Saturday 15 June 2019 04:19 PM IST

‘ജീവിതം ഒരു മുറിക്കുള്ളിലേക്കു ചുരുങ്ങിയപ്പോലും എന്റെ അമ്മയ്ക്ക് കൂട്ടായിരുന്നത് സീരിയലുകളാണ്’! ടെലിവിഷൻ പരമ്പരകളെ കുറ്റം പറയുന്നവർ ഷാഫിയുടെ അനുഭവം അറിയുക

V.G. Nakul

Sub- Editor

s2

അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് ടെലിവിഷന്റെ ലോകം. പ്രേക്ഷകരെ ആനന്ദിപ്പിക്കാനുതകുന്ന പുതു പുത്തൻ പരിപാടികളും വേറിട്ട ആശയങ്ങളുമൊക്കെ ചാനലുകൾ എക്കാലവും കണ്ടെത്തി അവതരിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷേ, അന്നും ഇന്നും എന്നും ടെലിവിഷൻ റേറ്റിങ്ങിൽ മറ്റെന്തിനെയും പിന്തള്ളി ഒന്നാം സ്ഥാനത്തുള്ളത് ഒരേയൊരു രാജാവാണ്, സാക്ഷാൽ മെഗാസീരിയൽ. ആരൊക്കെ എങ്ങനെയൊക്കെ ട്രോളിയാലും വിനോദ ചാനൽ മേഖലയുടെ നിലനിൽപ്പ് ‘കണ്ണീർ പരമ്പരകളെ’ന്നു പരിഹസിക്കപ്പെടുന്ന ടെലിവിഷൻ സീരിയലുകളുടെ ജനപ്രീതിയിലാണെന്നത് പരസ്യമായ രഹസ്യമാണ്.

സ്ത്രീകളാണ് സീരിയലുകളുടെ ‘ഫാൻസ്’. സീരിയലിലെ ജീവിതം പ്രിയപ്പെട്ടവരുടെ അനുഭവം പോലെ അവരെ ആഴത്തിൽ തൊടുന്നു. നായികയുടെ വേദനയിൽ അവരും പങ്കു ചേരുന്നു, നായകന്റെ നിസഹായതയിൽ നൊമ്പരപ്പെടുന്നു, വില്ലന്റെ ക്രൂരതയിൽ ശാപവാക്കുകളുയർത്തുന്നു... സീരിയൽ താരങ്ങളെ കഥാപാത്രങ്ങൾ മാത്രമായാണ് മിക്കപ്പോഴും അവർ പരിഗണിക്കാറ്. സന്ധ്യ കഴിഞ്ഞാൽ കേരളത്തിലെ മിക്ക വീടുകളും സീരിയൽ ലഹരിയിലേക്കു മുങ്ങിപ്പോകുമെന്നത് ഒരു പുതിയ വിശേഷമേയല്ല.

പക്ഷേ, ബഹുഭൂരിപക്ഷം പുരുഷൻമാരും സീരിയൽ പ്രേമികളല്ല. വിവിധ കാരണങ്ങളാൽ അവർ സീരിയലുകളെ ശ്രദ്ധിക്കാറേയില്ല. അതിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല മലയാളത്തിന്റെ പ്രിയ സംവിധായകൻ ഷാഫി. അദ്ദേഹവും സീരിയൽ സ്നേഹി ആയിരുന്നില്ല. സീരിയൽ കാണാറോ അതെക്കുറിച്ച് ചിന്തിക്കാറോ ഇല്ല. ‘വിരോധമല്ല, കാഴ്ചപ്പാടിന്റെ വ്യത്യസ്തതയാണ് എന്നെ സീരിയലിൽ നിന്നു മാറ്റി നിർത്തുന്നത്’ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പക്ഷേ, തനിക്ക് സീരിയലുകളോടും അതിൽ പ്രവർത്തിക്കുന്നവരോടും നന്ദിയും ബഹുമാനവുമുണ്ടെന്ന് ഷാഫി പറയുന്നു. അതിനു പിന്നിൽ, സീരിയൽ സ്നേഹിയായിരുന്ന അദ്ദേഹത്തിന്റെ ഉമ്മ നബീസ ഹംസയുടെ രോഗകാല ജീവിതമാണുള്ളത്.

