Tuesday 17 December 2019 03:36 PM IST

പ്രേക്ഷകരുടെ ‘കല്യാണി’ തൽക്കാലം സീരിയൽ ഉപേക്ഷിക്കുന്നു! കോൺസാ‘നിയ’ കേരളം വിട്ട് ലണ്ടനിലേക്ക് പറക്കുന്നു

V.G. Nakul

Sub- Editor

n1

മലയാളി കുടുംബപ്രേക്ഷകരുടെ ‘കല്യാണി’യാണ് നിയ. ആദ്യ സീരിയലിലൂടെ വലിയ ജനപ്രീതിയും ആരാധക പിന്തുണയും സ്വന്തമാക്കിയ നിയ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ ശേഷമാണ് വിവാഹത്തോടെ ഒരു ചെറിയ ബ്രേക്ക് എടുത്തത്. രണ്ടര വർഷത്തോളം മാറി നിന്ന ശേഷം മടങ്ങി വന്നപ്പോഴും നിയയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ വീണ്ടും അഭിനയ ജീവിതത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് തയാറെടുക്കുകയാണ് താരം. ഈ മാസം 24 ന് ഭർത്താവിനൊപ്പം ലണ്ടനിലേക്ക് പറക്കാനൊരുങ്ങുകയാണ് നിയ. ഇനി കുടുംബത്തിനൊപ്പം ഒരു വർഷം അവിടെ. ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ നിയ പറഞ്ഞതും ഒരു വർഷത്തിനപ്പുറമുള്ള ആ മടങ്ങിവരവിനെക്കുറിച്ചാണ്.

തുടക്കം തെലുങ്കിൽ

2004 ൽ കോളജിൽ പഠിക്കുമ്പോൾ ചാനലിൽ അവതാരകയായിട്ടാണ് തുടക്കം. തൊട്ടടുത്ത വർഷം പപ്പയുടെ സുഹൃത്തായ ക്യാമറാമാൻ സാജൻ കളത്തിൽ വഴി, ‘മിസിങ്’ എന്ന തെലുങ്ക് സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായി. 2006 ൽ, ആദ്യ സീരിയൽ ‘കല്യാണി’യിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചു. അപ്പോൾ, കാലടി സംസ്കൃത സർവകലാശാലയിൽ ഭരതനാട്യം അവസാന വർഷം പഠിക്കുകയായിരുന്നു. ‘കല്യാണി’ വലിയ ഹിറ്റായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും ‘കല്യാണി’യുടെ പേരിലാണ് ആളുകൾ എന്നെ ഓർക്കുന്നത്. ഒരു വാരികയിൽ എന്റെ കവർചിത്രം കണ്ടാണ് ‘കല്യാണി’യിലേക്ക് വിളിച്ചത്. ചാനലിൽ പ്രവർത്തിച്ച പരിചയം വച്ച് എനിക്ക് ഈ ഫീൽഡിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നതും സഹായകരമായി.

n4

പപ്പയുടെ വഴിയേ

പെരുമ്പാവൂരാണ് നാട്. പഠിച്ചത് കോതമംഗലത്തും. പപ്പ ജോൺ മത്തായി സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചതാണ്. നാടക പ്രവർത്തകനായിരുന്നു. സ്വന്തമായി ട്രൂപ്പ് ഉണ്ടായിരുന്നു. നാടകത്തിന്റെ പ്രഭാവം മങ്ങിയപ്പോൾ പരസ്യകമ്പനി തുടങ്ങി. പപ്പ വഴിയാണ് ഞാനും കലാരംഗത്തേക്ക് എത്തിയത്. മമ്മി ഉഷ ജോൺ ആധാരം എഴുത്ത് ഓഫീസ് നടത്തുന്നു. അനിയൻ വിവേക് ആനിമേറ്ററാണ്.

