കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാൻ പോകുന്ന കൗതുകമാണ് കൊല്ലം ജില്ലയിലെ ജടായുപ്പാറ. ആയിരം അടി ഉയരമുള്ള പാറയുടെ മുകളിൽ നിർമിക്കുന്ന ജടായുവിന്റെ ശിൽപ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ്. സിനിമാ സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലാണ് ഈ കൗതുകത്തിന്റെ സ്രഷ്ടാവ്.
പാറയുടെ മുകളിൽ ഇരുനൂറ്റൻപത് അടി ഉയരത്തിൽ വാർത്തെടുക്കുന്ന ജടായു ശിൽപ്പത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായി. പാറയുടെ താഴ്‌വരയിൽ ആരംഭിച്ചിട്ടുള്ള സാഹസികത നിറഞ്ഞ എന്റർടെയ്ൻമെന്റ് പാർക്കിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ഈ വരുന്ന ഡിസംബറിൽ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പം എന്ന പ്രശസ്തി ജടായുമംഗലം സ്വന്തമാക്കും; ദക്ഷിണേന്ത്യയിലെ മോസ്റ്റ് മോഡേൺ അഡ്വഞ്ചർ പാർക്ക് അതിനു മുതൽക്കൂട്ടാകും.
രാജീവ് അഞ്ചൽ എന്ന ശിൽപ്പിയുടെ സ്വപ്നമാണ് ജഡായു ശിൽപ്പം. പ്രതിമയുടെ ഉൾഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. അതിന്റെ ചുമരുകൾ വലിയ സ്ക്രീനുകളാണ്. സീതാപഹരണ കഥ 6 ഡി ഇമേജാണ് പടുകൂറ്റൻ സ്ക്രീനിൽ പ്രദർശിപ്പിക്കുക. മൂന്നാം നിലയിൽ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോൾ 360 ഡിഗ്രി ആംഗിളിൽ മലനാടിന്റെ ഭംഗി കണ്ടാസ്വദിക്കാം.
‘‘സിനിമയ്ക്കു വേണ്ടിയെന്ന പോലെ ഞാൻ ഒരു ശിൽപ്പം മനസ്സിൽ കണ്ടു. പാറയുടെ ഉപരിതലം നിറഞ്ഞു നിൽക്കുന്ന, 250 അടി ഉയരമുള്ള ശിൽപ്പം. പക്ഷിയുടെ ഉൾഭാഗം കെട്ടിടം പോലെ വേർതിരിച്ചു. മൂന്നു നിലകളിലും 6ഡി ഇഫക്ടോടെ വിഡിയോ പ്രദർശനം.’’ ജഡായുവിന്റെ ശിൽപ്പം നിർമിച്ചതിനെക്കുറിച്ച് രാജീവ് അഞ്ചൽ പറയുന്നു.
ഇടതു ചിറകറ്റ് വലതു ചിറകു വിടർത്തി കൊക്കും കാൽ നഖങ്ങളുമുയർത്തി കിടക്കുന്ന രൂപത്തിലാണ് ജടായു ശിൽപ്പം. പുറത്തു നിന്നു നോക്കിയാൽ ശിൽപ്പമെന്നും അകത്തു കയറിയാൽ വലിയൊരു സിനിമാ തിയെറ്ററെന്നും തോന്നുംവിധമാണ് സൃഷ്ടി. ചടയമംഗലത്തുകൂടി വാഹനത്തിൽ കടന്നു പോകുമ്പോൾ പാറയുടെ മുകളിലെ ശിൽപ്പത്തിന്റെ ഒരു വശം കാണാം.
മലയോളം വലുപ്പമുള്ള കരിമ്പാറകളുടെ കാടാണ് ചടയമംഗലം. അതിനിടയിൽ ഏറ്റവും ഉയരമേറിയ പാറയ്ക്കു മുകളിലുള്ള കുഴി ജടായുവിന്റെ കൊക്കുരഞ്ഞുണ്ടായതാണെന്ന് ഐതിഹ്യം. പാറയുടെ മുകളിൽ പതിഞ്ഞിട്ടുള്ള കാൽപ്പാദത്തിന്റെ അടയാളം ശ്രീരാമ പാദ സ്പർശമാണെന്നും വിശ്വസിക്കപ്പെടുന്നു.
