Wednesday 21 June 2023 12:04 PM IST

ആനകളേയും കടുവകളേയും പാർപ്പിക്കാനൊരു പാർക്ക്: സുവോളജിക്കൽ പാർക്ക് തുറക്കുന്നതിനെക്കുറിച്ച് വനംമന്ത്രി

Baiju Govind

Sub Editor Manorama Traveller

ak-1

ആനകൾ ഒറ്റയ്ക്കും കൂട്ടമായും കാടിറങ്ങുന്നു. വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നു. മലയോരത്തു താമസിക്കുന്നവർ സമാധാനത്തോടെ ഉറങ്ങിയിട്ടു മാസങ്ങളായി. ഇങ്ങനെ പോയാൽ കാര്യങ്ങൾ പിടിവിട്ടു പോകില്ലേ ? വനം മന്ത്രി എ.കെ. ശശീന്ദ്രനോടു ചോദിച്ചു.

‘‘കാടുകളിൽ മനുഷ്യരുടെ അധിനിവേശം വല്ലാതെ കൂടിയിട്ടുണ്ട്. ഇക്കാര്യം പറഞ്ഞാൽ ആരും അംഗീകരിക്കില്ല. മുൻകാലങ്ങളിൽ പട്ടയം കിട്ടിയ ഭൂമി ആളുകൾ പാട്ടത്തിനു നൽകുന്നു. അവിടെ കൃഷി ചെയ്ത് വിള സംരക്ഷിക്കാൻ വേലി കെട്ടുന്നു. സ്വാഭാവികമായും കാടിനുള്ളിലെ മൃഗങ്ങൾ പുതിയ മേച്ചിൽപ്പുറം തേടിയിറങ്ങുന്നു’’

കാടിനുള്ളിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നു ചൂണ്ടിക്കാട്ടിയാണ് വനംമന്ത്രി ഇപ്പോഴത്തെ സാഹചര്യം വിശദീകരിച്ചത്. ഫോറസ്റ്റ് ടൂറിസത്തിനു പുതുമാതൃകയായി ‘സുവോളജിക്കൽ പാർക്ക്’ നിർമിക്കുന്നതിന്റെ സന്തോഷവും മന്ത്രി പങ്കുവച്ചു. തൃശൂരിലെ പുത്തൂരിൽ ഒരുക്കുന്ന സുവോളജിക്കൽ പാർക്ക് 2025ൽ തുറക്കും.

വന്യമൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിലേതു പോലെ കാണാൻ കഴിയുംവിധമാണ് പാർക്കിന്റെ രൂപകൽപ്പന. വാഹനങ്ങൾക്ക് പ്രവേശനമില്ല. പൂർണമായും പരിസ്ഥിതി സൗഹൃദം. പാർക്കിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കാൻ ബജറ്റിൽ 30 കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ വൈൽഡ് ലൈഫ് ടൂറിസത്തിന്റെ മുഖച്ഛായ മാറും – വനമേഖലയിൽ നടപ്പിൽ വരുത്തുന്ന പദ്ധതികളെക്കുറിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു തുടങ്ങി.

പാർക്കിന് ചെലവ് 360 കോടി

നമ്മളെല്ലാവരും കുട്ടിക്കാലത്ത് മൃഗശാലയിലേക്കു ടൂർ പോകാൻ ഇഷ്ടമുള്ളവർ ആയിരുന്നല്ലോ. പണ്ട് മൃഗങ്ങളെ കാണാനുള്ള സ്ഥലം മൃഗശാലകൾ മാത്രമായിരുന്നു. പിൽക്കാലത്ത് വൈൽഡ് ലൈഫ് സഫാരികൾ സാധ്യമായതോടെ കാടിനുള്ളിൽ‌ ചെന്നു മൃഗങ്ങളെ കാണാൻ സാധിച്ചു. അത്തരം സാഹസിക യാത്രകൾ എല്ലാവർക്കും ഇഷ്ടപ്പെടണമന്നില്ല. അവർക്കു വേണ്ടിയാണ് സുവോളജിക്കൽ പാർക്ക്. മൃഗശാല, മൃഗാശുപത്രി, കുട്ടികളുടെ പാർക്ക്, പക്ഷി വളർത്തൽ കേന്ദ്രം, കഫെറ്റിരിയ എന്നിവയോടു കൂടിയ എന്റർടെയ്ൻമെന്റ് ഹബ്ബാണ് ഇത്. തിരുവനന്തപുരത്ത് കോട്ടൂരിലുള്ള ആന സംരക്ഷണ കേന്ദ്രം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ ആനകളെ അടുത്തു കാണാനുള്ള അവസരം ലഭിക്കും.

