Saturday 09 September 2023 10:20 AM IST : By പി. രാംകുമാർ

അതോടെ പ്രേക്ഷകർ അക്രമാസക്തരായി, കൂവിക്കൊണ്ട് തിയറ്ററിലെ കസേരകൾ തല്ലിപ്പൊളിച്ചു...‘ചായം’ അമ്പതാം വർഷത്തിൽ

chayam-1

ധീര കൃത്യങ്ങൾ ഐതിഹാസികമാകുന്നത് അവയെ തിരഞ്ഞെടുക്കാൻ വേണ്ട സ്വാതന്ത്ര്യം ഒരാൾക്ക് ലഭിക്കുമ്പോൾ മാത്രമാണ്.

അങ്ങനെ ഐതിഹാസികമായ ധീരകൃത്യം ചെയ്ത സാഹസികനായിരുന്നു മലയാള ചലചിത്ര സംവിധായകൻ പി എൻ മേനോൻ. മകൻ സ്വന്തം അമ്മയെ പ്രാപിക്കുന്ന കഥ പറയുന്ന ‘ചായം’ എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്താണ് മലയാള ചലചിത്ര രംഗത്തെയും പ്രേക്ഷകരെയും 50 വർഷം മുൻപ് അദ്ദേഹം ഒരു പോലെ ഞെട്ടിച്ചത്.

തൃശൂർ വടക്കാഞ്ചേരിയിലെ എങ്കങ്കാട് കാരൻ പാലിശേരി നാരായണൻ കുട്ടി പണ്ടേ തലതിരിഞ്ഞവനായിരുന്നു. നാരായണൻ കുട്ടി എന്ന കഥ തൃശൂരിൽ അവസാനിച്ച് മദിരാശിയിൽ പി.എൻ മേനോൻ എന്ന സംവിധായകനായപ്പോഴും കാര്യങ്ങൾ മാറിയില്ല. മറ്റുള്ളവർക്ക് മേനോൻ ചെയ്തത് തലതിരിഞ്ഞതായി ആദ്യം തോന്നും.

മലയാളത്തിൽ സമാന്തര സിനിമയെന്ന് വിളിച്ച ചലചിത്രങ്ങൾ ആദ്യം ചെയ്ത സംവിധായകനായിരുന്നു പി.എൻ മേനോൻ. 1965 ലെ തന്റെ ആദ്യ ചിത്രമായ ‘റോസി’ യിലൂടെ സ്റ്റുഡിയോയിൽ നിന്ന് മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് ഔട്ട്‌ ഡോറിലേക്ക് ആദ്യമായി കൊണ്ടുവന്നത് പി.എൻ മേനോനാണ്. അക്കാലത്തെ മലയാള ചിത്രങ്ങളിലെ മനം മടുപ്പിക്കുന്ന സെറ്റുകളിലെ ക്രിത്രിമത്വം അതോടെ അവസാനിച്ചു. മലയാളത്തനിമ പടങ്ങളിൽ കണ്ട് തുടങ്ങിയെന്നത് പിന്നീടുള്ള ചരിത്രം .

തുടർന്ന് എംടിയുടെ ഓളവും തീരവും, കുട്ട്യേടത്തി, മാപ്പ് സാക്ഷി, തോപ്പിൽ ഭാസിയുടെ പണിമുടക്ക്. ഇത്രയും പടങ്ങൾ സംവിധാനം ചെയ്തതോടെ മലയാള ചലചിത്ര രംഗത്തെ എറ്റവും മികച്ച സംവിധായകനായി പി.എൻ മേനോൻ മാറി. കുറഞ്ഞ ചിലവിലെടുത്ത മികച്ച കലാരൂപങ്ങളായ ചലചിത്രങ്ങളായിരുന്നു ഇതെന്നും മലയാള സിനിമാ ലോകമംഗീകരിച്ചു.

