‘രാത്രി മദ്യപിച്ചെത്തി ആ സംവിധായകൻ വാതിലിൽ മുട്ടി, 17 വയസ്സായിരുന്നു എന്റെ പ്രായം’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുമ ജയറാം
Mail This Article
ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് സുമ ജയറാം. കുട്ടേട്ടൻ, മഴയേത്തും മുൻപേ, ഹിസ് ഹൈനസ് അബ്ദുള്ള, എന്റെ സൂര്യപുത്രി, ഏകലവ്യൻ, ഇഷ്ടം എന്നിങ്ങനെ നിരവധി സിനിമകളിൽ സുമ അഭിനയിച്ചു.
ഇപ്പോഴിതാ, നടിമാര്‍ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറായില്ലെങ്കില്‍ പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുമ. ഒരു പ്രശസ്ത സംവിധായകനില്‍ നിന്നു ദുരനുഭവമുണ്ടായെന്നും അതു തന്നെ വല്ലാതെ തളർത്തിയെന്നും ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തില്‍ സുമ വെളിപ്പെടുത്തി.
അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വലിയ കഥാപാത്രമായിരിക്കും. ദൈർഘ്യമേറുമ്പോള്‍ സീനുകള്‍ വെട്ടിക്കുറയ്ക്കും. ഒടുവിൽ രണ്ട് സീനുകളായി ചുരുങ്ങും. അങ്ങനെ ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോയി. വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെടുമായിരുന്നുവെന്നും സുമ.
‘അന്ന് ഇന്നത്തെ പോലെ ആയിരുന്നില്ല. ഇപ്പോള്‍ മീ ടൂ എല്ലാം ഉണ്ട്. ഇന്‍ഡസ്ട്രി ഒരുപാട് മാറിയിരിക്കുന്നു. എന്നാൽ അന്ന് അങ്ങനെയായിരുന്നില്ല. ധാരാളം ത്യാഗം സഹിക്കേണ്ടിവന്നു. എല്ലാവർക്കും കുടുംബങ്ങളുള്ളതിനാൽ ആരും ശബ്ദമുയർത്തില്ല. ഇന്നും, ശബ്ദമുയർത്തുന്നവർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്’. ഇതെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും സുമ പറഞ്ഞു.
‘ഒരിക്കൽ വലിയൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയി. എന്റെ അമ്മ എന്നോടൊപ്പം വന്നു. ഒരു ആഴ്ചത്തേക്ക് ഷൂട്ട് ഷെഡ്യൂൾ ചെയ്തിരുന്നു. രാവിലത്തെ ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരം ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി. രാത്രി 10 മണിയോടെ, ആ പ്രശസ്ത സംവിധായകൻ എന്റെ മുറിയിലെത്തി. ബാൽക്കണി വാതിലിൽ മുട്ടാൻ തുടങ്ങി. ഞങ്ങൾ ജനാലയിലൂടെ നോക്കി, അയാള്‍ പൂര്‍ണമായി മദ്യപിച്ചിരുന്നു. അന്ന് എനിക്ക് ഏകദേശം 16 അല്ലെങ്കിൽ 17 വയസ്സായിരുന്നു, ഞാൻ ഭയന്നുപോയി. കുറച്ചുനേരം മുട്ടിയ ശേഷം, അയാള്‍ പോയി’ സുമ പറയുന്നു.