ആറളം, സൈലന്റ് വാലി, പറമ്പിക്കുളം, പെരിയാർ, മൂന്നാർ, പൊന്മുടി എന്നിവിടങ്ങൾ നമ്മുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. അതിരപ്പിള്ളി പോലെ പ്രശസ്തമായ സ്ഥലങ്ങളിൽ ലക്ഷക്കണക്കിനാളുകൾ എത്തുന്നു. വയനാട്ടിലെ പൂക്കോട്, എടയ്ക്കൽ ഗുഹ എന്നിവിടങ്ങളിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി ഇക്കോ സൊസൈറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സൊസൈറ്റികൾ കാട്ടിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നു, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

കാട്ടിലെ അധിനിവേശം ഒഴിപ്പിക്കും

മൃഗങ്ങൾ കാടിറങ്ങുമ്പോൾ സുരക്ഷയുടെ ഭാഗമായി വിനോദസഞ്ചാരികളെ നിയന്ത്രിക്കേണ്ടി വന്നേക്കാം. സമീപകാലത്ത് മൃഗങ്ങൾ കാടിറങ്ങുന്നതു പതിവായിട്ടുണ്ട്. കേരളത്തിൽ 23 വന്യജീവി സങ്കേതങ്ങളുണ്ട്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും ഇത്രയും സമൃദ്ധമായ വനമേഖലയില്ല. പ്രകൃതിയുടെ ഈ അനുഗ്രഹത്തെ രണ്ടു വശങ്ങളിൽ വിലയിരുത്തണം – കേരളത്തിന്റെ ഭൂവിസ്തൃതിയിൽ വലിയ ഭാഗം വനമായിപ്പോയി, അതേസമയം മഴയും വെയിലും തുല്യകാലയളവിൽ ലഭിക്കുന്നു. മലയോരത്തും വനത്തിനുള്ളിലും മനുഷ്യവാസ കേന്ദ്രങ്ങളുണ്ട്. സമീപകാലത്തായി വനത്തിനുള്ളിൽ വലിയ തോതിൽ അധിനിവേശമുണ്ട്. അവരെ പുനരധിവസിപ്പിക്കണം.

വയനാട്ടിൽ മാത്രം ആയിരക്കണക്കിനു കന്നുകാലികൾ കാടിനുള്ളിൽ മേയുന്നുണ്ട്. മുൻകാലങ്ങളിൽ പട്ടയം കിട്ടിയ ഭൂമി പലരും പാട്ടത്തിനു നൽകിയിരിക്കുകയാണ്. കാടിനുള്ളിൽ വേലികെട്ടി കൃഷി ചെയ്യുന്നവർ മൃഗങ്ങളുടെ വഴിമുടക്കുന്നു. മൃഗങ്ങൾ അപ്പോൾ പുതിയ മേച്ചിൽപ്പുറം തേടുന്നു. വന്യമൃഗങ്ങൾക്കു വംശവർധന ഉണ്ടായി എന്നുള്ള വസ്തുതയും മനസ്സിലാക്കണം. കാലാവസ്ഥ മാറിയപ്പോൾ കാടിനുള്ളിൽ പരിസ്ഥിതിക്ക് മാറ്റമുണ്ടായിട്ടുണ്ടാകാം. കാടിനുള്ളിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംഘർഷമായത് എങ്ങനെ? വിശദമായ പഠനം നടത്തണം. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടത്തി. ഈ വിഷയത്തെക്കുറിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മൃഗങ്ങളെ കൊല്ലുന്നതു പരിഹാരമല്ല

