Thursday 28 December 2023 11:46 AM IST : By സ്വന്തം ലേഖകൻ

‘അവൾ തങ്കം... എന്റെ വേദനയിൽ കൂടെ നിന്നവൾ’: എലിസബത്ത് തന്റെയൊപ്പം ഇല്ലെന്ന് ബാല

bala

ഭാര്യ എലിസബത്ത് ഇപ്പോൾ തന്റെ കൂടെയില്ലെന്ന് തുറന്നുപറഞ്ഞ് നടൻ ബാല. സംഭവിച്ചതെല്ലാം വിധിയാണെന്നും നിർഭാഗ്യവശാൽ താനും എലിസബത്തും ഒരുമിച്ചല്ലെന്നും ബാല വികാരനിർഭരമായി പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. രണ്ട ധ്രുവങ്ങളിൽ ജീവിക്കേണ്ടുന്ന സാഹചര്യമാണെങ്കിലും ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വത്തിനുടമയാണ് അവരെന്നും ബാല പറഞ്ഞു.

‘‘ഒരഭിമുഖത്തിലും എലിബസബത്തിനെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. അവൾ ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. സംഭവിച്ചതെല്ലാം എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ. ”–ബാല പറഞ്ഞു.

ബാലയുടെ ഈ കഴിഞ്ഞ നാൽപ്പത്തിയൊന്നാം പിറന്നാൾ‌ ആഘോഷ വേളയിലും എലിസബത്തിനെ കണ്ടിരുന്നില്ല. ഇതോടെയാണ് ഇരുവർക്കും ഇടയിലെ അസ്വാരസ്യങ്ങൾ ആരാധകർ ചർച്ച ചെയ്തത്.

സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകരും ചോദിക്കുന്നത്. ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എല്ലാകാര്യങ്ങൾക്കും എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ പിന്നീട് കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

അതേസമയം ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയാറുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്.