ്ട് എല്ലാം കൂടി ശ്രദ്ധിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ സ്കൂൾ കൃഷ്ണയെ ഏൽപ്പിക്കുന്നു...’’ നടി കൃഷ്ണപ്രഭ കൊച്ചി, പനമ്പിവ്ളി നഗറിലാരംഭിച്ച ജെയ്നിക സ്കൂൾ ഓഫ് ഡാൻസ് ഉത്ഘാടനം ചെയ്തുകൊണ്ട് നടൻ മമ്മൂട്ടി നടത്തിയ പ്രസംഗമാണിത്. സ്വതസിദ്ധമായ തമാശയോടെയാണ് മമ്മൂക്ക ഇത് പറഞ്ഞതെങ്കിലും ആ വാക്കുകൾ തനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണെന്നു പറഞ്ഞ് ചിരിക്കുകയാണ് കൃഷ്ണപ്രഭ.

‘‘എന്റെ ഡാൻസ് സ്കൂൾ ഉത്ഘാടനം ചെയ്യാൻ മമ്മൂക്ക വരണമെന്ന് ആഗ്രഹമുണ്ട് എന്നു പറഞ്ഞ് മമ്മൂക്കയ്ക്ക് മെസേജ് ചെയ്യുമ്പോൾ എന്താകും മറുപടിയെന്ന് ചെറിയ ടെൻഷനുണ്ടായിരുന്നു. ‘ഡാൻസ് സ്കൂൾ, ആർ യൂ കിഡ്ഡിങ് മീ’ എന്നായിരുന്നു മമ്മൂക്കയുടെ റിപ്ലേ. കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുവിളിച്ച് മമ്മൂക്ക തന്നെ ഉത്ഘാടന ദിവസവും സമയവുമൊക്കെ ചോദിച്ചു, എറണാകുളത്തുണ്ടെങ്കിൽ വരാമെന്നും പറഞ്ഞു. പിന്നീട് ഇക്കാര്യം പറഞ്ഞ് ഞാൻ ഇടയ്ക്കിടെ മമ്മൂക്കയ്ക്ക് മെസേജ് ചെയ്യും. അപ്പോഴൊന്നും മമ്മൂക്ക വരുമെന്ന് ഉറപ്പില്ലായിരുന്നു. ഉത്ഘാടനത്തിന്റെ തലേദിവസം രാത്രി ഉത്ഘാടനത്തിനു വരാമെന്നു പറഞ്ഞ് മമ്മൂക്കയുടെ മെസേജ് കിട്ടി. എക്സൈറ്റ്മെന്റ് കാരണം ഉത്ഘാടനം കഴിയുന്നതു വരെ എനിക്ക് റിലേ പോലും കിട്ടുന്നില്ലായിരുന്നു.’’

∙ ഡാൻസ് സ്കൂൾ തുടങ്ങാനുള്ള പ്ലാൻ നേരത്തേ ഉണ്ടായിരുന്നോ ?

ഒരുപാട് കാലമായുള്ള സ്വപ്നമായിരുന്നു ഈ സ്കൂൾ, ഇത്ര പെട്ടെന്ന് സ്വപ്നം സഫലമാകുമെന്ന് കരുതിയിരുന്നില്ല. കലാപരമായ എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആകണമെന്ന് ന്നായിരുന്നു മോഹം. കലയിൽ നിന്നു വിട്ടുള്ള ഒരു ജീവിതം എനിക്കുണ്ടാകുമെന്ന് തോന്നുന്നില്ല, നൃത്തവും സംഗീതവും അഭിനയവുമെല്ലാം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒപ്പം കൂടിയതാണ്.

