Saturday 31 July 2021 10:22 AM IST : By സ്വന്തം ലേഖകൻ

‘ആലിയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം...എങ്കിലും...’: സുപ്രിയയ്ക്ക് ജൻമദിനാശംസകൾ നേർന്ന് പൃഥ്വിരാജ്

prithviraj

നല്ലപാതി സുപ്രിയ മേനോന് ജൻമദിനാശംസകൾ നേർന്ന്, മനോഹരമായ കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.

പതിവു തെറ്റിച്ച്, അല്ലിയോടൊപ്പമുള്ള സുപ്രിയയുടെ ഒരു ഫോട്ടോയാണ് പൃഥ്വി ജൻമദിനാശംസകൾക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. മകളുടെ മുഖം കാണുന്ന ഫോട്ടോ അപൂര്‍വമായാണ് പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

‘ഹാപ്പി ബര്‍ത്ത് ഡേ ലവ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം എന്നെ ചേര്‍ത്തുപിടിച്ച ശക്തയായ സ്ത്രീയാണ് സുപ്രിയ. വിട്ടുവീഴ്‌ചയില്ലാത്ത അമ്മയും ഭാര്യയുമാണ്. എന്റെ ജീവിതത്തിലെ വലിയ ശക്തി. ഐ ലവ് യൂ. ആലിയുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ രണ്ടാളും ഒരുമിച്ചുള്ള സന്തോഷചിത്രം പോസ്റ്റ് ചെയ്യാന്‍ എനിക്ക് തോന്നി’.– പൃഥ്വി കുറിച്ചു.

താരങ്ങൾ ഉൾപ്പടെ നിരവധിപേർ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി.