Thursday 09 May 2024 11:29 AM IST : By സ്വന്തം ലേഖകൻ

സിനിമയുടെ വൺവേയിൽ ട്രാഫിക് തെറ്റിച്ച് രസിച്ച മനുഷ്യന്‍: നന്ദി സംഗീത്, യോദ്ധയും നിർണയവും വ്യൂഹവും സമ്മാനിച്ചതിന്...

sangeeth-sivan

ചില സിനിമകൾക്ക് ഒരു വിധിയുണ്ട്, തിയറ്ററുകളിൽ വേണ്ടത്ര പ്രദർശന വിജയം നേടിയില്ലെങ്കിലും പോകെപ്പോകെ മിനിസ്ക്രീനിലൂടെ ഒരു കൾട്ട് ഇമേജിലേക്ക് അവ വളരും. അത്തരം സിനിമകൾക്ക് മലയാളത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഉദാഹരണമാണ് ‘യോദ്ധ’.

സംഗീത് ശിവൻ എന്ന സംവിധായകന്റെയും മോഹൻലാൽ എന്ന നായകന്റെയും ജഗതി ശ്രീകുമാർ എന്ന ഹാസ്യസാമ്രാട്ടിന്റെയും കരിയറിലെ ടോപ് ലിസ്റ്റ് സിനിമകളിൽ തീർച്ചയായും ‘യോദ്ധ’യുണ്ടാകും. ഇപ്പോഴും സംഗീത് ശിവൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന പേരും ‘യോദ്ധ’ എന്നാണ്. അത്രത്തോളമാണ് മലയാളി പ്രേക്ഷകരെ അക്കോസേട്ടനും ‍ഉണ്ണിക്കുട്ടനുമൊക്കെ സ്വാധീനിച്ചിട്ടുള്ളത്. ഇപ്പോൾ അപ്രതീക്ഷിതമായൊരു ‘കട്ട്’ പറഞ്ഞ്, ജീവിതത്തിന്റെ ഫ്രെയിമിൽ നിന്നു സംഗീത് മരണത്തിനപ്പുറത്തേക്ക് നടന്നു മറയുമ്പോൾ മലയാളി മനസ്സ് നീറിപ്പറയുന്നു, ‘നന്ദി സംഗീത്, യോദ്ധയും നിർണയും വ്യൂഹവും സമ്മാനിച്ചതിന്’.

പ്രശസ്ത ഫൊട്ടോഗ്രഫറും സംവിധായകനുമായ ശിവന്റെ മൂന്ന് മക്കൾ. സന്തോഷും സംഗീതും സഞ്ജീവും. മൂവരുടെയും മനസ്സ് നിറച്ചത് സിനിമയാണ്. സന്തോഷ് ഛായാഗ്രഹണത്തിലെ പാൻ ഇന്ത്യൻ താരമായപ്പോൾ സംവിധാനത്തിലാണ് സംഗീത് ശ്രദ്ധയർപ്പിച്ചത്. 1989ൽ, അമീർഖാൻ നായകനായ ‘രാഖ്’ ലൂടെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ

ബോളിവുഡിലാണ് തുടക്കം.

തുടർന്ന്, 1990 ൽ, രഘുവരൻ നായകനായ ‘വ്യൂഹം’ എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെ സംവിധാനത്തിലേക്കെത്തി. അടുത്തത് ‘യോദ്ധ’.

അക്കാലത്ത് കൊമേഴ്സ്യൽ മലയാള സിനിമയിലെ വലിയ പരീക്ഷണങ്ങളിലൊന്നെന്ന് യോദ്ധയെ വിശേഷിപ്പിക്കാം. കുങ്ഫു അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കണമെന്ന ആഗ്രഹമാണ് സംഗീത് ശിവനെ ‘യോദ്ധ’യിലേക്കെത്തിച്ചത്. അതിനായി നേപ്പാളിൽ പോയി അവിടുത്തെ രീതികൾ പഠിച്ചു. നാട്ടിൽ മടങ്ങിയെത്തി തിരക്കഥ തയാറാക്കാന്‍ രഞ്ജിത്തിനെയും ടി. ദാമോദരനേയും കണ്ടെങ്കിലും ഇരുവർക്കും ആശങ്കകളുണ്ടായിരുന്നു. സംവിധായകൻ മനസ്സിൽ ആഗ്രഹിക്കുന്നത് എല്ലായ്പോഴും എഴുത്തുകാരനിൽ നിന്നു കിട്ടാനിടയില്ലെന്നും സംഗീത് തന്നെ തിരക്കഥ തയ്യാറാക്കാനും നിർദ്ദേശിച്ചത് മണിരത്നമാണ്. അങ്ങനെയാണ് സംഗീതും അലക്സ് കടവിലും ചേർന്ന് ‘യോദ്ധ’യുടെ എഴുത്തിലേക്ക് കടന്നത്. പാതിയിൽ രചന വഴിമുട്ടിയ ഘട്ടത്തിൽ തിരക്കഥാകൃത്ത് ശശിധരൻ ആറാട്ടുവഴി സഹായവുമായെത്തി.

‘യോദ്ധ’യ്ക്ക് ശേഷം സംഗീത് ഒരുക്കിയ ചിത്രമാണ് ‘ഡാഡി’. അരവിന്ദ് സ്വാമി തെന്നിന്ത്യയാകെ ഒരു സെൻസേഷനായി പടർന്ന കാലത്ത് അദ്ദേഹത്തെ നായകനാക്കി ഒരു മലയാള സിനിമയെന്നതായിരുന്നു ‘ഡാഡി’യുടെ ഹൈലൈറ്റ്. ഒപ്പം സുരേഷ് ഗോപിയും ഗൗതമിയും. ഇങ്ങനെയൊരു നീക്കമായിരുന്നു തന്റെ ആദ്യ സിനിമ ‘വ്യൂഹ’ത്തിലും സംഗീത് പരീക്ഷിച്ചത്. രഘുവരനെ നായകനാക്കി ഒരു മലയാള സിനിമ വിപണിയിൽ വിജയിപ്പിക്കുകയായിരുന്നു സംഗീത്. എല്ലാവരും നേർരേഖയിൽ വണ്ടിയോടിച്ചപ്പോൾ സംഗീത് വൺവേയിൽ ട്രാഫിക് തെറ്റിച്ച് രസിച്ച മനുഷ്യനാണെന്ന് സാരം.

തുടർന്ന് ജോണി, നിർണയം, ഗാന്ധർവം, സ്നേഹപൂർവം അന്ന തുടങ്ങി മലയാളത്തിലും സോർ, ഏക്–ദി പവർ ഓഫ് വൺ തുടങ്ങിയ സിനിമകൾ ഹിന്ദിയിലും അദ്ദേഹം സംവിധാനം ചെയ്തു. ഇതില്‍ നിർണയവും ഗാന്ധർവവുമൊന്നും അത്രവലിയ തിയറ്റർ വിജയങ്ങളായില്ലെങ്കിലും യോദ്ധ പോലെ പിന്നീടുള്ള തമലുറയും മിനിസ്ക്രീനിലൂടെ ആഘോഷമാക്കിയവയാണ്. ഗാന്ധർവത്തിലെ മോഹൻലാലിന്റെ നൃത്തപ്രകടനത്തിനും യോദ്ധയിലെ ആക്ഷൻ രംഗങ്ങൾക്കും റിപ്പീറ്റ് വാല്യൂ ഏറെയാണ്. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.‌ ‘ഇഡിയറ്റ്സ്’ ‘ഇ’ എന്നീ ചിത്രങ്ങൾ നിർമിച്ചു.

വലിയ പ്രതീക്ഷയോടെ വന്ന ‘നിർണയം’ പരാജയമായതോടെയാണ് സംഗീത് ഹിന്ദിയിലേക്ക് കളം മാറ്റിയത്. 1997ൽ, സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെയാണ് സംവിധായകനായി ബോളിവുഡിലെ തുടക്കം. പിന്നീട് മുംബൈയിൽ സ്ഥിരതാമസമാക്കി. തുടർന്ന് സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ സിനിമള്‍. അതോടെ ഹിന്ദിയിലും സംഗീത് പ്രശസ്തനായി.

‘‘നിർണയം ഹിറ്റായില്ല. രണ്ടു കാരണങ്ങളായിരുന്നു. കംപ്യൂട്ടറൊക്കെ ആദ്യമായി മലയാള സിനിമയിൽ കാണുന്നത് ആ സിനിമയിലാണ്. കുറച്ചു നിലവാരം കൂടിയാണ് അന്ന് ചിന്തിച്ചിരുന്നത്. അപ്പോൾ കരുതി സിനിമകൾ കുറച്ചുകൂടി താഴ്ന്നു ചിന്തിച്ചു ചെയ്യാമെന്ന്. കാഴ്ചക്കാർക്കു വേണ്ടി മാത്രമാണ് അങ്ങനെ ചിന്തിച്ചത്. ആ ചിന്തയിലും സിനിമകളിലും നഷ്ടബോധമില്ല’’.– പിന്നീട് ഇതേക്കുറിച്ച് സംഗീത് പറഞ്ഞതിങ്ങനെ.

തന്റെ കൗതുകങ്ങളും തൃപ്തിയുമായിരുന്നു എക്കാലവും സംഗീതിന്റെ ലക്ഷ്യം. മനസ്സിൽ കാണുന്ന സിനിമ തിയറ്ററിലെത്തിക്കാനാണ് അദ്ദേഹം എക്കാലവും ശ്രമിച്ചത്. വിജയത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകൾക്കോ മാറ്റിയെഴുത്തലുകൾക്കോ അദ്ദേഹം തയാറായില്ല. കാലം ആ കടുംപിടുത്തങ്ങൾ ശരിയാണെന്നു തെളിയിച്ചതും ചരിത്രം. വിട പ്രിയ സംഗീത്...