നിറമുള്ള പ്രണയകഥകൾ മാത്രമല്ല, പ്രണയം തേടിയുള്ള ത്യാഗപൂർണമായ യാത്രയിൽ കാലിടറിപ്പോയവരെ ഓർക്കാനുള്ള ദിനം കൂടിയാണ് ഓരോ വാലന്റൈൻ ദിനവും. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്‍മകളും പ്രണയദിനത്തിന്റെ ഓർമയായി ജ്വലിച്ചു നിൽക്കും. 2018 മേയ് 28നാണ് നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍നിന്നു കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ (23) തട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രണയത്തിന്റെ പേരില്‍ പ്രാണന്‍വെടിഞ്ഞ കെവിന്റെ ഓര്‍മ്മകള്‍ കനലായി എരിയുമ്പോള്‍ ആ ഓര്‍മ്മകള്‍ ജീവശ്വാസമാക്കിയ പെണ്ണ് നീനു മനസു തുറക്കുകയാണ്. വനിത ജൂണ്‍ 2018 ലക്കത്തില്‍ വനിതയോട് നീനു പറഞ്ഞ വാക്കുകള്‍...കനല്‍ പോലെ എരിഞ്ഞ ആത്മസംഘര്‍ഷങ്ങള്‍...കണ്ണീരുറഞ്ഞ ജീവിതം...ചുവടെ വായിക്കാം...
രണ്ടുവര്‍ഷം മുന്‍പാണ് കെവിന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. ലീവിനു വീട്ടിലേക്ക് പോകാന്‍ കോട്ടയം ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എന്റെ കൂട്ടുകാരിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍കുട്ടി അവളെ കാണാന്‍ വന്നു. കൂടെ വന്നത് കെവിന്‍ ചേട്ടനായിരുന്നു. കോട്ടയം അമലഗിരി ബികെ കോളജില്‍ ബിഎസ്‌സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഞാനന്ന്.
കൂട്ടുകാരന്റെ കാര്യം പറയാന്‍ വേണ്ടി പിന്നെ ഒന്നു രണ്ടു തവണ വിളിച്ചു. ഇടയ്‌ക്കൊക്കെ ചാറ്റ് ചെയ്യുമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ 'ഇഷ്ടമാണോ' എന്നു ചേട്ടന്‍ എന്നോടു ചോദിച്ചു. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു മാത്രം അന്നു പറഞ്ഞു. വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ എന്റെ അതുവരെയുള്ള ജീവിതം കെവിന്‍ ചേട്ടനോടു തുറന്നു പറഞ്ഞു.
ക്രിസ്ത്യന്‍- മുസ്ലിം പ്രണയ വിവാഹമായിരുന്നു പപ്പയുടേതും അമ്മയുടേതും. രണ്ടുപേരും വിദേശത്തായിരുന്നതിനാല്‍ പപ്പയുടെ കുടുംബവീട്ടില്‍ നിന്നായിരുന്നു എന്റെയും ചേട്ടന്റെയും സ്‌കൂള്‍ പഠനം. ഞാന്‍ അഞ്ചാം ക്ലാസ്സിലായപ്പോള്‍ അമ്മ നാട്ടില്‍ വന്ന് അമ്മയുടെ ബാപ്പ നടത്തിയിരുന്ന കട ഏറ്റെടുത്തു. അതിനു പിന്നിലുള്ള സ്ഥലത്ത് വീടും വച്ചു. എന്റെ പപ്പയും നാട്ടിലേക്ക് പോന്നു. ഒരു കടയുടെ സ്ഥാനത്ത് രണ്ടു കടകളായി. ഒപ്പം അവര്‍ തമ്മിലുള്ള വഴക്കും ഇരട്ടിയായി. രാത്രി കടകളുടെ കണക്കെടുപ്പ് നടക്കുമ്പോഴാണ് വഴക്ക്. അടിപിടിയിലാകും ഇത് കലാശിക്കുക. ഒരിക്കല്‍ അമ്മയെ അടിക്കാനായി പപ്പ ഓങ്ങിയ ടോര്‍ച്ച് വന്നുകൊണ്ടത് എന്റെ മൂക്കിലാണ്. മൂക്കുപൊട്ടി ചോര വന്നു. അതിനു ശേഷം വഴക്കു മൂക്കുമ്പോള്‍ ഞാന്‍ പിടിച്ചു മാറ്റാന്‍ പോയിട്ടില്ല.