chayam-3

മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ ഒരു ചെറുകഥയാണ് ‘എണ്ണച്ചായം’ രമേശൻ എന്നൊരു അനാഥനായ ചിത്രകാരന്റെ കഥയാണത്. ഒരു സുഹൃത്തിന്റെ തറവാട്ടിൽ താമസിക്കുമ്പോൾ സുഹൃത്തിന്റെ അമ്മയുടെ ദൂതകാലം വെളിപ്പെടുത്തുന്ന ഒരു നഗ്ന ചിത്രം ഈ ചിത്രകാരൻ അവിടെ നിന്ന് കണ്ടെത്തി. അതിന്റെ കഥ അയാൾ വെളിപ്പെടുത്തും മുൻപ് ആ വീട്ടിൽ വെച്ച് അയാൾ കൊല്ലപ്പെടുന്നു. ആ സ്ത്രീക്ക് പൂർവ കാലത്തിൽ ഒരു അവിഹിത ബന്ധമുണ്ടായിരുന്നെന്ന് മരണത്തിന് മുൻപ് ചിത്രകാരൻ മനസിലാക്കിയിരുന്നു.

ഈ കഥ മലയാറ്റൂർ ഒരു ദേദഗതിയോടെ മാറ്റിയെഴുതി. അതാണ് ‘ചായം’ എന്ന, മലയാളികളുടെ സദാചാര ബോധത്തെ കടന്നാക്രമിച്ച ആദ്യത്തെ മലയാള ചലചിത്രം. മകനാണെന്നറിയാത്ത അമ്മ . അമ്മയാരെന്നറിയാത്ത മകൻ. ഈഡിപ്പസ് കോംപ്ലക്സ് എന്ന മനശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിൽ കടും ചായം കലർത്താതെ അനാവരണം ചെയ്യുന്നതാണ് ‘ചായ’ത്തിന്റെ തിരക്കഥ.

അര നൂറ്റാണ്ട് മുൻപ് ഇത്തരമൊരു പ്രമേയം മലയാളത്തിൽ സിനിമയാക്കാൻ ചിന്തിക്കാനെ പറ്റില്ല. ‘പ്രാണനാഥനെനിക്ക് നൽകിയ...’ എന്ന ഇരയമ്മൻ തമ്പിയുടെ പ്രശസ്ത ഗാനം ‘ഏണിപ്പടികൾ’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയത് അശ്ലീലമാണെന്ന് വിധിച്ച് ആകാശവാണി പ്രക്ഷേപണം ചെയ്യാതിരുന്ന കാലമാണ്. ‘ചെമ്പരത്തി’ എന്ന സൂപ്പർ ഹിറ്റ് പടത്തിന്റെ അസാമാന്യ വിജയത്തിൽ മതിമറന്ന നിർമ്മാതാവായ എസ്.കെ. നായർ തന്റെ രണ്ടാമത്തെ പടത്തിന് ഈ കഥ തന്നെ മതിയെന്ന് തീരുമാനിച്ചു. കഥ കൊള്ളാം. പക്ഷേ, ഈ ആശയം എങ്ങനെ സിനിമാ രൂപമാക്കും ? ചർച്ചയിൽ പി എൻ. മേനോൻ സംശയിച്ചു, പ്രേക്ഷകർ സ്വീകരിക്കുമോ ? അവിടെയുണ്ടായിരുന്ന വയലാർ രാമവർമ്മ മേനോന് ധൈര്യം കൊടുത്തു.

നല്ലൊരു വിഷയമാണ്. മേനോന്റെ പേര് കേട്ടാൽ തന്നെ ജനം തീയറ്ററിൽ ഇടിച്ച് കേറിക്കോളും. ‘സമൂഹത്തിനോടുള്ള വെല്ലുവിളിയാണ് ഈ ചിത്രം’. നിനച്ചാൽ എന്തും നടത്തിയെടുക്കുന്ന ക്ഷാത്രതേജസാണ് മലയാള നാട് മാസികയുടെ ഉടമയും അക്കാലത്ത് കൊല്ലത്തെ പ്രധാന ദിവ്യനുമായ എസ്.കെ.നായർ. ഇതു പോലെ ഒരു വിഷയം സിനിമയാക്കാൻ ധൈര്യം കാണിക്കാൻ അന്ന് എസ്.കെ. നായർക്കെ പറ്റൂ. പടം സംവിധാനം ചെയ്യുന്നത് മലയാള ചലചിത്രത്തിൽ പുതിയ തരംഗം സൃഷ്ടിച്ച പി.എൻ. മനോനും. പോരെ പൂരം!

