Friday 31 May 2024 12:33 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളൊരു രത്നമാണ്, എന്നും കൂടെയുള്ളതിനു നന്ദി’: പിറന്നാൾ സർപ്രൈസ്: ഗോപി സുന്ദറിനെക്കുറിച്ച് കുറിപ്പ്

gopi-b-day

47–ാം ജന്മദിനം ആഘോഷിച്ച സംഗീത സംവിധായകൻ ഗോപി സുന്ദറിന് സുഹൃത്തുക്കൾ കരുതിവച്ചത് ഹൃദ്യമായ സർപ്രൈസുകൾ. സ്നേഹാശംസകളും സമ്മാനങ്ങളുമായി ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം കൂട്ടുകാർ ആഘോഷമാക്കുകയായിരുന്നു. ഗിഫ്റ്റ് ഹാംപറുമായാണ് മോഡലും കലാകാരിയും മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായർ ഗോപിക്ക് ആശംസകൾ അറിയിച്ചത്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിമായിരുന്നു കൂട്ടത്തിൽ ഹൃദ്യം. അതിൽ ‘നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി’ എന്ന കുറിപ്പ് കാണാം. ഗിഫ്റ്റ് ഹാംപർ തയാറാക്കി നൽകിയ ഗാലറി ആർട്ട്, താരയെയും ഗോപി സുന്ദറിനെയും ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചു. 

നടിയും മോഡലുമായ അഞ്ജന മോഹനും ജന്മദിനാശംസകൾ അറിയിച്ചു. ഗോപിക്കൊപ്പമുള്ള നല്ല നിമിഷങ്ങളും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് അ‍ഞ്ജനയുടെ ആശംസ. ഗായകരായ പുണ്യ പ്രദീപ്, ആവണി മൽഹാർ, മുഹമ്മദ് മഖ്ബൂൽ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു പിറന്നാൾ മംഗങ്ങൾ നേർന്നു. എല്ലാവരോടും ഗോപി നന്ദിയും സ്നേഹവും അറിയിച്ചിട്ടുണ്ട്. 

നിരവധി ആരാധകർ അദ്ദേഹത്തിന് ആശംസകളറിയിച്ചു. സംഗീതലോകത്തും പുറത്തുമായി ഏറെ സൗഹൃദങ്ങളുള്ള ഗോപി, സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. തെലുങ്കിലും ഒരുപിടി ഹിറ്റ് ഗാനങ്ങൾ ഗോപി സുന്ദറിന്റെ വകയായുണ്ട്. വിജയ് ദേവരകൊണ്ട ചിത്രം ഫാമിലി സ്റ്റാറിനായി ഗോപി ഒരുക്കിയ ഗാനങ്ങൾ ഹിറ്റായിരുന്നു.