Monday 25 September 2023 11:26 AM IST

‘എന്റെ കുട്ടിയെ കാണുമ്പൊഴൊക്കെ ഒരു കുഞ്ഞില്ലാത്ത വിഷമത്തെക്കുറിച്ച് ശ്രീവിദ്യ പറയും’: ശ്രീവിദ്യ... കെ. ജി ജോർജിന്റെ ‘സങ്കടനായിക’

Sreerekha

Senior Sub Editor

sreevidya-14

‘യവനികയക്കുള്ളിലേക്ക്’ മാ‍ഞ്ഞു പോയിരിക്കുന്നു അനശ്വര സംവിധായകൻ ജെ.ജി ജോർജ്. ആ ഓർമകളെ ഹൃദയത്തിലേറ്റുന്ന സഹൃദയർക്കു മുന്നിലേക്ക് ഹൃദ്യമായ ആ ഓർമകളെ അക്ഷരങ്ങളായി ചേർത്തു വയ്ക്കുകയാണ് വനിത. സിനിമാ മോഹികള്‍ ആരാധനയോടെ മാത്രം കാണുന്ന ചലച്ചിത്ര വിസ്മയങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച് വനിത 2018ൽ പങ്കുവച്ച ഫീച്ചറിന്റെ പ്രസക്തഭാഗം ചുവടെ...

––––

‘വനിത’ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ കെ.ജി. ജോർജ്, ജീവിതത്തിൽ മറക്കാനാകാത്ത സ്ത്രീകളെക്കുറിച്ച്... െകാച്ചി വെണ്ണലയിൽ സംവിധായകൻ െക.ജി. ജോർജിന്റെ വീട്. ചില്ലലമാരകളിൽ നിറയെ സിനിമാസംബന്ധിയായ വിശ്രുത ഗ്രന്ഥങ്ങളും പുരസ്കാരങ്ങളുടെ സുവർണ ഫലകങ്ങളും. മലയാളികൾ എക്കാലവും ഏറ്റവും സ്നേഹിക്കുന്ന സിനിമകളിലൊന്നായ ‘യവനിക’യ്ക്ക് 1982 ൽ ലഭിച്ച സംസ്ഥാന അവാർ‍ഡ് മുതൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർ‍ഡ് ശിൽപം വരെ. ഒപ്പം, ലോകത്തിലെ തന്നെ മികച്ച ചലച്ചിത്രങ്ങളുടെ ഡിവിഡി ശേഖരം.... ഒാർമകൾ പോലെ പോയ കാലത്തിന്റെ നിമിഷങ്ങളും തിങ്ങി നിറഞ്ഞ ഈ മുറിയിലിരിക്കുമ്പോൾ മലയാളത്തിന്റെ ഏറ്റവും വ്യത്യസ്തനായ ചലച്ചിത്രകാരന്റെ മുഖത്ത് രോഗത്തിന്റെ അവശതകളെ മറക്കാൻ ശ്രമിക്കുന്നൊരു പുഞ്ചിരിയുണ്ട്. കെ.ജി. ജോർജ് എന്നാൽ മലയാളികൾക്ക് വേറിട്ട ചലച്ചിത്രങ്ങളുടെ സംവിധായകനാണ്. ഇന്നും സിനിമയെ സ്നേഹിക്കുന്നവർ ആരാധനയോടെ മാത്രം കാണുന്ന ചലച്ചിത്ര വിസ്മയങ്ങളുടെ സ്രഷ്ടാവ്.

നാലു വർഷം മുമ്പ് വന്ന പക്ഷാഘാതമായിരുന്നു, അദ്ദേഹത്തിന്റെ ക്രിയാത്മകമായ കരിയറിനെ വിശ്രമാവസ്ഥയിലാഴ്ത്തിയത്. നടക്കാനും സംസാരിക്കാനും പ്രയാസമുണ്ടിപ്പോൾ. വാക്കുകളുടെ ഉച്ചാരണം വഴുതിപ്പോകുന്നു. ശബ്ദത്തിന് ഇടർച്ചയും അവ്യക്തതയും. ചില വാക്കുകളും പേരുകളുമൊക്കെ മറവിയിൽ നിന്നു കയറി വരാൻ മടിക്കുന്നുണ്ട്. അപ്പോൾ അടുത്തിരുന്ന് ഭാര്യ സൽമ ആ സ്മരണകളെ പൂരിപ്പിച്ചു കൊടുക്കുന്നു. പുസ്തക ഷെൽഫിലേക്കു നോക്കി, തെല്ലു വിഷമത്തോടെ അദ്ദേഹം പറഞ്ഞു: ‘‘വലിയ വായനക്കാരനായിരുന്നു ഞാൻ. ഒാരോ പുസ്തകങ്ങളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷേ, ഇന്ന് അവയെക്കുറിച്ച് ഒന്നുമോർത്തെടുക്കാനാകുന്നില്ല. രോഗാവസ്ഥയുടെ ബുദ്ധിമുട്ട് വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും ചലച്ചിത്ര സംവിധായകനെന്ന നിലയിൽ എന്റേതായ കഴിവുകളുടെ പൂർണതയിൽ ഞാനെത്തിച്ചേർന്നിരുന്നുവെന്ന് വിശ്വസി ക്കുന്നു. ഐ ഹാവ് റീച്ച്ഡ് മൈ സാച്വറേഷൻ പോയിന്റ്...’’