6 ചിത്രങ്ങൾ– പ്ലാൻ ബി ആക്ഷൻ

ഡാൻസ് പ്രൊഡക്ഷൻ ചെയ്യണമെന്നായിരുന്നു ആദ്യത്തെ പ്ലാൻ. അതാണ് അവസാനം ഡാൻസ് സ്കൂളിലെത്തിയത്. ഡാൻസും പാട്ടും ഉപകരണ സംഗീതവുമെല്ലാം ജെയ്നിക സ്കൂൾ ഓഫ് ഡാൻസിൽ പഠിപ്പിക്കുന്നുണ്ട്. പനമ്പിള്ളി നഗറിൽ കലാകേന്ദ്രം തുടങ്ങുമ്പോൾ ഉത്ഘാടനം ചെയ്യാൻ മമ്മൂക്കയെ അല്ലാതെ ആരെയാണ് വിളിക്കുക. എന്റെ വീട്ടിൽ നിന്ന് അര കിലോമീറ്ററേ മമ്മൂക്കയുടെ വീട്ടിലേക്കുള്ളൂ താനും. നിലവിളക്ക് കൊളുത്തി സ്കൂൾ ഉത്ഘാടനം ചെയ്തതും ലോഗോ പ്രകാശനം ചെയ്തതുമെല്ലാം മമ്മൂക്കയാണ്. സിനിമാരംഗത്തെ എന്റെ കൂട്ടുകാരായ മിയയും അപർണ ബാലമുരളിയും ആര്യയും രമേഷ് പിഷാരടി ചേട്ടനുമൊക്കെ ഉത്ഘാടനത്തിനു വന്നിരുന്നു.

∙ ഡാൻസ് ആണ് എല്ലാം ?

മൂന്നുവയസ്സു മുതൽ ഡാൻസ് പഠിക്കുന്നു, കലാമണ്ഡലം സുഗന്ധി ടീച്ചറാണ് ആദ്യഗുരു. എല്ലാ യൂത്ത് ഫെസ്റ്റിവലുകളിലും പതിവായി പങ്കെടുക്കുമായിരുന്നു. സ്കൂളിന്റെയോ കോളജിന്റെയോ ഓർമകളിൽ ആദ്യമെത്തുന്ന ചിത്രം ഓഡിറ്റോറിയവും അതിന്റെ പിന്നാമ്പുറ നിമിഷങ്ങളുമാണ്. കളമശേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഞാൻ പഠിച്ചത്. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ ആദ്യം കണ്ണുടക്കുക ഓഡിറ്റോറിയത്തിലാണ്. അവിടെയുള്ള സ്റ്റേജിന്റെ തറ വുഡൻ ഫ്ലോറിങ്ങാണ് ചെയ്തിട്ടുള്ളത്. ചാടിക്കളിക്കുമ്പോൾ നല്ല ശബ്ദം കേൾക്കും. ആ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കാനായി ഞങ്ങൾ ആവേശത്തോടെ ചുവടു വയ്ക്കുമായിരുന്നു. പ്ലസ്ടു മുതൽ പഠിച്ച സേക്രട്ട് ഹാർട്സിലെ ഓഡിറ്റോറിയവും മറക്കാനാകില്ല. ഗാനമേളയും ഡാൻസുമൊക്കെയായി അവിടെയും സജീവമായിരുന്നു.

3

ഡാൻസ് തന്നെയാണ് സിനിമയിലേക്കുമെത്തിച്ചത്. സ്കൂളിൽ വച്ചേ ആങ്കറിങ് ചെയ്യുമായിരുന്നു. നാട്ടിലെ ചാനലിൽ ആങ്കറിങ് ചെയ്യുന്ന സമയത്ത് ഏഷ്യാനെറ്റിൽ ചാൻസ് കിട്ടി. കോമഡി ഷോ ചെയ്തുതുടങ്ങിയതിനു പിന്നാലെ മനോജ് ഗിന്നസ് ചേട്ടന്റെ ടീമിൽ ഡാൻസറായും കൂടി. ഒരു ദിവസം സ്കിറ്റിലെ ഒരു നടി വന്നിട്ടില്ല. അവരെല്ലാം കൂടി എന്നെ സ്റ്റേജിൽ കയറ്റി. അന്നു കിട്ടിയ കയ്യടിയുടെ പിൻബലത്തിൽ പിന്നെയത് പതിവായി.

∙ പിന്നീട് സിനിമയിലേക്ക് ?

ഏഷ്യാനെറ്റിലെ കോമഡി ഷോയിൽ കണ്ടിട്ടാണ് ‘മാടമ്പി’യിലേക്ക് വിളിച്ചത്. കുറെ ചെറിയ ചെറിയ റോളുകൾ പിന്നാലെ വന്നു. ‘ഈ അടുത്ത കാലത്താ’ണ് ബ്രേക്ക് തന്ന സിനിമ. ഇപ്പോഴും എന്നെ തേടി വരുന്ന നല്ല റോളുകളെല്ലാം ഈ സിനിമയുടെ റഫറൻസ് വച്ചിട്ടാണ്. ‘ലൈഫ് ഓഫ് ജോസൂട്ടി’യിലേക്ക് ലിൻഡ ചേച്ചി സജസ്റ്റ് ചെയ്തതും പോലും ഈ സിനിമ കണ്ടിട്ടാണ്.