മൃഗങ്ങളെ കൊല്ലുന്നതു വന്യജീവി ശല്യത്തിനു പരിഹാരമല്ല. മൃഗങ്ങൾ കാടിറങ്ങാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇതു പൊടുന്നനെ നടപ്പാക്കാവുന്ന കാര്യമല്ല. കാടിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കണം. മലയോര മേഖലയിലെ മനുഷ്യരുടെ ജീവന് സുരക്ഷ ഒരുക്കുകയും വേണം. ഇത്തരം പ്രശ്നങ്ങൾ പൊടുന്നനെ പരിഹരിക്കാൻ കഴിയില്ല.

വയനാട്ടിലെ കാടുകളിൽ പണ്ട് ധാരാളം നീരൊഴുക്കുണ്ടായിരുന്നു. ഉൾക്കാടുകളിൽ ഇപ്പോൾ ജലക്ഷാമം രൂക്ഷമാണ്. മൃഗങ്ങൾ കുടിവെള്ളത്തിനു കാടിറങ്ങുന്നു. അക്വാഷ്യ, യുക്കാലിപ്റ്റസ്, തേക്ക് എന്നിങ്ങനെയുള്ള മരങ്ങൾ കാട്ടുപ്രദേശങ്ങളിൽ നട്ടത് തിരിച്ചടിയായി. വെള്ളം ഊറ്റുന്ന വൃക്ഷങ്ങൾ വനമേഖലയ്ക്ക് ആപത്താണ്. മുൻകാലങ്ങളിൽ വനമേഖലയിൽ പ്ലാന്റേഷൻ ആരംഭിച്ചത് ദീർഘവീക്ഷണമില്ലാത്ത നടപടിയായി. വാണിജ്യാവശ്യത്തിനു മരങ്ങൾ നട്ടു വളർത്താൻ മറ്റു സ്ഥലങ്ങൾ കണ്ടെത്തുകയാണു ചെയ്യേണ്ടത്.

കേരളത്തിലെ മലയോരങ്ങൾ കാട്, ഫാം, ജനവാസമേഖല എന്നിങ്ങനെ തരംതിരിഞ്ഞു കിടക്കുകയാണ്. കാടിനുള്ളിലെ അധിനിവേശം വേറെ. പുനരധിവാസമല്ലാതെ മറ്റെന്താണു പരിഹാരം? ആദിവാസികളാരും മൃഗശല്യത്തിന്റെ പരാതി പറയാറില്ല. അവർ കാടിന്റെ ആവാസ വ്യവസ്ഥയുമായി ഇണങ്ങി ജീവിച്ചു ശീലിച്ചവരാണ്.

ak-2

വനംവകുപ്പിന്റെ ബംഗ്ലാവിൽ അതിഥികൾക്കു താമസം

പരിസ്ഥിതി ലോല പ്രദേശങ്ങളെ വേർതിരിക്കുന്ന രേഖ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. റിസർവ് വനത്തിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ളതെല്ലാം ‘ബഫർസോൺ’ ആകുമെന്നുള്ള പ്രചാരണം പൂർണമായും ശരിയല്ല.

ബഫർസോൺ മേഖലകളിൽ ഖനനം നിരോധിക്കലാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. കെമിക്കൽസ് ഉപയോഗിച്ചുള്ള വ്യവസായങ്ങൾക്കും അനുമതിയില്ല. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം എന്നാണ് നമ്മളുടെ ആവശ്യം. വീടുകൾ, കൃഷി, ആരാധനാലയങ്ങൾ, ആശുപത്രി, കച്ചവട സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ബഫർസോണിൽ നിന്ന് ഒഴിവാക്കണം. ഇന്നലെകളിൽ എങ്ങനെയാണോ ജീവിച്ചിരുന്നത് അതേ സ്വാതന്ത്ര്യവും അവകാശവും നിലനിർത്തണം.