നിയ അല്ല കോൺസാനിയ

എന്റെ യഥാർഥ പേര് കോൺസാനിയ ജോൺ എന്നാണ്. പപ്പ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോഴാണ് ഞാന്‍ ജനിച്ചത്. അപ്പോൾ പപ്പയുടെ നാടക പ്രവർത്തകരായ സുഹൃത്തുക്കൾ ചേർന്ന്, എനിക്ക് വ്യത്യസ്തമായ ഒരു പേര് വേണം എന്ന തീരുമാനത്തിൽ കണ്ടെത്തിയതാണ് ഈ പേര്. അവർ അപ്പോൾ പഠിച്ചു കൊണ്ടിരുന്ന നാടകത്തിലെ കഥാപാത്രമായിരുന്നു കോൺസാനിയ. വീട്ടിലും നാട്ടിലും എല്ലാവരും എന്നെ കോൺസാനിയ എന്നാണ് വിളിക്കുക. പേര് കാരണം കുട്ടിക്കാലം മുതൽ ഞാൻ എല്ലായിടത്തും ശ്രദ്ധാ കേന്ദ്രമായിരുന്നു. പിന്നീട് തെലുങ്ക് സിനിമ ചെയ്യുമ്പോൾ ഞാൻ തന്നെ എനിക്കിട്ട പേരാണ് നിയ. കോൺസാനിയ ചുരുക്കിയാണ് നിയ ആക്കിയത്. സാനിയ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. നിയ ഒതുക്കമുള്ള പേരാണല്ലോ.

n3

സിനിമയിൽ

‘മിസിങ്’ മലയാളത്തിൽ ‘ബസ്റ്റ്ഫ്രണ്ട്സ്’ എന്ന പേരിൽ റീ മേക്ക് ചെയ്തപ്പോൾ എന്റെ വേഷം ഞാൻ തന്നെ ചെയ്തു. പിന്നീട് ‘മലയാളി’ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായി. തമിഴ് സീരിയൽ ചെയ്യുന്ന സമയത്താണ് വിജയ് നായകനായ ‘വേട്ടൈക്കാരനി’ൽ ഒരു നല്ല റോൾ കിട്ടിയത്.

3 വർഷം 25 സീരിയൽ

2009 ൽ ആയിരുന്നു കല്യാണം. അപ്പോഴേക്കും മൂന്നു വർഷത്തിനിടെ, മലയാളത്തിലും തമിഴിലും 25 സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളും ഹിറ്റായിരുന്നു. തമിഴില്‍ ‘കസ്തൂരി’ ഹിറ്റായി. ഇപ്പോൾ ‘ത്രീ കുട്ടീസും’, ‘തകർപ്പൻ കോമഡി’യും ചെയ്യുന്നു. ‘ടേസ്റ്റ് ടൈം’ നാല് വർഷമായി ചെയ്യുന്നുണ്ട്.

പ്രണയം വിവാഹം

ഞാനും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. രഞ്ജിത്തിന് ഐടി മേഖലയിലാണ് ജോലി. യാഹൂ മെസഞ്ചർ വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി. അത് പതിയെ പ്രണയമായി വളരുകയായിരുന്നു. അറു വർഷം പ്രണയിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. മതത്തിന്റെ പേരിൽ ആദ്യം രണ്ടു വീട്ടുകാർക്കും ചെറിയ എതിർപ്പുണ്ടായിരുന്നു. ആ സമയത്ത് രഞ്ജിത്തിന് സിങ്കപ്പൂരിൽ ജോലി കിട്ടി. പിന്നീട് എതിര്‍പ്പുകളൊക്കെ മാറി, ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഞങ്ങൾക്ക് ഒരു മകൻ, രോഹിത്. രണ്ടാം ക്ലാസിൽ പഠിക്കുന്നു.

n2

ഇനി ലണ്ടൻ ഡെയ്സ്

ജോലിയുമായി ബന്ധപ്പെട്ട് രഞ്ജിത്ത് യുകെയിലാണ്. അഞ്ചു വർഷത്തിനു ശേഷം മാത്രമേ മടങ്ങൂ. അതുകൊണ്ടാണ് ഞാനും മോനും കൂടി അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചത്. ഈ മാസം 24ന് വിമാനം കയറും. ഇനി ഒരു വർഷം അവിടെയാണ്. ടെലിവിഷനിൽ നിന്ന് ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു. മോനെ അവിടുത്തെ സ്കൂളിൽ ചേർക്കാനാണ് തീരുമാനം. മുമ്പ്, വിവാഹം കഴിഞ്ഞ് രണ്ടര വർഷത്തോളം ഞാൻ ഒരു ബ്രേക്ക് എടുത്തിരുന്നു. അതിനു ശേഷം മടങ്ങി വന്നപ്പോഴും നല്ല അവസരങ്ങൾ കിട്ടി. ഇനിയും മടങ്ങി വരവിൽ നല്ല ചാൻസ് കിട്ടും എന്നാണ് പ്രതീക്ഷ.