Friday 01 February 2019 04:13 PM IST : By സ്വന്തം ലേഖകൻ

ഇതാണ് നജീബ്! വൻ മേക്കോവറിൽ വേറിട്ട ഗറ്റപ്പിൽ പൃഥ്വി

prithvi-new

പൃഥ്വിരാജിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ അതേ പേരിലുള്ള വിഖ്യാത നോവലാണ് സിനിമയ്ക്ക് ആധാരം. മികച്ച സിനിമകളിലൂടെ മലയാളത്തിൽ തന്റതായ ഇടമുറപ്പിച്ച ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുക.

ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ പൃഥ്വിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൻ മേക്കോവറിൽ വേറിട്ട ഗറ്റപ്പിലാണ് പൃഥ്വി. ഇരുണ്ട നിറമുള്ള ഒരു സാധാരണക്കാരനായാണ് പൃഥ്വി ചിത്രത്തിലെത്തുക.മാസങ്ങൾക്ക് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജോര്‍ഡാനില്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആടുജീവിതം ആഗോളതലത്തില്‍ സംവദിക്കുന്ന ഒരു മലയാള ചിത്രമായിരിക്കുമെന്നാണ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്. ‘‘നോവല്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഇത് അതുപോലെ സംവിധായകന്‍ ബ്ലെസ്സിയുടെ കാഴ്ചപ്പാടാണ്. ആഗോളതലത്തില്‍ സംവദിക്കുന്ന മലയാള ചിത്രമൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ചിത്രത്തില്‍ 20 ശതമാനമാണ് സംഭാഷണങ്ങളുള്ളത്. ബാക്കി ചിത്രത്തിലുള്ളത് ചില കഥാപാത്രങ്ങളും മൃഗങ്ങളും മാത്രമാണ്’’.– പൃഥ്വി പറയുന്നു.

ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കെ.യു മോഹനനാണ് ഛായാഗ്രാഹകൻ. അമല പോള്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാളത്തിലെ തന്നെ ചിലവുകൂടിയ ചിത്രങ്ങളിലൊന്നായി കണക്കാക്കുന്ന ആടുജീവിതം 2020ലാകും റിലീസാകുക.