കുടുംബത്തോടൊപ്പം കശ്മീരിലേക്കു നടത്തിയ യാത്രയുടെ വിശേഷങ്ങൾ ചോദിക്കാനാണ് ജവീൻ മാത്യുവിനെ ആദ്യമായി ഫോണിൽ വിളിച്ചത്. കോട്ടയത്ത് ചാലുകുന്നിനു സമീപത്തു പ്രവർത്തിക്കുന്ന എൻഫീൽഡ് ഷോറൂമിലേക്ക് അദ്ദേഹം ക്ഷണിച്ചു. അൽപ നേരം വർത്തമാനം പറഞ്ഞതിനു ശേഷം സ്വന്തം വാഹനങ്ങൾ കാണിക്കാനായി വീട്ടു മുറ്റത്തേക്കു നടന്നു. ഒരു കപ്പ് കട്ടൻകാപ്പി കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഒരായിരം വാഹനറാലികളുടെ കഥകൾ ജവീൻ പങ്കുവച്ചു. ഫോൺ വിളിച്ചാൽ പോലും അദ്ദേഹം പറഞ്ഞു തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും വാഹനങ്ങളുടെ കഥയിലായിരുന്നു....
ഇന്നലെ രാത്രി വാഹനാപകടത്തിൽ ജവീൻ മരിച്ചു എന്ന വിവരം അറിഞ്ഞപ്പോൾ കോട്ടയത്തെ വാഹനപ്രേമികൾക്ക് ആ വേർപാട് വിശ്വസിക്കാനാവുന്നില്ല...
(ജവീന്‍ മാത്യുവും കുടുംബവും കശ്മീരിലേക്കു നടത്തിയ യാത്രയെ കുറിച്ച് 2015-ല്‍ വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം)
ജെവീനും കുടുംബവും രണ്ടു മാസം മുൻപ് കശ്മീരിലേക്കൊരു യാത്ര നടത്തി. ഇന്ത്യയുടെ അതിർത്തിയിലുള്ള കർദുങ് ലാ പാസ് വരെ കാറിലായിരുന്നു സഞ്ചാരം. ഏഴ് എൻഫീൽഡ് ബുള്ളറ്റുകളിലായി കോട്ടയത്തെ കൂട്ടുകാരും ഡൽഹിയിൽ നിന്നു കൂടെ ചേർന്നതോടെ കശ്മീർ ട്രിപ്പ് ആഘോഷമായി. വെയിലും മഴയും മഞ്ഞും ആസ്വദിച്ച് അനുവും മക്കളും ജവീനോടൊപ്പം യാത്ര അടിച്ചുപൊളിച്ചു. ഇരുപതു ദിവസത്തെ ടൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജെവീന്റെ മൂന്നു മക്കളും ഒരേ സ്വരത്തിൽ പറയുന്നു, ‘‘ഭൂമിയിലെ സ്വർഗമാണു കശ്മീർ...’’
കോട്ടയത്തുള്ള മണപ്പുറം വീട്ടിൽ ഇപ്പോഴും കശ്മീർ വിശേഷങ്ങൾ പറഞ്ഞവസാനിച്ചിട്ടില്ല. വാഗ അതിർത്തിയിലെ സൈനിക പരേഡിൽ ഇന്ത്യയുടെ പതാകയേന്തിയതാണ് കാരളിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പാങോങ് തടാകത്തിന്റെ തീരത്തു നിന്നെടുത്ത സെൽഫിയിൽ മയങ്ങിയിരിക്കുകയാണ് കർമ. ഹൗസ് ബോട്ടിൽ താമസിച്ചപ്പോൾ കഴിച്ച ചിക്കൻ കറി ‘ഡെലീഷ്യസെ’ന്നു ക്യാമറിൻ... ഇതിനെല്ലാമപ്പുറം, കശ്മീരികളുടെ പെരുമാറ്റവും സ്നേഹവും മറക്കാനാവില്ലെന്നു ജെവീന്റെ ഭാര്യ അനു.
