Wednesday 09 October 2019 12:44 PM IST : By സ്വന്തം ലേഖകൻ

‘ഇന്ന് രാവിലെ വാർത്ത കണ്ട് ഞെട്ടി, ഇനിയിപ്പോ എന്ത്’! മോഹൻലാലിന്റെ ‘കൂടത്തായി’ സിനിമ; ആശങ്കയോടെ നടി

dini-new

കേരളത്തെയാകെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ, മോഹൻലാൽ നായകനാകുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ആ പ്രഖ്യാപനം മറ്റൊരാളെ നടുക്കിയിരിക്കുന്നു. നടി ഡിനി ഡാനിയൽ ആണ് ‘ഇനിയിപ്പോ എന്ത്’ എന്ന അവസ്ഥയിൽ ആയിരിക്കുന്നത്.

‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്’ എന്നാണ് ഡിനി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു. എന്നാൽ ഇപ്പോൾ കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് ഡിനി.

ഡിനി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം റോണെക്സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിർമാതാവ് അലക്സ് ജേക്കബ്. അതേ സമയം മോഹൻലാൽ–ആന്റണി പെരുമ്പാവൂർ ടീമിന്റെ കൂടത്തായി സിനിമയെക്കുറിച്ച് കൂടുതൽ വാർത്തകൾ ലഭ്യമല്ല.