അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ആരോമലായി അൽത്താഫ് എത്തുമ്പോള്‍ അമ്പിളിയെന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് മന്ദാകിനി നിർമിക്കുന്നത്. ചിരിയുടെ മാലപ്പടക്കത്തിനാകും ചിത്രം തിരികൊളുത്തുകയെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. ട്രെയിലറിന്റെ അവസാനം പ്രിയ വാരിയരും പ്രത്യക്ഷപ്പെടുന്നു.
ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്തണി ജോസഫ്, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. ഒപ്പം ജാഫർ ഇടുക്കി, ഗണപതി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ എന്നിവരും ഉണ്ട്.
ഷിജു എം ബാസ്കർ, ശാലു എന്നിവരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഷിജു എം ബാസ്കർ തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നതും.