Tuesday 27 August 2019 06:51 PM IST

‘കണക്ക് കൂട്ടി’ ബാങ്ക് മാനേജർ സിനിമയിലെത്തി, അഭിനയിക്കാൻ ജോലി രാജിവച്ച തൻവിക്ക് ‘തെറ്റിയില്ല’

V.G. Nakul

Sub- Editor

t1

‘അമ്പിളി’യുടെ ടീന ആരും കൊതിക്കുന്ന കാമുകിയാണ്. ഏതവസ്ഥയിലും പ്രിയപ്പെട്ടവന്റെയൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പെണ്ണ്. അമ്പിളിയെ ജീവിക്കാനും അതിജീവിക്കാനും പഠിപ്പിക്കുന്ന ടീനയെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

തുടക്കക്കാരിയുടെ പതർച്ചകളില്ലാതെ അമ്പിളിയുടെ ‘ആരാധിക’യെ മനോഹരമാക്കിയത് ബംഗളൂരു മലയാളിയായ തൻവി റാം ആണ്. ബംഗളൂരുവിൽ ജനിച്ചു വളർന്ന തൻവി ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രതീക്ഷ സമ്മാനിക്കുന്ന നായികാമുഖമായി മാറിക്കഴിഞ്ഞു.

സിനിമയോടുള്ള ഭ്രമം അതിരു കടന്നപ്പോൾ ബാങ്കിലെ അസിസ്റ്റന്റ ് മാനേജരുടെ ജോലിയും രാജി വച്ചാണ് തൻവി അമ്പിളിയുടെ ടീനയാകാനെത്തിയത്. തിളക്കമുള്ള ശബ്ദത്തിൽ, നിറ ചിരിയോടെ, സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തൻവി ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങി.

t4

‘‘2012 ൽ മിസ് കേരള ഫൈനലിസ്റ്റായിരുന്നു ഞാൻ. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ അവസരം കിട്ടിയത്. മിസ് കേരളയുടെ ഓഡിഷൻ കാണാൻ വേണ്ടിയാണ് ഞാൻ ശരിക്കും പോയത്. അവിടെ വച്ച് എന്നെ കണ്ട പരിപാടിയുടെ സംഘാടകരിൽ ഒരാളാണ് പ്രായം ഓക്കെയാണെങ്കിൽ ഓഡിഷനിൽ പങ്കെടുക്കാൻ പറഞ്ഞത്. അങ്ങനെ ഓഡിഷനിൽ പങ്കെടുത്തു. പക്ഷേ, ഫോൺ നമ്പർ പോലും കൊടുക്കാതെയാണ് മടങ്ങിപ്പോന്നത്. ഞാനത് അവിടെ വിട്ടു എന്നതാണ് സത്യം. ഒരാഴ്ച കഴിഞ്ഞ് അവർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയായിരുന്നു. എന്റെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. അന്നവിടെ ശ്രുതി എന്ന മറ്റൊരു കുട്ടിയും ഓഡിഷനിൽ പങ്കെടുത്തിരുന്നു. അവർ വിളിച്ച് നമ്പർ കൊടുക്കാതെ പോയ ശ്രുതിയാണോ എന്നു ചോദിച്ചു. അതേന്നു പറഞ്ഞപ്പോൾ, ഓഡിഷനിൽ രണ്ടു ശ്രുതിയുണ്ടായിരുന്നു, അതിൽ നമ്പർ കൊടുക്കാത്ത ശ്രുതിയാണ് സെലക്ട് ആയത് എന്നു പറഞ്ഞു. അങ്ങനെയാണ് മിസ് കേരളയിൽ പങ്കെടുത്തത്’’.

ജോലി വിട്ട് സിനിമയിൽ

എന്റെ നാട് കണ്ണൂരാണ്. പക്ഷേ, ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ ബാംഗ്ലൂരാണ്. പഠനമൊക്കെ കഴിഞ്ഞ് കരിയർ തുടങ്ങിയത് ബാങ്ക് ഉദ്യോഗസ്ഥയായാണ്. ബി.ബി.എം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ജോലിക്കു കയറി. ആദ്യം ജർമൻ ബാങ്കായ deutsche യിൽ ആയിരുന്നു. പിന്നീട് HSBC യിൽ അസിസ്റ്റന്റ ് മാനേജരായി. 7 വർഷം ബാങ്കിൽ ജോലി ചെയ്തു. ഇപ്പോൾ സിനിമയ്ക്കു വേണ്ടി രാജിവച്ചു.

t2

ഏറെ സുരക്ഷിതമായ ഒരു ജോലി കളഞ്ഞ് നിരവധി അസ്ഥിരതകളുള്ള ഒരു മേഖല തിരഞ്ഞെടുത്തത് സിനിമയോടുള്ള കടുത്ത ഇഷ്ടം കൊണ്ടാണെന്ന് തൻവി പറയുന്നു.

