Friday 21 September 2018 02:20 PM IST

ഫ്രീക്കത്തിപ്പെണ്ണിന് ‘അഡാർ’ ഡിസ്‌ലൈക്ക്, ട്രെൻഡിങിൽ നമ്പർ വൺ ! കാരണം വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു

V.G. Nakul

Sub- Editor

l-1

‘‘എന്നെ കൃത്യമായി ടാർഗറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം സിനിമയുമായി ബന്ധപ്പെട്ട് ഓരോ പുതിയ കാര്യങ്ങൾ ചെയ്യുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കാത്ത വിവാദങ്ങളാണല്ലോ ഉണ്ടാകുന്നത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് മാത്രം വ്യക്തമാകുന്നില്ല. ചിലപ്പോൾ അത് പ്രിയയുടെ ഹേറ്റേഴ്സായിരിക്കാം, ചിലപ്പോൾ എന്നോടുള്ള ഇഷ്ടക്കേടായിരിക്കാം’’. പറയുന്നത് ഒമർ ലുലു, ‘ഒരു അഡാർ ലൗ’ വിന്റെ സംവിധായകൻ. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ‘ഫ്രീക്കത്തിപ്പെണ്ണ്’ നേരിടുന്ന ഡിസ് ലൈക്ക് ക്യാമ്പെയിനുമായി ബന്ധപ്പെട്ട് വനിത ഓൺലൈനുമായി സംസാരിക്കുകയാണ് ഒമർ.

oooooo

അടുത്ത കാലത്ത് ഒരു നവാഗത താരത്തിന്റെയും സിനിമകൾക്ക് കിട്ടാത്തത്ര ഹൈപ്പാണ് ഒമർ ലുലു സംവിധാനം ചെയ്ത് പുതുമുഖങ്ങൾ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഒരു അഡാർ ലൗ’ വിന് ലഭിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടതെല്ലാം വിവാദങ്ങളും വൈറലുമാകുന്നു. നായിക പ്രിയാ വാര്യരും പ്രിയയുടെ കണ്ണിറുക്കിച്ചിരിയും രാജ്യമൊട്ടുക്ക് തരംഗമായി. പിന്നാലെ മാണിക്യമലരായ പൂവിയെന്ന പാട്ടും ഹിറ്റ് ചാർട്ടിൽ കടന്നു. അപ്പോഴേക്കും വിവാദങ്ങൾ അതിന്റെ ഉന്നതഘട്ടത്തിൽ എത്തിയിരുന്നു. പാട്ടിനെതിരെ കേസും എതിർപ്പുമുണ്ടായപ്പോൾ നായിക പ്രിയ വാര്യരെയും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ട്രോളി. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ പാട്ടായ ഫ്രീക്കത്തിപെണ്ണിനും സൈബർ സംഘങ്ങളിൽ നിന്നു രക്ഷയില്ല.

l2

പാട്ടിറങ്ങി മണിക്കൂറുകൾക്കകം പാട്ടിന്റെ വിഡിയോയെ യൂ ട്യൂബിൽ ഡിസ് ലൈക്കുകൾ കൊണ്ട് മൂടിയിരിക്കുന്നു. പാട്ടിനെയും ദൃശ്യങ്ങളെയും അഭിനേതാക്കളെയും കളിയാക്കുന്ന ട്രോളുകളും വ്യാപകമാകുന്നു. അതിനിടയിലും 20 മണിക്കൂറിനുള്ളിൽ 1.5 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് ഫ്രീക്കത്തിപെണ്ണ്. പ്രിയ വാര്യരുൾപ്പടയുള്ള ചിത്രത്തിലെ മുഖ്യ താരങ്ങളെല്ലാം ഡിസ്‌ലൈക്ക് മഴയിൽ നനഞ്ഞ്, ട്രോൾ പ്രളയത്തിൽ മുങ്ങി നിൽപ്പാണ്.