ലോക സിനിമയിൽ ആദ്യമായി ഈ വിഷയം - തീബ്സിലെ ഈഡിപ്പസ് രാജാവിന്റെ ദുരന്ത കഥ ആസ്പദമാക്കി ഒരു സിനിമ പുറത്ത് വരുന്നത് 1667ലാണ്. ഇറ്റാലിയൻ സംവിധായകൻ പിയർ പൗലോ പസോളിനി സംവിധാനം ചെയ്ത ഒരു ഇറ്റാലിയൻ ചലച്ചിത്രമായ ‘ഈഡിപ്പസ് റെക്സ്’. 428 ബി.സി.യിൽ രചിച്ച സോഫോക്ലിസിന്റെ ഈഡിപ്പസ് റെക്‌സ് എന്ന ഗ്രീക്ക് ദുരന്ത നാടകം അടിസ്ഥാനമാക്കി പസോളിനി തിരക്കഥ എഴുതിയ അദ്ദേഹത്തിന്റെ ആദ്യത്തെ കളർ ചിത്രമായിരുന്നു അത്.

chayam-5

സ്വന്തം പിതാവിനെ അറിയാതെ വധിച്ച് അമ്മയെ വിവാഹം കഴിച്ച തീബ്സിലെ രാജാവായ ഈഡിപ്പസിന്റെ ദുരന്ത കഥ. ആ മനോവികാരങ്ങളെ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ എന്ന വിഖ്യാതമായ ഗ്രന്ഥത്തിലൂടെ സിഗ്മണ്ട് ഫ്രോയിഡ് വിശകലനം ചെയ്തതോടെയാണ് ഈഡിപ്പസ് കോംപ്ലക്സ് എന്ന മനഃശാസ്ത്ര സിദ്ധാന്തം ലോകപ്രശസ്തമായത്. കുട്ടികൾക്ക് അവരുടെ എതിർലിംഗക്കാരനായ രക്ഷിതാക്കളോട് ഉണ്ടാകുന്ന ലൈംഗികാഭിലാഷങ്ങളെയാണ് ഈ സിദ്ധാന്തത്തിലൂടെ ഫ്രോയിഡ് വിശകലനം ചെയ്തത്.