കഴിഞ്ഞ വർഷം സുഹൃത്തുക്കളോടൊപ്പം ലഡാക്കിലേക്കു ട്രക്കിങ് നടത്തിയപ്പോൾ ജെവീൻ തീരുമാനിച്ചതാണ്, ഭാര്യയേയും കുട്ടികളേയും കൂട്ടി ഒരിക്കൽ കശ്മീരിൽ പോകണമെന്ന്. അടുത്തിടെ, ബുള്ളറ്റ് പ്രേമികളായ കുറച്ചു കൂട്ടുകാർ ഒരു യാത്രയെക്കുറിച്ചു പറഞ്ഞപ്പോൾ ജെവീൻ കശ്മീർ ചൂണ്ടിക്കാണ്ടി.
‘‘നിങ്ങളെല്ലാവരും ബുള്ളറ്റിൽ. ഞാനും കുടുംബവും കാറിൽ.’’ ജെവീൻ പദ്ധതിയിട്ടു. കൂട്ടുകാർ പിന്തുണ പ്രഖ്യാപിച്ചു. കശ്മീരിന്റെ നെറുകയിലുള്ള കർദുങ് ലാ പാസ് വരെ ഓരോ കേന്ദ്രങ്ങളിലും താമസിക്കാനുള്ള മുറികൾ ഓൺലൈനിൽ ബുക്ക് ചെയ്തു. ഏഴു ബുള്ളറ്റുകളിലും, ടാറ്റ സെനോൺ കാറിലുമായി മേയ് 22ന് കോട്ടയത്തു നിന്നു പുറപ്പെട്ടു. കന്യാകുമാരിയിലെത്തിയ ശേഷം കുട്ടുകാർ ബുള്ളറ്റുമായി ട്രെയ്നിൽ കയറി, ജെവീനും കുടുംബവും കാറിലും.
കാരൾ പതാകയേന്തി, ഞങ്ങൾ വന്ദേമാതരം ചൊല്ലി..
‘‘കുട്ടികളുടെ പാട്ടും കുസൃതികളുമായി ഗോവയിൽ എത്തിയതറിഞ്ഞില്ല. അവിടെയൊരു ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം ഡൽഹിയിലേക്കു തിരിച്ചു. യാത്രയുടെ ‘ത്രിൽ’ ആരംഭിച്ചത് ഡൽഹിയിൽ നിന്നാണ്. ബിജു സി. തോമസ്, റെജി ജോൺ, ബെന്നി വർഗീസ്, അപ്പു ജോസ്, ബിൻരാജ് സേവ്യർ, ലക്ഷ്മി ബിൻരാജ്, ആൽവിൻ തോമസ് എന്നിവർ ബുള്ളറ്റുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. നേരത്തേ തീരുമാനിച്ചതുപോലെ അവർ ബുള്ളറ്റിലും ഞാനും കുടുംബവും കാറിലുമായി നീങ്ങി.’’ ഡൽഹിയിൽ നിന്ന് ജമ്മുകശ്മീരിലേക്കുള്ള യാത്രയെക്കുറിച്ച് ജെവീൻ പറഞ്ഞു തുടങ്ങി.
‘‘29–ാം തീയതിയാണ് അമൃത്സറിൽ എത്തിയത്. ചെന്നിറങ്ങിയ സമയത്ത് പെരുമഴ. പൊടുന്നനെ പെയ്ത മഴയ്ക്കു ശേഷം പൊരിവെയിൽ. അവിടെ മഴയും വെയിലും മാറാൻ ഏറെ നേരം വേണ്ട. വെയിലേറ്റു വെട്ടിത്തിളങ്ങിയ സുവർണ ക്ഷേത്രത്തിനു മുന്നിൽ നിന്നു ഞങ്ങൾ ഫോട്ടോയെടുത്തു.’’