ഒാർമയിൽ മാഞ്ഞും തെളിഞ്ഞും ഒട്ടേറെ കാലങ്ങളുണ്ട്. തിരുവല്ലയിലെ കുട്ടിക്കാലം. സിനിമ കണ്ട് മതി വരാതെ നടന്ന കോളജ് ദിനങ്ങൾ. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമ്മാനിച്ച അനുഭവങ്ങളുടെ നാളുകൾ. പക്ഷേ, ഏറ്റവും പ്രിയപ്പെട്ട കാലം സിനിമയിൽ സജീവമായി നിന്ന ആദ്യ വർഷങ്ങളാെണന്ന് അദ്ദേഹം ഒാർക്കുന്നു. എഴുപതുകളുടെ അവസാനം, പിന്നെ, എൺപതുകൾ. ചുവരിനെ അലങ്കരിക്കുന്ന, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കി’നു ലഭിച്ച പുരസ്കാരഫലകത്തിലേക്കു നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഒാർമയും ഫ്ളാഷ് ബാക്കിലേക്കു പോയി. അന്തരിച്ച നടി ശോഭയുടെ ജീവിതസാമ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ സിനിമ. സ്ത്രീ ജീവിതത്തിന്റെ തുറന്ന നിരീക്ഷണങ്ങൾ എന്നും കെ.ജി. ജോർജ് സിനിമകളെ വ്യത്യസ്തമാക്കിയിരുന്നു. ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങൾ. കലയിലും ജീവിതത്തിലും മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച സ്ത്രീകളെക്കുറിച്ച് അദ്ദേഹം പറയുന്നു.

അമ്മ

എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച സ്ത്രീ അമ്മയാണ്. വായനയോടുള്ള ഇഷ്ടം എന്നിൽ വളർത്തുകയും സ്വന്തം വഴികൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം തരികയും ചെയ്തു അമ്മ. അങ്ങനെ എന്നെ ഒരു സിനിമാക്കാരനാക്കിയതും അമ്മയാണെന്നു പറയാം. തിരുവല്ലയിലായിരുന്നു അമ്മയുടെ നാട്. അച്ചായൻ ഹരിപ്പാട് നിന്ന് തിരുവല്ലയിലെത്തി അമ്മയെ കല്യാണം കഴിച്ചതാണ്. (അച്ചായൻ സാമുവൽ. അമ്മ അന്നാമ്മ. എനിക്കു 13 വയസ്സു ള്ളപ്പോഴാണ് അനുജൻ ജനിക്കുന്നത്). പാവപ്പെട്ട കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ കുട്ടിക്കാലത്തൊന്നും ഞങ്ങൾക്കു സ്വന്തമായി വീടില്ലായിരുന്നു. അച്ചായന്റെ തൊഴിൽ പെയിന്റിങ്ങായിരുന്നു. കടകളുടെ ബോർ‍ഡും മറ്റും കലാപരമായി പെയിന്റടിക്കുക, ലോറിയുടെ പെയിന്റിങ് തുടങ്ങിയ അൽപം ചിത്രവേലകളുള്ള പെയിന്റിങ് ജോലി. അച്ചായന്റെ വരുമാനം കുടുംബത്തിന്റെ ചെലവിനു തികയില്ലായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അമ്മ നന്നെ പാടുപെട്ടു.