പ്ലസ് ടു തിരുവല്ലയില്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. ഡിഗ്രിക്കും വീടു വിട്ട് ദൂരെയെവിടെങ്കിലും പഠിക്കണമെന്നായിരുന്നു. ആ സമയത്താണ് ചേട്ടന്‍ സാനുവിന്റെ കല്യാണം. അമ്മയ്ക്ക് ആ വിവാഹത്തോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഒരിക്കല്‍ പപ്പ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. എന്നെയും ചേട്ടനെയും അതില്‍ കൂട്ടുപ്രതികളാക്കിയിരുന്നു. പിന്നീട് ഒരിക്കല്‍ കുടുംബവഴക്കിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് എന്നെ പപ്പയുടെ അമ്മയോടൊപ്പം നിര്‍ത്തി. കുറച്ചുകാലം അമ്മയുടെ ഒരു ബന്ധുവീട്ടിലും നിന്നു. അപ്പോഴാണ് കോട്ടയത്ത് ജിയോളജിക്ക് അഡ്മിഷന്‍ കിട്ടിയത്. വീട്ടിലെ ശ്വാസംമുട്ടലില്‍ നിന്നുള്ള രക്ഷപെടലായിരുന്നു എനിക്കത്.
നിശബ്ദനായിരുന്ന് എന്റെ ജീവിതം മുഴുവന്‍ കേട്ടു അന്ന് കെവിന്‍ ചേട്ടന്‍. പിന്നെ, എന്റെ കയ്യില്‍ മുറുക്കെ പിടിച്ചിട്ട് 'നിന്നെ മാത്രമേ കല്യാണം കഴിക്കൂ' എന്ന് പറഞ്ഞു. എനിക്കും തോന്നി, ആ കൈ ഇനി വിടരുതെന്ന്. വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്ന് മനസ്സിലിരുന്നാരോ ഓര്‍മിപ്പിച്ചിരുന്നുവെങ്കിലും.
വീടു വയ്ക്കണമെന്നും കൃപ ചേച്ചിയുടെ കല്യാണം നന്നായി നടത്തണമെന്നും വലിയ മോഹമായിരുന്നു കെവിന്‍ ചേട്ടന്. വയര്‍മാന്‍ കോഴ്‌സ് പഠിച്ച ചേട്ടന്‍ ദുബായിലേക്ക് പോയത് അതിനായിരുന്നു. എങ്കിലും എല്ലാ ദിവസവും എന്നെ വിളിച്ച് അന്നത്തെ വിശേഷങ്ങള്‍ പറയുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിയും. തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കും. ജീവിതത്തില്‍ ഞാനേറെ സന്തോഷിച്ചത് ആ ദിവസങ്ങളിലാണ്.
ഫെബ്രുവരി 15നാണ് ചേട്ടന്‍ ലീവിനു വന്നത്. മാര്‍ച്ചില്‍ സെക്കന്‍ഡ് ഇയര്‍ പരീക്ഷ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. അ പ്പോഴാണ് അറിഞ്ഞത് വീട്ടുകാര്‍ എനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന്. എന്റെ വിഷമം കണ്ട് കെവിന്‍ ചേട്ടന്‍ വിളിച്ചു പറഞ്ഞു, 'നീ ഇങ്ങു പോരൂ...' പരീക്ഷയുണ്ട് എന്നുപറഞ്ഞ് ആ വ്യാഴാഴ്ച ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.
കോട്ടയത്ത് എത്തിയ ശേഷം കെവിന്‍ ചേട്ടന്റെ കൂടെ പോകുകയാണെന്ന് വീട്ടില്‍ അറിയിക്കുകയും ചെയ്തു. ചേട്ടന്റെ സുഹൃത്തിന്റെ ബന്ധുവീട്ടിലാണ് അന്ന് താമസിച്ചത്. പിറ്റേന്ന് ഏറ്റുമാനൂരില്‍ നിന്ന് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചു. എന്നെ കാണുന്നില്ലെന്നു കാണിച്ച് പപ്പ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഞങ്ങളെ വിളിപ്പിച്ചു. പപ്പ തിരികെ ചെല്ലാന്‍ നിര്‍ബന്ധിച്ചങ്കിലും വീട്ടിലെ പ്രശ്‌നങ്ങള്‍ സഹിക്കാന്‍ പറ്റില്ലെന്നും കെവിന്‍ ചേട്ടനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഞാന്‍ പറഞ്ഞു.