‘ചെമ്പരത്തി’യിലൂടെ പ്രശസ്തനായ നടൻ സുധീറിനെ തന്നെ പി.എൻ. മേനോൻ നായനാക്കി. അനശ്വരനായ സത്യന് ശേഷം മികച്ച നടൻ സുധീറാകുമെന്നൊരു പ്രവചനം അക്കാലത്ത് പ്രചരിച്ചിരുന്നു. പ്രശസ്തനായ കെ. സേതുമാധവൻ സംവിധാനം ചെയ്ത ‘കലിയുഗം’ എന്നൊരു ചിത്രം സുധീറിനെ നായകനാക്കി സത്യനെപ്പോലെ അവതരിപ്പിച്ചിരുന്നു. ഇത്തരമൊരു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ നായികയായി അഭിനയിക്കാൻ സാധാരണ മുൻനിര നടിമാർ തയ്യാറാവില്ല. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്. മലയാളത്തിലെ എക്കാലത്തെയും നായിക ഷീല തയ്യാറായി. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വാഴ്‌വേമായം, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച ഷീലയെ വെല്ലാൻ സൗന്ദര്യത്തിലും അഭിനയത്തിലും മലയാള സിനിമയിൽ അക്കാലത്ത് ഒരു നടിയുമില്ലായിരുന്നു. പി.എൻ മേനോന്റെ ഒരു ചിത്രത്തിലും അന്ന് വരെ അഭിനയിക്കാത്ത ഷീല ഇത്തരമൊരു വേഷം ഇപ്പോൾ അഭിനയിക്കാൻ മറ്റൊരു കാരണമുണ്ടായിരുന്നു. അക്കാലത്ത് പ്രേംനസീറിന്റെ നേതൃത്വത്തിൽ മലയാള സിനിമ നിയന്ത്രിച്ചിരുന്ന ഒരു ലോബിയുണ്ടായിരുന്നു. ഷീല നസീറുമായി തെറ്റിപ്പിരിഞ്ഞ് ഇനി ഞാൻ നസീറിന്റെ കൂടെ അഭിനയിക്കുകയല്ലായെന്ന് പ്രഖ്യാപിച്ച കാലവുമായിരുന്നു. തുടർന്ന് അവരെ മലയാള സിനിമയിൽ നിന്ന് തന്നെ പുറത്താക്കാൻ ഈ കൂട്ടർ ശ്രമമാരംഭിച്ചു. ‘ചെമ്പരത്തി’യുടെ ഗംഭീര വിജയത്തിന് ശേഷം പി. എൻ. മേനോൻ പ്രേംനസീറിനെ സിനിമയിൽ നിന്ന് ഔട്ടാക്കുമെന്ന് പരസ്യമായി ഒരു വേദിയിൽ പ്രഖ്യാപിച്ചു. അതോടെ പി.എൻ. മേനോനെ ആ ലോബി ശത്രുവായി പ്രഖ്യാപിച്ചു. മേനോൻ പുതിയ താരങ്ങളെ അവതരിപ്പിച്ചത് സ്വാഭാവി മായും അവർക്ക് രസിച്ചില്ല. ഇത് മനസിലാക്കിയ ഷീല തന്റെ ഭാവിക്ക് നല്ലത് പി എൻ. മേനോനെ പിൻതാങ്ങുന്നതാണെന്ന് കരുതി ആ പക്ഷത്തു ചേർന്നു.

ഈ സ്ഫോടകത്മകമായ സാഹചര്യത്തിലാണ് പസോളിനി യേപ്പോലെ കറുത്ത കണ്ണട ധരിക്കുന്ന പി.എൻ മേനോൻ തന്റെ പുതിയ ധീരകൃത്യമായ പുതിയ ചലചിത്രം ‘ചായം’ കൂട്ടാനാരംഭിച്ചത്. സുന്ദരിയായ മദ്ധ്യവയസ്കയായ പത്മാവതിയമ്മയായ് ഷീല . ചെമ്പരത്തി നായിക ശോഭന, രാഘവൻ, കൊട്ടാരക്കര, പി.കെ. എബ്രഹാം, സുരാസു, ബാലൻ കെ. നായർ, അടൂർ പങ്കജം എന്നിവർ കൂടാതെ പുതുമുഖങ്ങൾ വെറെയും. പ്രമുഖ താരങ്ങളില്ലാത്ത പടം.

ഗാനങ്ങൾ എഴുതിയ വയലാർ മലയാള ചലചിത്ര ഗാനങ്ങളിലെ അനശ്വരമായ ഒരു ഗാനം ഇതിലെഴുതി. ‘അമ്മേ അമ്മേ അവിടുത്തെ മുന്നിൽ ഞാനാര് ?’. ദേവരാജൻ മാസ്റ്റർ ആയിരൂർ സദാശിവൻ എന്ന ഒരു പുതിയ ഗായകനെ അവതരിപ്പിച്ചു. അങ്ങനെ യേശുദാസിനും ജയചന്ദ്രനും ബ്രഹ്മാനന്ദനും ശേഷം വ്യതസ്തമായ ഒരു പുരുഷ ശബ്ദം മലയാളത്തിനു ലഭിച്ചു. ‘ശ്രീവത്സം മാറിൽ ചാർത്തിയ ശീതാംശുകലേ’ എന്നൊരു മനോഹരമായ ഗാനവും സദാശിവൻ അതിൽ നന്നായി പാടി.

