ബോംബെ അധോലോകത്തിന്റെ മൂന്നാം തലമുറയ്ക്കു ഡി കമ്പനിയെന്നു പേരു കിട്ടിയതിനു പിന്നാലെയാണ് കരിംലാലയുടെ മരുമകൻ സമദ് ഖാൻ കൊല്ലപ്പെട്ടത്. രാമാഭായ് നായിക്ക് എന്നയാളാണ് സമദിനെ വെടിവച്ചത്. അൽപകാലം ശാന്തമായിരുന്ന ബോംബെ അധോലോകത്ത് രണ്ടാംഘട്ട രക്തച്ചൊരിച്ചിൽ അവിടെ തുടങ്ങുന്നു. ഇക്കാലത്ത് മൂന്നു പേരുകൾ മറനീക്കി പുറത്തു വന്നു, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ. ഇവർക്കു രണ്ടു വിശ്വസ്ഥർ ടൈഗർ മെമൻ, അബു സലിം – ഡി കമ്പനിയുടെ നാഥന്മാർ.
അഞ്ചു വർഷത്തിനുള്ളിൽ ഡി കമ്പനിയുടെ വാർഷിക ടേണോവർ രണ്ടായിരം കോടി രൂപയിലേക്ക് ഉയർന്നു. ശ്രീലങ്കയിലെ തമിഴ്പുലികളും ദാവൂദുമായുള്ള ബന്ധമാണു ബിസിനസ് വിജയിപ്പിച്ചത്. എൽടിടിഇക്കു വേണ്ടി ആയുധം നിർമിച്ചിരുന്ന കുമരൻ പദ്മനാഭൻ ഡി കമ്പനിക്ക് കള്ളക്കടത്തു സാധനങ്ങളുടെ പായ്ക്കിങ് പരിശീലനം നൽകി. ഓറഞ്ചിലും ജ്യൂസ് ക്യാനിലും ചുരിദാറിന്റെ എംബ്രോയ്ഡറിയിലും വരെ ഹെറോയിൻ പായ്ക്കറ്റുകൾ വിദേശത്തേക്ക് ഒഴുകി. എൽടിടിഇയുടെ ആയുധക്കച്ചവടത്തിൽ ഇടനിലക്കാരനായി ദാവൂദ് പ്രത്യുപകാരം ചെയ്തു. ശ്രീലങ്കയിൽ എൽടിടിഇ നിർമിച്ച ആയുധങ്ങൾ ഡി കമ്പനി സുരക്ഷിതമായി അഫ്ഗാനിസ്ഥാനിൽ വിറ്റ് പണം തമിഴ്പുലികൾക്കു കൈമാറി. അഹമ്മദ് ഷാ മസൂദ് എന്നയാളാണ് അഫ്ഗാനിസ്ഥാനിൽ ആയുധങ്ങൾ വാങ്ങുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1987നു ശേഷം ബോംബെയിൽ അധോലോക സംഘങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ദേഹത്തു തുളഞ്ഞു കയറിയത് എകെ 57, ഓട്ടമാറ്റിക് റൈഫിൾ ബുള്ളറ്റുകളായിരുന്നു. അന്ന് ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചിരുന്ന ഒരേയൊരു ഇന്ത്യൻ ഗ്യാങ് ഡി കമ്പനി മാത്രമായിരുന്നു.
അഫ്ഗാനിലെ മസൂദിൽ തുടങ്ങി ഭീകരസംഘടനകളിലേക്ക് ദാവൂദിന്റെ ബന്ധങ്ങൾ നീണ്ടു. ലഷ്കർ ഇ തയ്ബ, അൽ ക്വയ്ദ എന്നീ സംഘങ്ങളുമായും ആയുധ ഇടപാടു നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇത്രയും ആയപ്പോഴേക്കും ഡി കമ്പനി ബോംബെയിൽ വേരുറപ്പിച്ചിരുന്നു. പണപ്പിരിവും വാടകക്കൊലയും തെരുവുകളുടെ ഭരണവും ഗ്യാങ്ങിലെ ലോക്കൽ കേഡറുകൾ ഏറ്റെടുത്തു നടപ്പാക്കി. പിരിഞ്ഞു കിട്ടിയ മൊത്തം പണത്തിന്റെ ഓഹരി മയക്കുമരുന്നു കച്ചവടത്തിലേക്ക് ഒഴുകി.
ആധുനിക കോർപറേറ്റ് സ്ഥാപനത്തിന്റെ സ്ട്രക്ചറിലാണ് ഡി കമ്പനി പ്രവർത്തിച്ചത്. പ്രവർത്തനത്തിനു നാലു തട്ടുകൾ. ഏജന്റ്, സബ് ഏജന്റ്, റെപ്രസെന്റേറ്റിവ് എന്നിങ്ങനെ ലോകം മുഴുവൻ ശൃംഖല. ഏറ്റവും മുകളിലുള്ളയാളെ കുറിച്ച് നാലാം തട്ടിലെ കണ്ണികൾക്ക് യാതൊന്നും അറിയില്ല. പൊലീസ് അന്വേഷണം ടെലിഫോൺ ബൂത്തുകളിലും വഴിയോര വാണിഭക്കാരിലും അവസാനിച്ചു.
മറ്റൊരാളുടെ വിശ്വാസം സമ്പാദിക്കലാണ് ഈ ഭൂമിയിൽ ഏറ്റവും വിഷമം പിടിച്ച കാര്യമെന്നു ദാവൂദ് പറയാറുണ്ടത്രേ. അതിനാൽത്തന്നെ അതിഥികളെ സൽകരിക്കുന്നതിൽ അസാധാരണ ഭവ്യത പ്രകടിപ്പിച്ചു. ആവശ്യത്തിലധികം സമ്പാദ്യമുള്ളതിനാൽ വിശ്വസ്ഥർക്കു പണവും സ്വർണവും വാരിക്കൊടുത്തു. ഇതെല്ലാം അടിസ്ഥാനമാക്കി അടുപ്പക്കാർക്കിടയിൽ അയാളുടെ ക്യാരക്ടർ ‘ഗ്ലോറിഫൈ’ ചെയ്യപ്പെട്ടു. കുറ്റകൃത്യങ്ങളുടെ പട്ടിക നീണ്ടിട്ടും ദാവൂദിനു വേണ്ടി പ്രവർത്തിക്കാൻ ആളുകൾ ഉണ്ടായതിനു വേറെ കാരണം അന്വേഷിക്കേണ്ടതുണ്ടോ.