Monday 25 March 2024 02:21 PM IST : By സ്വന്തം ലേഖകൻ

‘ഈ ദിവസത്തിനായി ഞങ്ങൾ 5 വർഷമായി കാത്തിരിക്കുകയായിരുന്നു’: സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞ് താരം

gayathri

അഞ്ചു വർഷത്തിന് ശേഷം ഇരട്ടസഹോദരൻ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടി ഗായത്രി അശോക്. അപ്രതീക്ഷിതമായി വീട്ടിലെത്തിയ സഹോദരനെ സ്വീകരിക്കുന്ന തന്റെയും അമ്മയുടെയും വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനകം വൈറൽ ആണ്. പൊട്ടിക്കരഞ്ഞുകൊണ്ട്‌ സഹോദരനെ ചേർത്തുപിടിക്കുകയാണ് ഗായത്രിയും അമ്മയും.

‘എന്റെ എക്കാലത്തെയും ആഗ്രഹം. ഈ ദിവസത്തിനായി ഞങ്ങൾ 5 വർഷമായി കാത്തിരിക്കുകയായിരുന്നു. എന്തായാലും അത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായി മാറി. എന്റെ സഹോദരന്റെ അപ്രതീക്ഷിത സന്ദർശനത്തിന്റെ സന്തോഷത്തിനു പകരമായി ജീവിതത്തിൽ മറ്റൊന്നില്ല. നീ ഒടുവിൽ ഞങ്ങളുടെ അടുത്ത് എത്തിച്ചേർന്നു എന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല അപ്പൂസേ. ഇവൻ എന്റെ സഹോദരൻ, എന്റെ ശക്തിയുടെ സ്രോതസ്, എന്റെ ഏറ്റവും പ്രിയ സുഹ‍ൃത്ത്, എന്റെ എല്ലാമെല്ലാം. ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല’.– വിഡിയോയ്ക്കൊപ്പം ഗായത്രി കുറിച്ചു.

ടെലിവിഷൻ സീരിയൽ താരം ബിന്ദു പങ്കജ് ആണ് ഗായത്രിയുടെ അമ്മ. ‘ലഡു’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഗായത്രി. ശേഷം സ്റ്റാർ, മെമ്പർ രമേശൻ 9 ആം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തുന്ന ഫൂട്ടേജ് ആണ് ഗായത്രി അശോകിന്റെ പുതിയ ചിത്രം