തമിഴിലെ വയലാറിന്റെ ആത്മ മിത്രമായ, ഏറ്റവും നല്ല ഗാനരചയിതാവും തമിഴിലെ വയലാറുമായ കണ്ണദാസൻ ഒരു തമിഴ് ഗാനം ചായത്തിന് വേണ്ടി എഴുതി. ‘മാരിയമ്മേ തായെ’ എന്ന കരകാട്ടക്കാരുടെ ഗാനം. തമിഴിലെ പ്രശസ്തനായ ടി.എം. സൗന്ദർ രാജന്റെ ആദ്യ മലയാള ഗാനം. മാധുരിയാണ് ഒപ്പം പാടിയത്. അങ്ങനെ ഗാനവിഭാഗം വയലാർ ദേവരാജൻ കുട്ടുകെട്ട് മനോഹരമാക്കി. ശരിക്ക് പറഞ്ഞാൽ ‘ചായം’ എന്ന സിനിമ ഇപ്പോൾ ആളുകൾ ഓർക്കുന്നത് അതിലെ ഗാനങ്ങളിലൂടെയാണ്.

chayam-2

പടത്തിന്റെ പ്രിവ്യൂ തിരുവനന്തപുരത്ത് ന്യൂ തിയറ്ററിൽ നടത്തി. കേരളത്തില അക്കാലത്തെ കലാ സാംസ്കാരിക രംഗത്തെ അവസാന വാക്കായ കെ.ബാലകൃഷ്ണൻ പടം കണ്ട് മലയാറ്റൂരിനെ അഭിനന്ദിച്ചു, ‘കൊള്ളാമെടെ’. വൻ പബ്ലിസിറ്റിയാണ് എസ്.കെ.നായർ ‘ചായം’ ത്തിന് ഒരുക്കിയത്. വമ്പിച്ച പരസ്യം പത്രങ്ങളിലും, മതിലുകളിൽ പോസ്റ്ററുകളും. പോസ്റ്റർ ഡിസൈന്റെ ആശാനായ പി.എൻ. മേനോൻ ഒരുക്കിയ പരസ്യങ്ങൾ ജനശ്രദ്ധ നേടി. ‘ചെമ്പരത്തി’ക്ക് ശേഷം വന്ന പി.എൻ മേനോൻ ചിത്രം കാണാൻ ജനം തിയറ്ററിൽ ഇടിച്ചു കയറി. ടൈറ്റിലിൽ പി.എൻ. മേനോന്റെ പേര് തെളിഞ്ഞപ്പോൾ ഉഗ്രൻ കയ്യടി, നിർമ്മാണം എസ്.കെ. നായർ എന്ന് വന്നപ്പോഴും ഉയർന്നു കരഘോഷം.

പടം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മകന് അമ്മയോട് പ്രേമം തുടങ്ങിയതോടെ പ്രേക്ഷകർ കൂവാൻ തുടങ്ങി. പട്ടച്ചാരയമടിച്ച് ലഹരിയിൽ അമ്മിണിയെന്ന കഥാപാത്രം ‘ചായം കറുത്ത ചായം’ എന്ന് മാധുരിയുടെ മാദക ശബ്ദത്തിൽ പാടുന്ന രംഗം കണ്ട പ്രേക്ഷകർ കൂവലിന്റെ ശക്തി വർദ്ധിപ്പിച്ചു. ചിത്രകാരനായ സുധീർ സ്വന്തം അമ്മയായ ഷീലയെ ബലാൽക്കാരത്തിന് ശ്രമിക്കുന്ന രംഗമെത്തിയപ്പോഴക്കും പ്രേക്ഷകർ അക്രമാസക്തരായി. സ്വന്തം അമ്മയാണ് ഷീല എന്ന് സുധീറിന് അറിയില്ലെങ്കിലും പ്രേക്ഷകർക്കറിയാമല്ലോ. അവർ കൂവിക്കൊണ്ട് തിയറ്ററിലെ കസേരകൾ തല്ലിപ്പൊളിച്ചു. മതിലുകളിൽ പതിച്ച ചായത്തിന്റെ പോസ്റ്റ്റ്റുകളിലേക്ക് അവർ ചാണകം വാരിയെറിഞ്ഞു. പി.എൻ. മേനോൻ എന്ന നാറിയെ കയ്യിൽ കിട്ടിയാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ആകോശിച്ചു. തിയേറ്റർ പരിസരത്ത് പി.എൻ . മേനോൻ ഇല്ലാത്തതിനാൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു.