പശുക്കളെ വളർത്തലും ചിട്ടി നടത്തലും ഒക്കെയായി കഷ്ടപ്പെട്ടാണ് എന്റെ പഠനച്ചെലവിനുള്ള വക അമ്മ ഒപ്പിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ. എങ്കിലും, ഡിറ്റക്ടീവ് കഥകളുടെ പിന്നാലെ പോയ എന്റെ വായനയെ അമ്മ നല്ല കൃതികളിലേക്കു വഴി തിരിച്ചു വിട്ടു. ബഷീറിന്റെയും പൊൻകുന്നം വർക്കിയുടെയുെമാക്കെ രചനകൾ അങ്ങനെയാണു ഞാൻ വായിക്കുന്നത്. ചിത്രംവരയോടും വായനയോടുമായിരുന്നു എനിക്ക് സ്കൂൾ കാലത്ത് കമ്പം. പിന്നീട് സിനിമകൾ പതിവായി കാണാൻ തുടങ്ങി. ഡിഗ്രി പഠിത്തം കഴിഞ്ഞ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്ന കാര്യം പറഞ്ഞപ്പോഴും അമ്മ എതിരു പറഞ്ഞില്ല. അമ്മ ആശിച്ചത് എന്നെ ഒരു കോളജ് അധ്യാപകനാക്കാനായിരുന്നു. എന്നിട്ടും എന്റെ ഇഷ്ടങ്ങളെയെതിർത്തില്ല അമ്മ. ഞാൻ പൂന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴും പശുവിനെ വളർത്തിയും മറ്റുമാണ് ഫീസിനുള്ള പണം അമ്മ അയച്ചു തന്നിരുന്നത്. പിന്നീട് സംവിധായകനായി മാറിയപ്പോൾ ആദ്യ സിനിമ ‘സ്വപ്നാടനം’ മുതൽ എല്ലാ ചിത്രങ്ങളും അമ്മ കണ്ടിരുന്നു. ഏഴുവർഷം മുമ്പായിരുന്നു അമ്മയുടെ വേർപാട്. ജീവിതത്തിൽ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നത് അമ്മയോടാണ്.

ശ്രീവിദ്യ

എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത്– അതായിരുന്നു ശ്രീവിദ്യ. വേർപാടുകളിൽ എന്നെ ഏറ്റവും വേദനിപ്പിച്ചതും ശ്രീവിദ്യയുടേതാണ്. ഞാനും വിദ്യയും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്നൊക്കെ ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ, സത്യമെന്താണെന്നു ചോദിച്ചാൽ, ഷീ വാസ് മൈ ഗ്രേറ്റസ്റ്റ് ഫ്രണ്ട്. വിദ്യയുടെ ഭർത്താവിന്റെ പേരും ജോർജ് എന്നായതു കാരണം ഞാനാണവരെ വിവാഹം കഴിച്ചതെന്ന് വിചാരിച്ചിട്ടുണ്ട് പലരും. ഞാൻ പരിചയപ്പെട്ട സ്ത്രീകളിൽ ഏറ്റവും സുന്ദരിയും ശ്രീവിദ്യയായിരുന്നു. തികഞ്ഞ കലാകാരിയായിരുന്നു അവർ. ഒാരോ സിനിമ ചെയ്യുമ്പോഴും ആ കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഉദ്വേഗപൂർവം തിരക്കും. ഇങ്ങനെ അഭിനയിച്ചാൽ മതിയോ അതു ശരിയാകുമോ തുടങ്ങി ഒരുപാട് സംശയങ്ങൾ ചോദിക്കും. അത്ര അഭിനിവേശത്തോടെയാണ് അവർ കഥാപാത്രങ്ങളെ കണ്ടിരുന്നത്.

ശ്രീവിദ്യയുടെ പ്രണയങ്ങളെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. കമൽഹാസനെ പ്രണയിക്കുകയും വിവാഹം കഴിക്കാനാശിക്കുകയും ചെയ്തിരുന്നു. ആ വിവാഹം നടക്കാതിരുന്നത് അവരെ നിരാശയിലാഴ്ത്തിയിരുന്നു. പിന്നീട് ഭരതനുമായുള്ള അടുപ്പം. പക്ഷേ, അത്തരം കഥകളൊന്നും എന്റെയും വിദ്യയുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. എന്റെ ഭാര്യ സൽമയോടും വളരെ അടുപ്പമായിരുന്നു ശ്രീവിദ്യയ്ക്ക്. വ്യക്തിപരമായ സങ്കടങ്ങളൊക്കെ സൽമയോടു പങ്കിടുമായിരുന്നു. ‘ആദാമിന്റെ വാരിയെല്ലി’ൽ അഭിനയിക്കുമ്പോൾ സെറ്റിൽ വച്ച് എന്റെ മോളെ കാണുമ്പോഴൊക്കെ സൽമയോട് പറയും; ഒരു കുട്ടിയില്ലാത്തതിന്റെ വിഷമത്തെക്കുറിച്ച്. സ്വന്തം വിവാഹജീവിതത്തിലെ ദുരിതങ്ങളും ഇടയ്ക്കവർ ഒരാശ്വാസത്തിനെന്ന പോലെ പങ്കിട്ടു. ജോർജ് എന്ന വ്യക്തിയുമായുള്ള വിവാഹം അവർക്ക് സമ്മാനിച്ചതു വേദനകൾ മാത്രമാണ്. എല്ലാ തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നു.