കൃത്യമായി പ്ലാൻ ചെയ്ത യാത്രയിൽ ജെവീനും സംഘവും എവിടെയും സമയം പാഴാക്കിയില്ല. അമൃത്സറിൽ നിന്നു നേരേ ജാലിയൻ വാലാബാഗിലേക്കു പോയി. വൈകിട്ട് വാഗ ബോർഡറിൽ ഇന്ത്യ – പാക്കിസ്ഥാൻ സൈനികർ അഭിവാദ്യം ചെയ്യുന്ന ചടങ്ങു കാണണമെന്നായിരുന്നു തീരുമാനം. ഉച്ച കഴിഞ്ഞ് നാലു മണിയോടെ വാഗയിലെത്തി.
‘‘ഗാലറിയുടെ മുൻനിരയിൽ ഞങ്ങൾക്കു സീറ്റ് കിട്ടി. ആറു മണിക്ക് പരേഡ് ആരംഭിച്ചു. ഇന്ത്യൻ സൈനികനും പാക്കിസ്ഥാൻ പട്ടാളക്കാരനും അഭിവാദ്യം ചെയ്തു. ആ സമയത്ത് ദേശീയഗാനം വയ്ക്കുന്ന പതിവുണ്ട്. വന്ദേമാതരം കേട്ട് കോരിത്തരിച്ചിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. ഇതിനിടെ, ഇന്ത്യയുടെ പതാകയേന്താൻ കാണികളിൽ നിന്നുള്ളവരെ ക്ഷണിച്ചു. പട്ടാളക്കാർ പരേഡ് നടത്തിയ സ്ഥലത്തേയ്ക്ക് എന്റെ മകൾ ഓടിച്ചെന്നു. പട്ടാളക്കാരനിൽ നിന്ന് ഇന്ത്യയുടെ പതാക ഏറ്റുവാങ്ങി കാരളും മറ്റൊരു പെൺകുട്ടിയും മാർച്ച് ചെയ്തു...’’
–––– ക്ലാസിൽ പഠിക്കുന്ന മകൾക്ക് ജീവിതകാലം മുഴുവൻ സൂക്ഷിക്കാനുള്ള ഓർമയാണിതെന്ന് അനു പറഞ്ഞു. ഗോവയിൽ വച്ച് വണ്ടി തകരാറായി വഴിയിൽ നിൽക്കേണ്ടി വന്നതിന്റെ സങ്കടം മാറിയത് മകൾ ഇന്ത്യൻ പതാകയേന്തിയപ്പോഴാണെന്ന കാര്യവും അനു മറച്ചുവച്ചില്ല.
സ്ട്രോബറികൾ തളിരിട്ടു,
ചെറി മരങ്ങൾ പൂത്തു...
‘‘ശ്രീനഗറിൽ എത്തിയപ്പോൾ രാത്രി 11 മണി. നഗീൻ തടാകത്തിലെ ഹൗസ് ബോട്ടിലാണ് താമസം. ദേവദാരു മരത്തിൽ കടഞ്ഞെടുത്ത കൊട്ടാരങ്ങളാണ് നഗീനിലെ ഹൗസ് ബോട്ടുകൾ. ക്ലാസിക് ൈസ്റ്റലിലാണ് ഇന്റീരിയർ ഡിസൈൻ. ഹൗസ് ബോട്ടിലെ തൊഴിലാളികൾ കശ്മീരികളായിരുന്നു. ഞങ്ങളെത്തിയപ്പോൾത്തന്നെ അവർ അത്താഴം വിളമ്പി. ചിക്കൻ കറിക്കൊപ്പം ചോറിനു കൂട്ടാൻ കോവയ്ക്കക്കറിയും ഉണ്ടാക്കിയിരുന്നു.