വിനോദസഞ്ചാര സൗഹൃദമായ വനങ്ങളിൽ ടൂറിസം പദ്ധതികൾ തുടരും. പെരിന്തൽമണ്ണയിലെ കൊടികുത്തിമല പോലെ മേഖലകളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും. ഒട്ടുമിക്ക വന്യജീവി സങ്കേതങ്ങളിലും വനംവകുപ്പിന്റെ കെട്ടിടങ്ങളുണ്ട്. ഈ കെട്ടിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ട്.

ശബരിമലയിൽ റോപ് വേ

നിലവിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണു ലക്ഷ്യം. നമ്മുടെ നാട്ടിലെ വനമേഖലയിൽ റോപ് വേ ഇല്ല. സ്വകാര്യ–പൊതു പങ്കാളിത്തത്തോടെ ഇതു വിജയകരമായി നടപ്പാക്കാൻ സാധിക്കും. ശബരിമലയിൽ തീർഥാടകർക്ക് പ്രയോജനപ്പെടും വിധം റോപ് വേ നിർമിക്കാവുന്നതാണ്. ‘എയർ സ്ട്രിപ്പ്’ എന്ന ആശയം നിലനിൽക്കുമ്പോൾ തന്നെ റോപ് വേയ്ക്ക് സാധ്യതയുണ്ട്.

ട്രാൻസ്പോർട്ട് മന്ത്രിയായിരുന്ന സമയത്ത് ജപ്പാൻ, കൊറിയ, ദുബായ്, ബഹറിൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ രാജ്യങ്ങളിലെ ടൂറിസം പദ്ധതികൾ നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതാണ്. ഗൾഫ് യാത്രയ്ക്കിടെ ‘അക്വാറിയം’ സന്ദർശിച്ചു. കടലിന്റെ അടിയിൽ എത്തിയതു പോലെയുള്ള അനുഭവമായിരുന്നു അത്. ഇതേ മാതൃകയിൽ കാടിനുള്ളിൽ‌ പോയ അനുഭവം സന്ദർശകർക്കു ലഭിക്കും വിധമാണ് പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഡിസൈൻ ചെയ്തിട്ടുള്ളത്.

ak-3

കാനനഭംഗി ആസ്വദിക്കാൻ പോകുന്നവർ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകിടം മറിക്കരുത്. ആനകളെ കാണാനുള്ള കൗതുകം മനുഷ്യസഹജമാണ്. എന്നാൽ, ക്യാമറയും ഫ്ളാഷ് ലൈറ്റും കാട്ടാനകൾക്കു പരിഭ്രാന്തിയുണ്ടാക്കും. ധോണിയിൽ കാടിറങ്ങിയ ആനയെ തളയ്ക്കുന്ന വനപാലകർക്കു ചുറ്റും ക്യാമറയുമായി ആളുകൾ തിക്കിത്തിരക്കുന്നതു കണ്ടില്ലേ. മയക്കുവെടി ഏൽക്കുന്നതിനു മുൻപ് ആ ആനയുടെ ശരീരത്തിൽ പതിനഞ്ചു തവണ വെടിയേറ്റതിന്റെ മുറിപ്പാടുകളുണ്ട്. ആരാണ് ക്രൂരത ചെയ്തത്?

ശരീരത്തിൽ തറച്ച പെല്ലറ്റുകളുമായി വർഷങ്ങളോളം കാടിനുള്ളിൽ നടന്നിരുന്ന ആനയുടെ വേദന ചിന്തിച്ചു നോക്കൂ. വന്യമൃഗങ്ങളെ കൊല്ലാൻ ആർക്കും അവകാശമില്ല. അവ കാടിറങ്ങുമ്പോൾ നാടൻ രീതിയിൽ പ്രതിരോധിക്കണം. അതിനു വനപാലകരുടെ സഹായം ലഭിക്കും. കാട്ടുമൃഗങ്ങളെ പ്രകോപിപ്പിച്ച് അപകടങ്ങൾ ക്ഷണിക്കരുത്.