താൻ നായകനാകുന്ന പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ന്റെ ട്രെയിലർ ലോഞ്ച് വേദിയിൽ വൈകാരിക പ്രസംഗവുമായി നടൻ ദിലീപ്.
വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി കരയുകയാണെന്ന് താരം പറഞ്ഞു.
‘ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണ്’. –ദിലീപ് പറയുന്നു.
‘കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊൻപത് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കയ്യടി അതുപോലെ തന്നെ, ഞാൻ ഇത്രയും പ്രശ്നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് സിനിമ നിർമിക്കുന്ന എന്റെ നിർമാതാക്കൾ, സംവിധായകർ, എഴുത്തുകാർ അങ്ങനെ കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർഥനയാണ് ഈ ഞാൻ’.– താരം തുടർന്നു.
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’ ഏപ്രിൽ 26നു റിലീസ് ചെയ്യും.