കശ്മീരിൽ സൂര്യനസ്തമിക്കുമ്പോൾ ഏഴുമണിയാകും, നേരം പുലരുന്നതും വൈകിയാണ്. ഹൗസ് ബോട്ടുകൾ തോറും കയറിയിറങ്ങി പൂക്കൾ വിൽക്കുന്ന കച്ചവടക്കാരാണ് ശ്രീനഗറിലെ പ്രഭാതക്കാഴ്ച. ലേ തടാകവും പൂന്തോട്ടവും കണ്ട ശേഷം ഞങ്ങൾ കാർഗിലിലേക്കു തിരിച്ചു. മഞ്ഞുപാടങ്ങളിൽക്കൂടിയുള്ള യാത്രയ്ക്കു മുമ്പ് സോനം മാർഗിൽ ഞങ്ങൾ ഒത്തുകൂടി. ഇവിടെ വച്ച് ഞങ്ങളെ പട്ടാളക്കാർ പരിശോധിച്ചു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായുള്ള യാത്രയാണെന്നു പറഞ്ഞതോടെ പട്ടാളക്കാർ വഴികാട്ടികളായി. തുടർന്നുള്ള യാത്ര അൽപ്പം കടുത്തതായിരുന്നു. സോസിലാ പാസിലേക്കുള്ള റോഡിനു വീതി കുറവാണെന്നു മാത്രമല്ല നിറയെ കുണ്ടും കുഴികളുമാണ്. സ്ട്രോബറിയും ചെറിപ്പഴങ്ങളും വിളഞ്ഞു നിൽക്കുന്ന പാടങ്ങൾക്കു നടുവിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് യാത്ര. റോഡിന്റെ ഇരുവശത്തും വീടുകളാണ്. മുളയും മണ്ണും ഉപയോഗിച്ച് മേൽക്കൂര മേഞ്ഞ വീടുകൾ...! ’’
കശ്മീരിലെ പെണ്ണുങ്ങൾ സുന്ദരികളാണ്, സ്നേഹമുള്ളവർ
ജവീനും കൂട്ടുകാരും ഒരുമിച്ചാണ് കാർഗിലിലേക്കു നീങ്ങിയത്. മുന്നു ബുള്ളറ്റുകൾ ഏറ്റവും മുന്നിൽ. അതിനു പുറകിൽ കാർ. തൊട്ടു പിന്നിലായി നാലു ബുള്ളറ്റുകൾ. ആ യാത്ര ബോളിവുഡ് സിനിമയിലെ സീൻ പോലെയായിരുന്നെന്നു ക്യാമറിൻ.
‘‘ചെറിയ പട്ടണമാണു കാർഗിൽ. നാലഞ്ചു കടകളും വർക്ക് ഷോപ്പുമുള്ള കവല. ഇവിടെയൊരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറി. ആ ചായക്കടയിലെ ബെഞ്ചിരിലിരുന്നാൽ കാണുന്നത്രയും അടുത്താണ് ടൈഗർ ഹിൽ. നമ്മളുടെ പട്ടാളക്കാർ പാക്കിസ്ഥാൻ സൈന്യത്തെ അടിച്ചോടിച്ച് പതാക നാട്ടിയ മലനിരകൾ ഹോട്ടലുകാരൻ ചൂണ്ടിക്കാട്ടി.
കാർഗിലിൽ നിന്നു മുകളിലേക്കുള്ള വഴിയിൽ ലമയൂര എന്ന സ്ഥലത്തു വച്ചു പട്ടാളക്കാർ ഞങ്ങളെ തടഞ്ഞു. മിലിറ്ററി ട്രക്കുകൾക്കു കടന്നു പോകാനായി വഴിയരികിലേക്കു മാറ്റി കാർ നിർത്തിയിടാൻ അവർ ആവശ്യപ്പെട്ടു. കഷ്ടിച്ച് ഒരു ട്രക്കിനു സഞ്ചരിക്കാവുന്ന റോഡിൽക്കൂടി നൂറോളം ട്രക്കുകൾ വരിയായി കടന്നുപോകാൻ അരമണിക്കൂർ വേണ്ടി വന്നു.
