Monday 19 February 2024 02:12 PM IST : By സ്വന്തം ലേഖകൻ

ഇനി ടർബോ ജോസിന്റെ വരവ്, ഒപ്പം വൻ താരനിരയും: ചിത്രീകരണം പൂർത്തിയായി

turbo

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പാക്കപ്പ് ചിത്രങ്ങൾക്കൊപ്പം വൈശാഖ് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടര്‍ച്ചയായ ഷൂട്ടിങ്, എണ്ണമറ്റ ഓര്‍മകള്‍, എന്നും നിലനില്‍ക്കുന്ന ബന്ധങ്ങള്‍. ഫ്രെയിമുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങള്‍ നല്‍കുന്ന പിന്തുണ എന്റെ അഭിനിവേശം വര്‍ദ്ധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ ഒരു ജീവന്‍ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു’.– വൈശാഖ് കുറിച്ചു.

മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തിലുണ്ട്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.