ഡിസംബർ അവസാനത്തോടെ മാത്രമേ 6 ഡി വിഷ്വലുകളുടെ പ്രദർശനം ആരംഭിക്കൂ. ജടായുപ്പാറയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ബുക്ക് ചെയ്തവർക്കു മാത്രമാണു പ്രവേശനം. ആസ്വാദനം മികച്ചതാക്കാനായി ദിവസത്തിൽ നാലായിരം പേർക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
ഒരു കാലത്ത് ആർക്കും വേണ്ടാതെ കിടന്ന സ്ഥലമായിരുന്നു ജടായുപ്പാറ ഉൾപ്പെടുന്ന കാട്ടുപ്രദേശം. ശിൽപ്പത്തിന്റെ നിർമാണം തുടങ്ങി പത്തു വർഷത്തിനുള്ളിൽ അവിടമൊരു അഡ്വഞ്ചർ പാർക്കായി. അർത്തുല്ലസിക്കാനുള്ള കൗതുകങ്ങളെല്ലാം പാർക്കിലുണ്ട്. ഫ്രീ ക്ലൈംബിങ്ങിൽ തുടങ്ങി പെയിന്റ് ബോളിൽ അവസാനിക്കുന്ന 20 ഇനം വിനോദ പരിപാടികൾ, മലയുടെ മുകളിൽ ടെന്റടിച്ച് അന്തിയുറക്കം എന്നിവയാണ് ജടായു അഡ്വഞ്ചർ സെന്ററിലുള്ളത്.
കയറിൽ തൂങ്ങി പാറയുടെ മുകളിൽ നിന്നു ചാടൽ, ഇരുമ്പു വള്ളിയിലൂടെ ഉരസി നീങ്ങൽ, വലിയ വലകളിലൂടെ നടക്കൽ... തുടങ്ങിയവ സാഹസികരമായ ചെറുപ്പക്കാരുടെ ഇഷ്ട വിനോദങ്ങൾ. പെയിന്റ് ബോൾ എന്ന യുദ്ധമാണ് അഡ്വഞ്ചർ ഗെയിമുകളിൽ ഏറ്റവും ഒടുവിലത്തേത്. രണ്ടു ഗ്രൂപ്പുകളായി രണ്ടു കോട്ടകളിൽ ഒളിഞ്ഞിരുന്ന് തോക്കുപയോഗിച്ച് വെടിവയ്ക്കുന്നതാണ് ഈ കളി.
ശിൽപ്പം സന്ദർശിച്ച ശേഷം മലയിറങ്ങുന്നതാണ് ഡേ ടൂർ പാക്കേജ്. ഒരു ദിവസം നാനൂറ് പേർക്കു മാത്രമാണു പ്രവേശനം അനുവദിക്കുക.
ജടായുപ്പാറയുടെ മുകളിലെ തണുപ്പും കാറ്റും ആസ്വദിച്ച് അന്തിയുറങ്ങാൻ താത്പര്യമുള്ളവർക്കായി ടെന്റുകളുണ്ട്. പാറയുടെ മുകളിൽ റസ്റ്ററന്റും േസ്റ്റജും പൂർത്തിയാകുന്നതോടെ രാത്രികാല ക്യാംപുകൾ ആരംഭിക്കും.
തിരുവനന്തപുരം റൂട്ടിൽ കൊല്ലം ജില്ലയിലാണ് ചടയമംഗലം. ടൗണിൽ നിന്ന് 500 മീറ്റർ സഞ്ചരിച്ചാൽ പ്രവേശന കവാടത്തിലെത്താം. ഡിസംബറിൽ ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം മാത്രമേ ശിൽപ്പത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ. ടിക്കറ്റ് ബുക്കിങ് ഓൺലൈനിൽ മാത്രം. ജടായു പാർക്ക് സന്ദർശനം, അഡ്വഞ്ചർ പാർക്ക്, ട്രെക്കിങ്, റിസോർട്ട് എന്നിവയ്ക്കെല്ലാം വെവ്വേറെ ടിക്കറ്റെടുക്കണം. അഡ്വഞ്ചർ പാർക്കിൽ 400, ജഡായുപ്പാറയിൽ 4000, കേവ് റിസോർട്ടിൽ 12 എന്നിങ്ങനെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ: 9072588713, www.jatayuearthcenter.com
baijugovind@gmail.com