നല്ല റോഡിലേക്ക് തിരിഞ്ഞതോടെ ഞങ്ങൾ വണ്ടിയുടെ വേഗത കൂട്ടി. ലഡാക്കിന്റെ തലസ്ഥാന പ്രദേശമായ ലേയിലെത്തി. ആശുപത്രിയും സൂപ്പർമാർക്കറ്റും വലിയ ഹോട്ടലുകളുമുള്ള ടൗണാണ് ലേ. ‘മിർ വില്ല’ എന്ന ഹോം േസ്റ്റയിലാണ് ഞങ്ങൾ താമസിച്ചത്. വീടിന്റെ ഒരു ഭാഗം ഹോം േസ്റ്റയാക്കി മാറ്റിയ നസീറും ഭാര്യ നഫൈസിയയുമാണു ഞങ്ങളെ വരവേറ്റത്. പിറ്റേന്ന്, കാർഗിൽ യുദ്ധ സ്മാരകവും പട്ടാള മ്യൂസിയവും (ഹോൾ ഓഫ് ഫെയിംസ്) സന്ദർശിച്ചു. തിരിച്ചു താമസ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മഴ തുടങ്ങി.’’
അടുത്ത ദിവസം ടോപ്പ് പോയിന്റായ കർദുങ് ലാ പാസിലേക്കു പോകണമെന്നായിരുന്നു ജെവീന്റെ പദ്ധതി. പക്ഷേ, മഴ പെയ്ത് മണ്ണിടിഞ്ഞതോടെ വഴി തടസപ്പെട്ടു. രണ്ടു ദിവസം കഴിയാതെ കർദൂങ് ലായിലേക്കു പോകാൻ പറ്റില്ലെന്ന് പട്ടാളക്കാർ അറിയിച്ചു. യാത്രയ്ക്കിടെ ജെവീനും സംഘത്തിനും നേരിട്ട ഒരേയൊരു തിരിച്ചടി ഇതായിരുന്നു. എന്നാൽ, അതൊരു അനുഗ്രഹമായെന്നാണ് ഇപ്പോൾ അനു പറയുന്നത്. കാരണം, അമൃത്സറിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ മുതൽ അനു ഉൾപ്പെടെ സംഘത്തിലെ നാലഞ്ചുപേർക്ക് വയറുവേദന തുടങ്ങി. ലേയിലെത്തിയപ്പോഴേയ്ക്കും അവർ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായി.
‘‘ലേയിൽ ‘ഓക്സിജന്റെ’ അളവ് കുറവാണ്. ഞങ്ങളിൽ ചിലർക്ക് അതിസാരവും ശ്വാസംമുട്ടലും വർധിച്ചു. നാലുപേർ ആശുപത്രിയിൽ അഡ്മിറ്റായി. ഓക്സിജൻ മാസ്ക് ഘടിപ്പിച്ചപ്പോഴാണ് കഷ്ടിച്ച് എഴുന്നേറ്റു നിൽക്കാറായത്. തിരിച്ചു ഹോം േസ്റ്റയിൽ എത്തിയപ്പോൾ മുതൽ എന്റെ പരിചരണം നഫൈസിയ ഏറ്റെടുത്തു. സഹോദരിയെപ്പോലെ അവൾ കൂടെ നിന്നു. കശ്മീരിൽ ഞാൻ പരിചയപ്പെട്ട സ്ത്രീകളെല്ലാം നഫൈസിയയെപ്പോലെ സ്നേഹമുള്ളവരാണ്, സുന്ദരികളാണ്. ജീവിതത്തിലൊരിക്കലും അവരെയൊന്നും മറക്കാനാവില്ല...’’ കശ്മീരികളുടെ സ്നേഹത്തെക്കുറിച്ച് അനു ജെവീൻ ഓർക്കുന്നു.
മഞ്ഞു പെയ്യുന്ന കർദുങ് ലാ, നിറം മാറുന്ന പാങ്ങോങ്...