ഇത്രയും വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളതുകൊണ്ട് തിരിച്ചു ചെന്നാലും എനിക്ക് ജോലി കിട്ടും. പക്ഷെ സിനിമയില്‍ ഇത്രയും നല്ലൊരു ടീമിന്റെ കൂടെ ഒരു അവസരം എപ്പോഴും കിട്ടണമെന്നില്ല. അതുകൊണ്ടാണ് ഭാവിയെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാതെ സിനിമ തിരഞ്ഞെടുത്തത്.

പാട്ടിന്റെ വീട്ടിൽ പാടാനറിയാത്ത ഞാൻ

അച്ഛന് ബാംഗ്ലൂരിൽ മ്യൂസിക് ഉപകരണങ്ങൾ വിൽക്കുന്ന ഒരു ഷോപ്പ് ഉണ്ട്. ഒപ്പം ഒരു കേരള കരകൗശല വസ്തുക്കളുടെ ഷോറൂമും ഉണ്ട്. അച്ഛന്റെ പേര് രാമചന്ദ്രൻ എന്നാണ്. എന്റെ ഏട്ടൻ സംഗീതും മ്യൂസിക് ഫീൽഡിലാണ്. ഒരു മ്യൂസിക് അക്കാഡമി നടത്തുന്നു. പക്ഷേ എനിക്ക് പാടാൻ അറിയില്ല. നൃത്തം കുറച്ചു പഠിച്ചിട്ടുണ്ട്. അമ്മ ജയശ്രീ ഹൗസ് വൈഫ്.

t3

ഒഴിവാക്കപ്പെട്ട അവസരങ്ങൾ

ചെറുപ്പം മുതല്‍ സിനിമയെന്ന ആഗ്രഹം മനസ്സിലുണ്ട്. പക്ഷേ മിസ് കേരള മത്സരമൊക്കെ കഴിഞ്ഞ ശേഷമാണ് ഓഡീഷൻസിനൊക്കെ പങ്കെടുക്കാൻ തുടങ്ങിയത്. അങ്ങനെയാണ് എന്റെ ഫോട്ടോ കണ്ട് അമ്പിളിയുടെ ഓഡിഷനു വിളിക്കുന്നതും സെലക്ട് ചെയ്യുന്നതും. ആദ്യമായി അവസരം കിട്ടുന്നത് അമ്പിളിയിലല്ല, മുൻപും പല സിനിമകളിലേക്കും വിളിച്ചിട്ട് അവസാന നിമിഷം മുടങ്ങിപ്പോയിട്ടുണ്ട്. ഒരു സിനിമ പൂജ കഴിഞ്ഞ്, പ്രൊഡ്യൂസർ പിൻമാറിയതിനാൽ മുടങ്ങിപ്പോയി. പിന്നീട് കുറേക്കാലം കഴിഞ്ഞ് മറ്റാരെയോ വച്ച് ആ സിനിമ ചെയ്തു. വേറെ ഒരു ചിത്രത്തിൽ ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഒഴിവാക്കപ്പെട്ടു. പക്ഷേ, അതിലൊന്നും വിഷമം തോന്നിയിട്ടില്ല. ശീലമായി.

t5

ഹാപ്പി ലൊക്കേഷൻ

തമാശയൊക്കെ പറഞ്ഞ്, സൗബിക്ക അടിപൊളിയാണ്. വളരെ രസകരമായ ഷൂട്ടിങ് ദിനങ്ങളായിരുന്നു. ലൊക്കേഷനും കട്ടപ്പനയിലെ പ്രകൃതി സൗന്ദര്യവുമൊക്കെ നന്നായി ആസ്വദിച്ചു. സംവിധായകൻ ജോൺ പോളും വളരെ സപ്പോർട്ടീവായിരുന്നു. ഒരേ വേവ് ലെങ്തുള്ള കുറച്ചു പേരുടെ ഒരു ടീം. ഷൂട്ടിനിടെ പാട്ടൊക്കെ വച്ച്, ഡാൻസ് കളിച്ച് ക്രൂ ഫുൾ എപ്പോഴും ഹാപ്പിയായിരുന്നു. ഷൂട്ടിങ് പെട്ടെന്നു തീർന്നപ്പോൾ ശരിക്കും സങ്കടമായി. സിനിമ കണ്ട് ഒരുപാടു പേർ വിളിച്ചു. നന്നായിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ ഹാപ്പിയാണ്. പുതിയ അവസരങ്ങൾ വരുന്നുണ്ട്. ഒന്നും കമിറ്റ് ചെയ്തിട്ടില്ല.