Thursday 10 January 2019 03:17 PM IST : By സ്വന്തം ലേഖകൻ

നിത്യ വീണ്ടും ചാക്കോച്ചന്റെ ഭാര്യയാകുന്നു; ഇത്തവണ സ്പോർട്സ് ഡ്രാമ

chakkochan-new-1

കുഞ്ചാക്കോ ബോബനും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്നു. ഏഴു വർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു ഫാമിലി–സ്പോർട്സ് ഡ്രാമയാണ്. ‘പോപ്പിൻസ്’ ആണ് ഇരുവരും ഒന്നിച്ച മുൻ ചിത്രം. ചിത്രത്തിൽ ഇവർ ദമ്പതികളായിരുന്നു. കോമഡി – ഫാമിലി ഡ്രാമയായിരുന്നു ചിത്രം.

ഷഹീദ് ഖാദിർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദമ്പതികളായാണ് താരങ്ങൾ എത്തുക. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്നു ഷഹീദ് ഖാദർ.

ഒരു കായികതാരമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ചാക്കോച്ചന്റെ ഭാര്യയുടെ വേഷമാണ് നിത്യാ മേനോന്. ഭാര്യയും ഭർത്താവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം. കൊൽക്കത്തയില്‍ ജോലി ചെയ്യുന്നയാളാണ് നായകൻ. കൊൽക്കത്തയും സിനിമയുടെ പശ്ചാത്തലമാണ്. മാർച്ചിൽ ചിത്രീകരണമാരംഭിക്കും. ഇ4 എന്റർടെയിൻമെന്റാണ് നിർമ്മാണം.

ബിലഹരി സംവിധാനം ചെയ്യുന്ന ‘അള്ള് രാമേന്ദ്ര’നാണ് ചാക്കോച്ചന്റെ പുതിയ റിലീസ്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രമാകുമിതെന്നാണ് റിപ്പോർട്ട്. വി.കെ പ്രകാശിന്റെ ‘പ്രാണ’, ടി.കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവയാണ് നിത്യയുടെ പുതിയ മലയാള ചിത്രങ്ങൾ.