‘‘ രണ്ടു ദിവസം കഴിഞ്ഞാണ് കർദുങ് ലാ പാസിലേക്കു റോഡ് തുറന്നത്. ആകാശത്തും ഭൂമിയിലും അന്തരീക്ഷത്തിലും മഞ്ഞു നിറഞ്ഞ സ്ഥലമാണ് കർദുങ് ലാ. നോർത്ത് പുളു – സൗത്ത് പുളു ക്യാംപുകളിൽ നിന്നുള്ള വഴികൾ വന്നുചേരുന്ന സ്ഥലമാണിത്. ജീവൻ ബലിയർപ്പിച്ച സൈനികരുടെ സ്മാരകവും ഒരു ക്ഷേത്രവുമാണ് കർദുങ് ലായിലുള്ളത്. രാവിലെ 10 മണിക്കു മുൻപ് ചെക്കിങ് പോയിന്റ് കടക്കുന്നവർക്കു മാത്രമേ കർദുങ് ലായിലേക്കു പ്രവേശനമുള്ളൂ. സന്ദർശകർക്കു പ്രവേശനമുള്ള ഏറ്റവും ഉയരമേറിയ പ്രദേശമാണ് കർദുങ് ലാ പാസ്. പറയാതെ വയ്യ, ഈ സ്ഥലം കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ.
സൂര്യോദയം മുതൽ അസ്തമയം വരെ നിറം മാറുന്ന പാങ്ങോങ് തടാകമാണു ഞങ്ങൾ സന്ദർശിച്ച മറ്റൊരു സ്ഥലം. ‘ത്രി ഇഡിയറ്റ്സ്’ ചിത്രീകരിച്ചതോടെ പാങ്ങോങ്ങിൽ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി. അവിടെ വൈദ്യുതിയില്ല. മൊബൈൽ ഫോൺ ടവറുകളില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആ തടാകത്തിന്റെ കരയിൽ ടെന്റ് കെട്ടിയാണ് ഒരു രാത്രി താമസിച്ചത്. കുട്ടികൾ ആ ദിവസം ശരിക്കും ആസ്വദിച്ചു.
പിറ്റേന്നു രാവിലെ ലേ വഴി കാരുവിലേക്കു തിരിച്ചു. വില്ലേജ് മിലിറ്ററി ക്യാംപിലും, റാഞ്ചോസിലെ സ്കൂളിലും സംഘടിപ്പിച്ച സ്ത്രീശാക്തീകരണ ബോധവത്കരണ പരിപാടിയിൽ ഞങ്ങൾ പങ്കെടുത്തു. ഇതോടെ, മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
പക്ഷേ, ക്രിക്കറ്റ് ബാറ്റുകൾ നിർമിക്കുന്ന അനന്ത്നാഗിലേക്കു പോകണമെന്നു കുട്ടികൾ വാശി പിടിച്ചു. വില്ലോ മരങ്ങളുടെ നാടായ അനന്ത്നാഗ് കണ്ടതിനു ശേഷം നാട്ടിലേക്കു തിരിക്കാമെന്നു പദ്ധതിക്കു മാറ്റം വരുത്തി. ഇന്ത്യയിൽ എല്ലായിടത്തും ക്രിക്കറ്റ് ബാറ്റുകൾ എത്തുന്നത് അനന്ത്നാഗിൽ നിന്നാണ്. ക്രിക്കറ്റ് ബാറ്റ് നിർമാണം ഇവിടെ കുടിൽ വ്യവസായമാണ്. പരമ്പരാഗത തൊഴിലാളികളുടെ വീട്ടിൽ നിന്നു ഞങ്ങൾ ബാറ്റ് വാങ്ങി.
കുറച്ചു ദിവസങ്ങൾകൊണ്ടു കുറേ നല്ലയാളുകളെ പരിചയപ്പെട്ടു. അവരോടെല്ലാം യാത്ര പറഞ്ഞാണ് കശ്മീരിൽ നിന്നു മടങ്ങിയത്. ഇരുപത്തെട്ടു ദിവസം കുട്ടികൾക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പക്ഷേ, അതൊരു നഷ്ടമായി ഞാനും അനുവും കരുതുന്നില്ല. കാരണം, ഒരു ജന്മം മുഴുവൻ പുസ്തകം വായിച്ചാലും മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ നേരിൽ കണ്ടത്. അനുഭവങ്ങളെക്കാൾ വലിയ ഗുരു ഇല്ലെന്നല്ലേ ചൊല്ല്...’’ – ജവീൻ പറഞ്ഞു നിർത്തി.