ഇത്രയൊക്കെയായിട്ടും ചായം കാണാൻ രണ്ടാഴ്ച ജനക്കൂട്ടമുണ്ടായി. വിവാദം എന്താണെന്ന് അറിയാൻ വന്നവരും അതിലുണ്ടായിരുന്നു. വാസ്തവത്തിൽ പി.എൻ. മേനോന്റെ ചിത്രങ്ങളിൽ സാങ്കേതികമായി മുന്നിട്ടു നിന്ന ഏറ്റവും നല്ല ചിത്രം ചായമായിരുന്നു. തെലുങ്കിലടക്കം ഇതര ഭാഷകളിൽ ഈ ചിത്രം എടുക്കാൻ ചിലർ ശ്രമിച്ചെങ്കിലും പി.എൻ. മേനോനെ പോലെ ധൈര്യമുള്ള സംവിധായകന്റെ അഭാവം കാരണം അത് നടന്നില്ല. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച സോവ്യറ്റ് സിനിമാ സംവിധായകൻ അലി ഹംറോയേവ് കേരളത്തിൽ വന്നു മലയാള സിനിമ സംവിധായകരുമായി സംസാരിച്ചു. ആ കൂട്ടത്തിൽ പി.എൻ. മേനോനുമായി സംസാരിച്ചു. ‘ചായം’ കാണുകയും ചെയ്തു. റഷ്യക്കാരൻ ഈ പടം നല്ലതാണെന്നും ഈ പടം റഷ്യയിലേക്ക് ഫെസ്റ്റുവലിന് അയക്കണം എന്നും പറഞ്ഞപ്പോൾ മേനോന് സന്തോഷമായി. അവിടേയും ഇതേ പ്രമേയത്തിൽ ഒരു പടം വന്നിരുന്നെന്നും അത് കണ്ട് ജനം തിയറ്റർ തല്ലിത്തകർത്തെന്നും അയാൾ പറഞ്ഞപ്പോൾ പി.എൻ. മേനോൻ ഞെട്ടി. അപ്പോൾ കാര്യം എല്ലായിടത്തും ഒരു പോലെയാണ്. മകൻ അമ്മയെ പ്രേമിക്കുന്ന സിനിമ വിദേശികൾക്കും ഇഷ്ടപ്പെടില്ല.

ഈ പടം കണ്ട് വന്ന സാഹിത്യകാരൻ ഉറൂബിനോട് അഭിപ്രായം ചോദിച്ചു ‘ചായം എങ്ങനെ ?’ ഉറൂബു പറഞ്ഞു, ‘ഒരക്ഷരം വിട്ട് പോയി - ‘ചാരായം’ ആണ്’.

അര നൂറ്റാണ്ടു മുൻപ് പി.എൻ മേനോൻ കാണിച്ച ധൈര്യം പിന്നിട് ആവർത്തിക്കാൻ മലയാളത്തിൽ ഒരു സംവിധായകനും ഉണ്ടായില്ല. എങ്കങ്കാട് കാരൻ പാലിശേരി നാരായണൻ കുട്ടിയെന്ന പി. എൻ. മേനോൻ കാലത്തിന് മുൻപേ ചിന്തിച്ച കലാകാരനായിരുന്നു...