‘‘കുറച്ച് മണിക്കൂറിനുള്ളിൽ ഇത്രയേറെ ഡിസ് ലൈക്കുകൾ വന്നപ്പോൾ വിഷമം തോന്നി. എങ്കിലും ചെറിയ സന്തോഷവുമുണ്ട്. കാരണം, ഡിസ് ലൈക്ക് അടിക്കാനെങ്കിലും ആളുകൾ ‘ഒരു അഡാർ ലൗ’ വുമായി ബന്ധപ്പെട്ട എന്തിനു വേണ്ടിയും ഇത്രയും കാത്തിരിക്കുന്നുണ്ടല്ലോ. പുതിയ ആളുകളെ വച്ച് ചെയ്യുന്ന എത്രയോ സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആ ഗതികേട്എന്തായാലും ഒരു അഡാർ ലൗ’ വിനെ ബാധിക്കില്ലല്ലോ എന്നാണ് ആശ്വാസം. ഇപ്പോൾ വാട്സ് ആപ്പിലൊക്കെ പാട്ടിനെതിരെ ‘ഡിസ് ലൈക്ക് ക്യാമ്പയിനിംഗ്’ നടക്കുന്നതായാണ് അറിയുന്നത്. പ്രിയയെയും എന്നെയുമൊക്കെ ട്രോളി കൊല്ലുകയാണ്. അപ്പോഴും എന്താണ് ഇവരുടെ പ്രശ്നം എന്നു മാത്രം മനസ്സിലാകുന്നില്ല.

ഒരു സിനിമയും ഒരു താരത്തിന്റെയോ സംവിധായകന്റെയോ മാത്രമല്ല. അതിന് പിന്നിൽ പ്രയത്നിക്കുന്ന ഒരുപാട് പേരുണ്ട്. പണം മുടക്കുന്ന നിർമ്മാതാവുണ്ട്. ഈ പടം ഹിറ്റായാൽ മാത്രമേ ഇതിൽ പലർക്കും അടുത്ത സിനിമ ചെയ്യാൻ പറ്റൂ. അപ്പോൾ അഭിനേതാവിനെ ഇഷ്ടമായില്ല, സംവിധായകനെ ഇഷ്ടമായില്ല എന്നൊക്കെ പറഞ്ഞ് ഒരു സിനിമയെ ടാർഗറ്റ് ചെയ്യുന്നത് ശരിയാണോ. പാട്ട് ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് പറയാം. ഇത് പക്ഷേ അങ്ങനെയല്ല. കൃത്യമായി ടാർഗറ്റ് ചെയ്തുള്ള നീക്കങ്ങളാണ് ഓരോന്നും. അല്ലങ്കിൽ എങ്ങനെയാണ് ഇത്രയധികം ഡിസ് ലൈക്കുകൾ വരുക. അപ്പോഴും ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിനെക്കാൾ ഇരട്ടി കാഴ്ചക്കാരെയാണ് ‘ഫ്രീക്ക് പെണ്ണിന്’ ഇപ്പോൾത്തന്നെ ലഭിച്ചിരിക്കുന്നത്. മാണിക്യ മലരായ പൂവി 20 മണിക്കൂറ് കൊണ്ടാണ് 1 മില്യൺ വ്യൂസ് എത്തിയതെങ്കിൽ ഫ്രീക്ക് പെണ്ണ് 10 മണിക്കൂറിനുള്ളിൽ 1 മില്യൺ വ്യൂസ് എത്തി’’. – ഒമർ ആത്മവിശ്വസത്തിലാണ്.

l3

‘ഒരു അഡാർ ലൗ’ അവസാന ഷെഡ്യൂൾ ചിത്രീകരണത്തിലാണിപ്പോൾ. 25 ദിവസം കൊണ്ട് ഇത് പൂർത്തിയാകും. ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ തമിഴ്,തെലുങ്ക്,ഹിന്ദി പതിപ്പുകൾക്ക് വേണ്ടിയും ചിത്രീകരിച്ച ഗാനമാണ് ഫ്രീക്കത്തിപ്പെണ്ണ്.