സംഗീത സംവിധായകൻ ജി.വി പ്രകാശും ഭാര്യയും ഗായികയുമായ സൈന്ധവിയും തമ്മിൽ വേർപിരിഞ്ഞു. ഗായിക സൈന്ധവിയുമായുള്ള 11 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്. വിവാഹമോചിതനായ വിവരം ഔദ്യോഗികമായി ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലും പങ്കുവച്ചിട്ടുണ്ട്.
‘ഒരുപാടു ആലോചനകൾക്കു ശേഷം ഞാനും സൈന്ധവിയും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ മാനസിക സമാധാനത്തിനും നല്ല ഭാവിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. 11 വർഷം നീണ്ട വിവാഹബന്ധത്തിൽ നിന്നും ഞങ്ങൾ വേർപിരിയുകയാണ്. വളരെ ആഴത്തിലുള്ള മാനസിക പരിവർത്തനത്തിലൂടെ കടന്നു പോകുന്ന ഞങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും സുഹൃത്തുക്കളും ആരാധകരും മനസിലാക്കണമെന്നും മാനിക്കണമെന്നും അഭ്യർഥിക്കുകയാണ്. അകലുകയാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് പരസ്പരം എടുക്കാവുന്ന മികച്ചൊരു തീരുമാനമാണ് ഇതെന്നു വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഏറെ വലുതാണ്. നന്ദി,’ ജി. വി പ്രകാശ് കുറിപ്പിൽ അറിയിച്ചു.’
2013–ലായിരുന്നു ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവർക്ക് അൻവി എന്നൊരു മകളുണ്ട്. എ.ആർ റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി പ്രകാശ് പിന്നീട് സംഗീത സംവിധായകനായും നടനായും പേരെടുത്തു. ആടുകളം, അസുരൻ, തെരി, ദൈവത്തിരുമകൾ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകനാണ് ജി.വി പ്രകാശ്. ഉന്നാലെ എന്നാളും, കയ്യിലെ ആകാശം, എള്ളു വയ പൂക്കളയേ, അടടാ മഴൈടാ... തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ സൈന്ധവിയും ശ്രദ്ധേയയാണ്.