s1

‘‘എന്റെ ഉമ്മ ഒരു സീരിയൽ പ്രേമിയായിരുന്നു. വൈകുന്നേരം ആറു മണിയായാൽ എല്ലാ തിരക്കുമൊതുക്കി ഉമ്മ ടിവിയുടെ മുന്നിലെത്തും. പിന്നെ പത്തു പതിനൊന്നു മണി വരെ പല പല സീരിയലുകൾ മാറിമാറി കാണും. ആ പതിവ് മുടങ്ങുന്നത് ഉമ്മയ്ക്ക് ചിന്തിക്കാനാകില്ല. ഓരോ സീരിയലിലെയും കഥാപാത്രങ്ങൾ ഉമ്മയ്ക്ക് പ്രിയപ്പെട്ടവരെപ്പോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങളൊക്കെ ഇടയ്ക്കിടെ കളിയാക്കും. പക്ഷേ അതൊന്നും ഉമ്മയെ ബാധിക്കില്ല. അങ്ങനെയിരിക്കെ ഉമ്മയൊന്ന് വീണു. ഇടുപ്പിന് ചെറിയ പൊട്ടലുണ്ടായി. ആദ്യത്തെ ഓപ്പറേഷൻ വിജയിച്ചില്ല. ഉമ്മ കിടപ്പിലായി. അതോടെ, കിടന്നു കൊണ്ടു കാണാവുന്ന തരത്തിൽ ഉമ്മയുടെ മുറിയിൽ ഞാനോരു ടിവി കൊണ്ടു വച്ചു. ചാനൽ കണക്ഷനൊപ്പം ഒരു ഡി.വി.ഡി പ്ലെയറും കുറേ സിനിമകളുടെ സി.ഡികളുമുണ്ടായിരുന്നു. പക്ഷേ, ഉമ്മ സിനിമകൾ കണ്ടെതേയില്ല. അപ്പോഴും സീരിയലുകൾ മാത്രമായിരുന്നു ഉമ്മയുടെ ലോകം. പകൽ മുഴുവൻ ഉമ്മ ഉറക്കമാകും. ആരെങ്കിലും പോയി സിനിമ വച്ചു കൊടുത്താലും കാണില്ല. സന്ധ്യ കഴിഞ്ഞ് ആറ് ആറരയോടെ ഉമ്മ ടിവി കാണാൻ തുടങ്ങും. പിന്നെ പത്ത് പത്തര വരെ സീരിയലുകള്‍ക്കൊപ്പമാണ്. കുറേക്കഴിഞ്ഞപ്പോൾ ഉമ്മ തീരെ കിടപ്പായി. അങ്ങനെ, മരിക്കും വരെ രണ്ടു വർഷത്തോളം രോഗത്തിന്റെ അവശതകളെയും ഒരു മുറിക്കുള്ളിലെ ജീവിതത്തിന്റെ മടുപ്പിനെയുമൊക്കെ ഉമ്മ മറികടന്നത് സീരിയൽ കാണുന്നതിന്റെ സന്തോഷം കൊണ്ടായിരുന്നു. ആ സംഭവം എനിക്കൊരു പുതിയ അനുഭവമായി. ജീവിതത്തിലാദ്യമായി എനിക്ക് സീരിയലുകളോടും അതിൽ പ്രവർത്തിക്കുന്നവരോടും വലിയ ബഹുമാനവും നന്ദിയും തോന്നി. എന്റെ ഉമ്മയെ അത്ര കാലം കൂടി ഞങ്ങൾക്കൊപ്പം നിർത്തിയതിൽ സീരിയലുകൾക്ക് ഒരു വലിയ പങ്കുണ്ടെന്നതാണ് സത്യം’’.– പറഞ്ഞു തീർന്നതും ഷാഫിയുടെ വാക്കുകളിൽ നീർ പൊടിഞ്ഞു. ഉമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞ പോലെ ഒരു നിമിഷം അദ്ദേഹം നിശബ്ദനായി.

2015 ഡിസംബറിൽ ആണ് ഷാഫിയുടെ ഉമ്മ മരിച്ചത്. പ്രശസ്ത സംവിധായകന്‍ റാഫി ഷാഫിയുടെ സഹോദരനാണ്.

ഷാഫിയുടെ പുതിയ ചിത്രം ‘ചിൽഡ്രൻസ് പാർക്ക്’ ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ധ്രുവ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ എന്നിവര്‍ നായകൻമാരായ ഈ ഫാമിലി കോമഡി എന്റർടെയ്നൻ മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. എത്ര റിയലസ്റ്റിക് സിനിമകൾ വന്നാലും തമാശ സിനിമ കാണാൻ ആഗ്രഹിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ടെന്ന് ഷാഫി പറയുന്നു.