2

ഇതുവരെ ചെയ്തതിൽ ഏറ്റവുമിഷ്ടം ‘ഇന്ത്യൻ പ്രണയകഥ’യിലെ സുധയാണ്. കാത്തുകാത്തിരുന്നിട്ടാണ് സത്യൻ അന്തിക്കാട് സാറിന്റെ സിനിമ കിട്ടിയത്. വളരെ പ്രിയപ്പെട്ട സെറ്റായിരുന്നു അത്. കൂടെ അഭിനയിച്ചത് എന്റെ പ്രിയപ്പെട്ട ആക്ടറായ ഫഹദ് ഫാസിലും. മിക്ക സീനും ഞങ്ങളുടെ കോംബിനേഷനായിരുന്നു. സ്വന്തം ചേച്ചിയോടു സംസാരിക്കുന്ന പോലെയാണ് ഫഹദ് അഭിനയിക്കുന്നത്. നമുക്കും അതുപോലെ നന്നായി ചെയ്യാൻ പറ്റും.

∙ സ്വപ്നവേഷം ?

ഡാൻസറായതുകൊണ്ട് നർത്തകിയുടെ റോൾ ചെയ്യാൻ മോഹമില്ലേയെന്ന് എല്ലാരും ചോദിക്കും. ആഗ്രഹമൊക്കെയുണ്ട്. പക്ഷേ, നല്ല കുറേ സപ്പോർട്ടിങ് റോളുകൾ ചെയ്യണമെന്നാണ് അതിനേക്കാളും വലിയ മോഹം. പണ്ടൊക്കെ കഥാപാത്രങ്ങൾ വന്നു നല്ല കോമഡി ഡയലോഗുകൾ പറയുമായിരുന്നു. ഇപ്പോൾ പക്ഷേ, ഹ്യൂമർ ഡയലോഗുകൾ പറയിപ്പിക്കാൻ വേണ്ടി സ്ത്രീ കഥാപാത്രത്തെ ഉണ്ടാക്കുന്നു എന്നു തോന്നാറുണ്ട്. ഉദാഹരണത്തിന് കൊച്ചി സ്ലാങ്ങിൽ കുറച്ച് തമാശ പറയിപ്പിക്കാൻ േവണ്ടി ഒരു ജോലിക്കാരിയെയോ പ്രോസ്റ്റിറ്റ്യൂട്ടിനെയോ പ്ലേസ് ചെയ്യും. ഈ പ്രവണത കൂടിവരുന്നുണ്ട്. മറ്റു സ്ത്രീകളൊന്നും ഹ്യൂമർ പറയാറില്ലേ എന്നു തോന്നും.

4 കൃഷ്ണപ്രഭ, ചേട്ടൻ ഉണ്ണികൃഷ്ണൻ, അമ്മ ഷീല

പണ്ട് കൽപന േചച്ചിയൊക്കെ ചെയ്ത പോലുള്ള റോളുകൾ ഇപ്പോൾ കാണാനേയില്ല. അതുപോലെ റോൾ വന്നാൽ ചെയ്യാൻ ആളില്ല എന്ന തോന്നൽ കൊണ്ടാകും. കൽപന ചേച്ചിയുടെ ‘പുന്നാര’ത്തിലെയും ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ടി’ലെയുമൊക്കെ ആ റോളുകൾ കാണുമ്പോൾ കൊതിയാണ്.

∙ ഡാൻസും സിനിമയും കഴിഞ്ഞാൽ ?

