Friday 04 October 2019 09:26 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ പാപ്പുക്കുട്ടൻ അവളുടെ സംഗീതയാത്ര ആരംഭിക്കുകയാണ്, മൂകാംബിക നടയിൽ വച്ച്’! അമൃതയുടെ വഴിയേ അവന്തികയും പാട്ടിന്റെ ലോകത്ത്

amrutha-new

മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെയും മകളാണ് പാപ്പു എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന അവന്തിക. അവന്തികയുടെ പുതിയ വിശേഷങ്ങളൊക്കെ അമൃത ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. ഈ പോസ്റ്റുകളിലൂടെ സമൂഹമാധ്യമങ്ങളിലെ പ്രിയപ്പെട്ട താരമാകാനും പാപ്പുവിനായി. ഇപ്പോഴിതാ മകളുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിനെക്കുറിച്ചുള്ള വിശേഷം അമൃത ഇൻസ്റ്റഗ്രാമിലൂടെ ആസ്വാദകരുമായി പങ്കുവച്ചിരിക്കുന്നു.

അവന്തികയും ഇനി അമൃതയുടെ വഴിയേ പാട്ടിന്റെ മേഖലയിലേക്ക് എത്തുകയാണ്. ‘നിങ്ങൾ എല്ലാവരുടെയും അനുഗ്രഹത്തോടെ, ഞങ്ങളുടെ പാപ്പുക്കുട്ടൻ അവളുടെ സംഗീതയാത്ര ഈ മഹാനവമിയിൽ മൂകാംബിക ക്ഷേത്രത്തിൽ വച്ച് എന്നോടൊപ്പം ആരംഭിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത്’.- മകളുടെ ചിത്രം പങ്കുവച്ച് അമൃത കുറിച്ചു.

2010ലായിരുന്നു അമൃതയും ബാലയും വിവാഹിതരായത്. 2016ൽ ഇരുവരും വിവാഹമോചിതരായി. അടുത്തിടെ പാപ്പുവിന്റെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വൈറലായിരുന്നു.