പക്ഷേ, അവര്‍ എന്നെ കാറിലേക്ക് വലിച്ചു കയറ്റാന്‍ നോക്കി. സ്റ്റേഷന്റെ മുറ്റത്തെ ചെളിയിലൂടെ വലിച്ചിഴക്കുന്നതു കണ്ട് കെവിന്‍ ചേട്ടന്‍ ഓടിവന്ന് എന്നെ പിടിച്ചു മാറ്റി. പിടിവലി കണ്ട് അപ്പോഴേക്കും ആളുകൂടി. 'ചെല്ലില്ല' എന്ന് ഉറപ്പായപ്പോള്‍ പപ്പ ഒരു ഡിമാന്‍ഡ് വച്ചു. കൂടെ ചെന്നാല്‍ ഒരു മാസ ത്തിനകം ആഘോഷമായി വിവാഹം ചെയ്തുവിടാമെന്ന്. താ ല്‍പര്യമില്ലെന്ന് ഞങ്ങള്‍ രണ്ടുപേരും പറഞ്ഞു. അതോടെ ഒരു മാസത്തേക്ക് ഹോസ്റ്റലില്‍ നിര്‍ത്താന്‍ സമ്മതിച്ചു. സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്നു കെവിന്‍ ചേട്ടനൊപ്പം വന്നതാണെന്നും ഹോസ്റ്റലിലേക്ക് പോകാമെന്നും എഴുതിവച്ച് എ ല്ലാവരും ഒപ്പിട്ടു. പപ്പയും കൂട്ടരും തിരിച്ചു പോയി.
സ്റ്റേഷനില്‍ നിന്നിറങ്ങിയ എനിക്ക് മാറാന്‍ പുതിയ ഡ്രസ്സും ചെരിപ്പും കെവിന്‍ ചേട്ടന്‍ വാങ്ങിത്തന്നു. സ്റ്റേഷനില്‍ നടന്ന സംഭവമെല്ലാം പറഞ്ഞ ശേഷമാണ് ഹോസ്റ്റലില്‍ റൂം ശരിയാക്കിയത്. ആരു വന്നു വിളിച്ചാലും വിടരുത് എന്നു വാര്‍ഡനോടു നിര്‍ബന്ധമായി പറഞ്ഞിട്ടാണ് ചേട്ടന്‍ പോയത്.
ഓര്‍ക്കാനാകില്ല, എങ്കിലും...
പിറ്റേന്നു രാവിലെ കോട്ടയത്ത് കലക്ടറേറ്റില്‍ വിവാഹ രജിസ്‌ട്രേഷനുള്ള നോട്ടീസ് ഇടാന്‍ പോകുംവഴി വനിതാ സെല്ലില്‍ കയറി കാര്യങ്ങളെല്ലാം സംസാരിച്ചു. പരിചയമുള്ള ആരുടെയെങ്കിലും കത്ത് വേണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് നോട്ടീസ് ഇടാനാകാതെ തിരികെ പോന്നു. ഹോസ്റ്റലിനടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ വിഷമിച്ചിരിക്കുന്നത് കണ്ട് ചേട്ടനാണ് ചോറ് വാരിത്തന്നത്. അന്നു രാത്രി കുറേ നേരം ഫോണില്‍ സംസാരിച്ചു. ഞാന്‍ വാങ്ങി കൊടുത്ത നീല ടീഷര്‍ട്ടാണ് അന്നു ചേട്ടന്‍ ഇട്ടിരുന്നത്. വിവാഹ രജിസ്‌ട്രേഷനു വേണ്ടി ഓഫിസില്‍ കൊടുക്കാന്‍ വാര്‍ഡ് മെമ്പറുടെ കത്ത് വാങ്ങാന്‍ പോകാന്‍ രാവിലെ വിളിച്ചുണര്‍ത്തണമെന്നു പറഞ്ഞു. രാത്രി ഒന്നരയോടെ കിടന്നുറങ്ങും മുന്‍പ് ഞാന്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു, ഒറ്റയ്‌ക്കൊന്നും രാത്രി പുറത്തിറങ്ങരുതെന്ന്. രാവിടെ 5.45നു ഞാന്‍ വിളിച്ചപ്പോള്‍ ആരോ ഫോണ്‍ കട്ട് ചെയ്തു. ആറിനു വീണ്ടും വിളിച്ചെങ്കിലും എടുത്തില്ല. പിന്നെ, വിളിച്ചപ്പോഴൊന്നും എടുത്തില്ല. കെവിന്‍ ചേട്ടന്റെ ഒപ്പം അവര്‍ പിടിച്ചുകൊണ്ടുപോയ കസിന്‍ അനീഷ് ചേട്ടന്റെ സഹോദരി വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്.

കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ വനിതാ പൊലീസുകാര്‍ ഹോസ്റ്റലില്‍ വന്ന് എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചേട്ടനവിടെ എത്തിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതിയത്. കാണാഞ്ഞിട്ട് എല്ലാവരോടും അന്വേഷിച്ചെങ്കിലും ആരും ഒന്നും പറഞ്ഞില്ല. പിന്നെ, എന്നെ മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. രണ്ടു വീട്ടുകാര്‍ക്കും വിവാഹത്തിനു സമ്മതമാണെന്നും ഒരു മാസത്തിനു ശേഷം വിവാഹം നടത്താമെന്നുള്ള ഉറപ്പിന്മേലാണ് പപ്പയ്‌ക്കൊപ്പം നീനുവിനെ വിട്ടതെന്നും പൊലീസ് അവിടെ ബോധിപ്പിച്ചു. പിടിവലിയും ബഹളവുമൊക്കെ കഴിഞ്ഞ ശേഷമാണ് പപ്പ ആ ഡിമാന്‍ഡ് വച്ചതെന്ന് ഞാന്‍ തിരുത്തി. അതുകൊണ്ടാകാം എന്നെ കെവിന്‍ ചേട്ടന്റെ അച്ഛനമ്മമാര്‍ക്കൊപ്പം വിടാന്‍ മജിസ്‌ട്രേറ്റ് പറഞ്ഞത്. ചേട്ടന്റെ പപ്പയും അമ്മയും സ്റ്റേഷനില്‍ വന്ന് പേപ്പറില്‍ എഴുതി നല്‍കിയ ശേഷം എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മ എന്നെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറ്റി. അന്നു രാത്രി മുഴുവന്‍ പ്രാര്‍ഥിച്ചത് ചേട്ടന്‍ വേഗം വരണേ എന്നാണ്. ഞങ്ങളൊന്നിച്ച് ജീവിക്കാനിരിക്കുന്ന ദിവസങ്ങളെ കുറിച്ചാണ് അന്നു സ്വപ്നം കണ്ടത്. പക്ഷേ, പിറ്റേന്ന് വെളുപ്പിന് പപ്പ കരഞ്ഞുകൊണ്ടു വന്നു. അതുകണ്ട് ചേച്ചിയും അമ്മയും കരച്ചിലായി. എനിക്കു കണ്ണില്‍ ഇരുട്ടുകയറുന്ന പോലെ തോന്നി. ബോധം വരുമ്പോള്‍ ആശുപത്രിയിലാണ്. അവിടെ വച്ചാണ് കെവിന്‍ ചേട്ടന്‍ ഇനി വരില്ല എന്ന് അറിഞ്ഞത്.

ഒരു വേദനയും ആരോടും പറയാത്ത ചേട്ടനെ എത്ര മാത്രം വേദനിപ്പിച്ചാണ് അവര്‍ ഈ ലോകത്തു നിന്ന് പറഞ്ഞുവിട്ടത്.
കെവിന്‍ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് ഒപ്പമുണ്ടായിരുന്ന അനീഷേട്ടന്‍. അച്ഛനും അമ്മയും മരിച്ച അനീഷേട്ടന്‍ പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞതോടെ വീട്ടില്‍ ത നിച്ചാണ്. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളതുകൊണ്ട് കെവിന്‍ ചേട്ടനാണ് കൂടെ കൊണ്ടുപോയിരുന്നത്. അന്നു രാത്രി എന്റെ ചേട്ടനും ആളുകളും ആക്രമിക്കാന്‍ വന്നപ്പോള്‍ കെവിന്‍ ചേട്ടന്‍ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓര്‍ത്താകും. മരിക്കുന്നതിനു മുന്‍പത്തെ ഞായറാഴ്ച കെവിന്‍ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂര്‍ പോയിരുന്നു. തിരയടിച്ചെത്തുന്ന മണല്‍പരപ്പില്‍ 'കെവിന്‍ + നീനു' എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങള്‍ക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല.
തുടര്‍ന്ന് പഠിക്കണമെന്ന് എല്ലാവരും പറയുന്നു, പക്ഷേ, ആകുമോ എന്നറിയില്ല. എന്റെ സങ്കടങ്ങള്‍ പറയാന്‍ ഇനി ആരുമില്ലല്ലോ. 'ഒന്നു മിസ്ഡ് കോള്‍ ചെയ്താല്‍ മതി, വിളിക്കാം' എന്ന് എപ്പോഴും കെവിന്‍ ചേട്ടന്‍ പറയുമായിരുന്നു. ഇപ്പോള്‍ എത്ര മിസ്ഡ് കോള്‍ ചെയ്തിട്ടും മറുവിളിയെത്തുന്നില്ലല്ലോ. സന്തോഷത്തോടെ ഒരുപാട് വര്‍ഷങ്ങള്‍ ജീവിക്കാമെന്നും ഒരിക്കലും കരയിക്കില്ലെന്നും വാക്കുതന്ന ആള്‍...'