ഡാൻസിങ്ങും ആക്ടിങ്ങും കഴിഞ്ഞാൽ ഡ്രൈവിങ്ങാണ് ക്രേസ്. ഞാൻ ജനിക്കും മുമ്പ് അച്ഛന് ഡോർ മുന്നിലേക്ക് തുറക്കുന്ന ടൈപ്പൊരു ഫിയറ്റ് കാറുണ്ടായിരുന്നു. അതു കഴിഞ്ഞ് മാരുതി വന്നു. പിന്നെ എസ്റ്റീം, സ്കോർപിയോ, ഇന്നോവ. ഞാൻ ചെറുതിലേ തന്നെ ഡ്രൈവിങ് പഠിച്ചു. വെറുതേ ട്രിപ് പ്ലാൻ ചെയ്തു പോകുന്നതാണ് ശീലം. വലിയ വണ്ടികളോട് കുറച്ച് താത്പര്യം കൂടുതലുണ്ട്. അച്ഛന്റെ സ്കോർപിയോയിലാണ് ഞാൻ കൈ തെളിച്ചത്. ഡ്രൈവിങ്ങിനിടെ ഇതുവരെ അപകടമൊന്നും പറ്റിയിട്ടില്ല, എപ്പോഴും പ്രാർഥിച്ചിട്ടേ സ്റ്റിയറിങ്ങിൽ തൊടൂ. ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് ഫോർച്യൂണറാണ്. ചെറിയ ആവശ്യങ്ങൾക്കു വേണ്ടി ബ്രിയോയുമുണ്ട്.

5

∙ കുടുംബം ?

വീട്ടിലാർക്കും സിനിമയുമായി ബന്ധമൊന്നുമില്ല. അച്ഛൻ സി.ആർ. പ്രഭാകരൻ നായർ നന്നായി പാടുമായിരുന്നു. അച്ഛന്റെ കുടുംബം പാലായിലാണ്. ജോലി പ്രമാണിച്ച് അവർ കൊച്ചിയിലേക്ക് മാറിയതാണ്. കളമശേരി എച്ച്എംടിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന അച്ഛൻ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മരിച്ചത്, ഹാർട് അറ്റാക്കായിരുന്നു. അമ്മ ഷീല, തൊടുപുഴ വാസന്തി ചേച്ചിയുടെ ശിഷ്യയാണ്. ചേട്ടൻ ഉണ്ണികൃഷ്ണൻ ചങ്ങനാശേരി കാനറാ പേപ്പർ മില്ലിൽ ജോലി ചെയ്യുന്നു.

1

മുമ്പ് തൃക്കാക്കരയിൽ താമസിക്കുന്ന കാലത്ത് വാമനമൂർത്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടൊക്കെ നൃത്തം ചെയ്യുമായിരുന്നു. അവിടെ വച്ചായിരുന്നു എന്റെ അരങ്ങേറ്റം. അമ്മയാണ് ഷൂട്ടിങ്ങിനും പരിപാടിക്കുമൊക്കെ എപ്പോഴും കൂടെ വരാറുള്ളത്, സമയമുള്ളപ്പോൾ ചേട്ടനും. കല്യാണപ്രായമൊക്കെ ആയെങ്കിലും അതിനെ പറ്റിയൊന്നും ചിന്തിക്കുന്നേയില്ല, ആരോടും പ്രണയവുമില്ല. സ്വപ്നങ്ങളുടെയൊക്കെ പടികൾ ഞാൻ കയറി തുടങ്ങിയിട്ടേയുള്ളൂ. കല്യാണമൊക്കെ സമയമാകുമ്പോൾ അങ്ങു നടക്കും.

∙ മൊട്ടയടിച്ചതും വാർത്തയായി ?

എല്ലാ വർഷവും തിരുപ്പതിയിൽ പോകാറുണ്ട്, ഭഗവാന്റെ കടുത്ത വിശ്വാസികളാണ് ഞങ്ങൾ. നാലുവർഷം മുമ്പ് അമ്മ മൊട്ടയടിച്ചിരുന്നു, പിന്നെ ബോയ്കട്ടിലാണ് അമ്മ. എല്ലാ വർഷവും ചേട്ടനും മൊട്ടയടിക്കും. എനിക്ക് ഈ വർഷമാണ് അങ്ങനെ തോന്നിയത്, എല്ലാത്തിനും ഒരു സമയമുണ്ടെന്നല്ലേ. പലരും ചോദിച്ചു, നേർച്ചയാണോ എന്ന്. അല്ലേയല്ല, ഇതെന്റെ സ്വന്തം തീരുമാനമാ. മൊട്ടയടിച്ച ശേഷം കുറച്ചുകൂടി ധൈര്യം വന്നതുപോലെ തോന്നുന്നുണ്ട്.