Wednesday 19 September 2018 01:35 PM IST

വാങ്കിൽ ഞാൻ ഇടപെടില്ല; മകളുടെ സംവിധാന സംരംഭത്തെക്കുറിച്ച് വി.കെ.പി

V.G. Nakul

Sub- Editor

vvvvvvv222222

ഒരു സംവിധായക പുത്രി കൂടി മലയാള സിനിമയിലേക്ക്. വി.കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശാണ് അച്ഛന്റെ വഴിയേ സംവിധാന രംഗത്തേക്കെത്തുന്നത്. ഉണ്ണി ആറിന്റെ പ്രശസ്ത ചെറുകഥയായ വാങ്കിന്റെ ദൃശ്യാവിഷ്ക്കാരമാണ് കാവ്യയുടെ ആദ്യ ചിത്രം.

‘‘കഴിഞ്ഞ ഒരു വർഷമായി കാവ്യ സ്വതന്ത്രമായി സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. അതിനിടയിലാണ് വാങ്ക് വായിക്കുന്നത്. കഥ ഇഷ്ടമായി ഉണ്ണിയുമായി സംസാരിച്ചു. അവളുടെ സമീപനത്തിൽ ഉണ്ണിക്കും താത്പര്യം തോന്നിയതോടെയാണ് ഈ സിനിമയുടെ തുടക്കം. തിരക്കഥയെഴുത്ത് പുരോഗമിക്കുന്നു. നവാഗതയായ ഷബ്‌ന മുഹമ്മദാണ് എഴുത്തുകാരി’’. വി.കെ.പി വനിത ഓൺലൈനോട് പറഞ്ഞു.

ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന ആഗ്രഹവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥ. ട്രെന്‍ഡ്സിന്റെ ബാനറില്‍ ബി.ടെക്കിന്റെ സംവിധായകൻ മൃദുല്‍.എസ്.നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിഷ്വൽ കമ്യൂണിക്കേഷൻ പഠനം കഴിഞ്ഞ് വി.കെ.പ്രകാശിനും മൃദുൽ എസ് നായർക്കുമൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് കാവ്യ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടക്കുന്നത്. മകളുടെ സിനിമയിൽ യാതൊരു വിധത്തിലും തന്റെ ഇടപെടലുണ്ടാകില്ലന്നും പൂർണ്ണമായും കാവ്യയുടെ സ്വാതന്ത്രൃത്തിലായിരിക്കും സിനിമയെന്നും വി.കെ.പി വ്യക്തമാക്കുന്നു.

‘‘വാങ്ക് ഒരു നല്ല സിനിമയായിരിക്കും എന്നാണ് പ്രതീക്ഷ. തിയേറ്ററിൽ വിജയിച്ചാൽ കമേഴ്സ്യലെന്നും അവാർഡുകൾ കിട്ടിയാൽ ആർട്ടെന്നും വിശേഷിപ്പിക്കാം... ’’എന്ത് തരം സിനിമയായിരിക്കും വാങ്ക് എന്ന ചോദ്യത്തിന് വി.കെ.പിയുടെ മറുപടി രസകരമായിരുന്നു.

അഭിനേതാക്കളാരൊക്കയെന്നതുൾപ്പടയുള്ള വിശധ വിവരങ്ങൾ പിന്നാലെ അറിയിക്കും.

കോട്ടയം കുർബാന,ഒരു ഭയങ്കര കാമുകൻ,ബേസിൽ ജോസഫ്, ഗിരീഷ് മനോ ചിത്രങ്ങളും ഉണ്ണിയുടെതായി പറഞ്ഞ് കേൾക്കുന്നു. നിത്യ മേനോൻ നായികയാകുന്ന പ്രാണയാണ് വി.കെ.പിയുടെ പുതിയ ചിത്രം.