സൂപ്പർഹിറ്റ് മലയാള ചിത്രം ‘പ്രേമലു’ തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കി വിഖ്യാത തെലുങ്ക് സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയ. മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം മാർച്ച് എട്ടിന് റിലീസ് ചെയ്യും. വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കാർത്തികേയ നേടിയതെന്നാണ് റിപ്പോർട്ടുകള്‍.
അതേ സമയം, അൻപത് കോടി ക്ലബ്ബിലെത്തിയ പ്രേമലു കേരളത്തിനു പുറത്തും നിറഞ്ഞോടുകയാണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്.
നസ്ലിന്, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് എഡിയാണ് സംവിധാനം.