Tuesday 13 October 2020 11:08 AM IST : By സ്വന്തം ലേഖകൻ

‘അമ്മ’ യിൽ നിന്നു രാജി വച്ച് പാർവതി! തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഇടവേള ബാബു

parvathy

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നു നടി പാർവതി തിരുവോത്ത് രാജിവച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പാർവതി രാജി പ്രഖ്യാപിച്ചത്.

അമ്മ നിർമിക്കുന്ന പുതിയ സിനിമയിൽ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ജനറൽ സെക്രട്ടറി ഇടവേള ബാബു നൽകിയ മറുപടിയിൽ പ്രതിഷേധിച്ചാണു രാജി.

എന്നാൽ, പാർവതി തന്റെ പരാമർശം തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ബാബു പറഞ്ഞു. ‘ട്വന്റി20 യിൽ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലല്ലോ ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താൽ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയിൽ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയിൽ ഉൾപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോൾ അമ്മയിൽ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’– ബാബു പറഞ്ഞു.