പിന്നീട് ഞാനും കുടുംബവും തിരുവനന്തപുരത്തേക്കു മാറി. ശ്രീവിദ്യയ്ക്ക് അസുഖം ബാധിച്ചതറിഞ്ഞപ്പോഴും രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചൊന്നും എനിക്കറിയുമായിരുന്നില്ല. അതൊന്നും ആരോടും തുറന്നുപറയാൻ വിദ്യ ആശിച്ചിരുന്നില്ല. അവസാനകാലത്ത് വിദ്യയെ കാണാൻ ഞാൻ തിരുവനന്തപുരത്ത് ചെന്നിരുന്നു. അസുഖത്തിന്റെ തീവ്രത വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. ശ്രീവിദ്യ മരിച്ചപ്പോൾ കാണാൻ പോകാനെന്തോ തോന്നിയില്ല. ആ രൂപത്തിലവരെ കാണാൻ വയ്യായിരുന്നു. എന്റെ വലിയ ചാരിതാർഥ്യം ശ്രീവിദ്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ നൽകാൻ എന്റെ സിനിമകളിലൂടെ സാധിച്ചുവെന്നതാണ്. ‘ഇരകൾ’, ‘ആദാമിന്റെ വാരിയെല്ല്’ എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രീവിദ്യയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളാണ്. എന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളിലൊന്നാണ് ശ്രീവിദ്യ എന്ന സുഹൃത്തിന്റെ വേർപാട്.

റാണിചന്ദ്ര

എന്റെ ആദ്യ സിനിമയിെല നായികയാണ് റാണിചന്ദ്ര. ‘സ്വപ്നാടന’ത്തിലെ സുമിത്രയെന്ന കഥാപാത്രമായി റാണി മനോഹരമായിട്ടാണ് അഭിനയിച്ചത്. എന്റെ സുഹൃത്ത് ലത്തീഫ് ആയിരുന്നു ആ സിനിമയിലേക്ക് റാണിയുടെ പേരു നിർദേശിച്ചതെന്നോർക്കുന്നു. ആ സമയത്ത് അവർ തെലുങ്കിലും തമിഴിലുമായിരുന്നു കൂടുതലും അഭിനയിച്ചിരുന്നത്. അതീവ സുന്ദരിയായിരുന്നു അവർ. ‘സ്വപ്നാടന’ത്തിലെ റോൾ അഭിനയിച്ചു തുടങ്ങുമ്പോൾ റാണിചന്ദ്രയ്ക്ക് അത്രയിഷ്ടമായിരുന്നില്ല. കാരണം, എന്റേത് വളരെ വ്യത്യസ്തമായ സിനിമയായിരുന്നു. ആദ്യ രംഗം ചിത്രീകരിച്ചതു തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലായിരുന്നു. തുടക്കത്തിൽ ഇഷ്ടക്കേടു കാട്ടിയെങ്കിലും പിന്നീട് റാണി ഈ സിനിമയുടെ പ്രത്യേകത തിരിച്ചറിഞ്ഞു. അവരുടെ മനസ്സു മാറി. മികച്ച സിനിമയ്ക്കും മികച്ച തിരക്കഥ ക്കുമുള്ള സംസ്ഥാന അവാർഡ് ചിത്രം നേടി. പക്ഷേ, ആ അവാർഡ് ചടങ്ങിനു മുമ്പേ റാണിചന്ദ്ര മരിച്ചു പോയെന്നതാണ് വിധിവൈപരീത്യം. വിമാനാപകടത്തിലാണ് റാണി അന്തരിച്ചത്. ‘സ്വപ്നാടന’ത്തിലഭിനയിക്കുമ്പോൾ അതിലെ നായകൻ ഡോ. മോഹൻദാസും റാണിചന്ദ്രയും തമ്മിൽ നല്ല സൗഹൃദം ഉടലെടുത്തിരുന്നു. പിന്നീട് റാണി മരിച്ചപ്പോഴും ഒരാത്മസുഹൃത്തിനെപ്പോലെ അവസാനചടങ്ങുകളിൽ അദ്ദേഹം പങ്കുകൊണ്ടു. റാണിയുമായി എനിക്കു വലിയ സൗഹൃദമില്ലായിരുന്നെങ്കിലും ആദ്യസിനിമയിലെ നായികയുടെ ദുരന്തം എന്നെ നടുക്കി.