ഇതൊരു കഥയല്ല, രക്തചരിത്രമാണ്. ആത്മാഭിമാനത്തിന്റെ വാൾമുന ചിന്തിയ കുരുതിയുടെ ഏടുകളിലൊന്ന്. ആൺബാല്യം തീറെഴുതാൻ വിധിക്കപ്പെട്ട അമ്മമാരുടെ കണ്ണീരിന്റെ ചരിതം ഭാരതഖണ്ഡത്തിൽ ഇതുപോലെ വേറെയില്ല. മാമാങ്കം – ആ പേരിലുണ്ട് ഒരു ദേശം തലമുറകൾക്കു കൈമാറിയ കണ്ണീർച്ചാലിന്റെ തീരാത്ത ദുഖവും നൊമ്പരങ്ങളും. ആയിരം മഴക്കാലവും പതിനായിരം വേനലും കഴിഞ്ഞാലും വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരക്കറ നിളയുടെ മണൽത്തരികളിൽ മങ്ങാതെ മായാതെ തിണർത്തു കിടക്കും. സാമൂതിരിപ്പെരുമയുടെ കോവിലകത്തും വള്ളുവക്കോനാതിരിയുടെ വ്രണിത ഹൃദയത്തിലും മാമാങ്കം എന്ന മഹാമഹം പോരാട്ടത്തിന്റെ വീര്യമായിരുന്നു. നിലപാടു തറയിൽ അധ്യക്ഷനാവാനുള്ള നിലനിൽപ്പിന്റെ മത്സരമായിരുന്നു. എന്നാൽ, നാവാമുകുന്ദ ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ നിന്നു മുന്നൂറാണ്ടുകൾക്കു പിന്നിലേക്കു നോക്കുമ്പോൾ കാതിലിരമ്പുന്നത് ആയുസ്സെത്താതെ പിടഞ്ഞുവീണ സഹസ്ര കണ്ഠങ്ങളുടെ നിലവിളിയാണ്. തിരുന്നാവായയിലെ തർപ്പണ കടവി ൽ ബലിച്ചോറുണ്ണുന്ന കാക്കകളുടെ ശ ബ്ദത്തിൽ പോലുമുണ്ട് പൂർണതയെത്താതെ പൊലിഞ്ഞു പോയ പുരുഷായുസ്സുകളുടെ വിങ്ങലും തീക്ഷ്ണതയും.
55 മാമാങ്കം, 3000 ചെറുപ്പക്കാർ
ഏറെ പഴക്കമുള്ളതെങ്കിലും കേട്ടറിവിലൂടെ മലയാളികൾക്കു പരിചിതമായ അധ്യായമാണു മാമാങ്കം. ആരാണു തുടങ്ങിയതെന്നോ ആരൊക്കെയാണു മരിച്ചതെന്നോ വ്യക്തമാക്കാൻ തെളിവുകളില്ല. ഏറ്റവും ഒടുവിലത്തെ മാമാങ്കം 1766ലാണെന്നു കരുതപ്പെടുന്നു. ഭാരതപ്പുഴയുടെ വടക്കുതീരം അക്കാലത്ത് വെട്ടത്തുനാടായിരുന്നു. മാമാങ്കത്തിന്റെ വേരുകൾ തേടി തിരുന്നാവായയിൽ എത്തുമ്പോൾ ആദ്യം അന്വേഷിക്കേണ്ടത് നാട്ടുരാജാക്കന്മാരുടെ ജീവചരിത്രമാണ്. രാജപരമ്പരയിൽ ആരുടേയും പേരു കണ്ടെത്താനാവില്ലെങ്കിലും അകാലത്തിൽ ജീവൻ ത്യജിച്ച വള്ളുവനാട്ടിലെ ചെറുപ്പക്കാരുടെ വീരചരിതം വാമൊഴികളിൽ ജീവിക്കുന്നതായി കണ്ടറിയാം. മാമാങ്കത്തിന്റെ ശേഷിപ്പുകളിലേക്ക്, പഴയ മാമാങ്കത്തട്ടിലേക്ക് വാമൊഴി ചരിത്രത്തിന്റെ വഴികാട്ടിയായി ഒരാളുണ്ട്, തിരൂർ സ്വദേശി ദിനേശ്. ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ അംഗവും ചരിത്രാന്വേഷിയുമാണു തിരൂർ ദിനേശ്. ‘‘നിളയുടെ തീരം സാക്ഷ്യം വഹിച്ച മാമാങ്കത്തിന്റെ ചരിത്രം ഒരു ദിവസം കൊണ്ടു പറഞ്ഞാൽ തീരുന്നതല്ല . ബ്രഹ്മാ–വിഷ്ണു–മഹേശ്വര സങ്കൽപത്തിലുള്ളതാണ് തിരുന്നാവായയുടെ ഐതിഹ്യം.
കേരളം അടക്കിഭരിച്ചുവെന്നു പറയപ്പെടുന്ന പെരുമാൾ രാജാവ് മേള നടത്താനുള്ള അധികാരം നാട്ടുരാജാവായ വള്ളുവക്കോനാതിരിക്കു കൈമാറിയെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത്, വള്ളുവക്കോനാതിരിയെ വധിച്ച് ‘നിലപാട്’ നിൽക്കാനുള്ള അധികാരം കോഴിക്കോട് സാമൂതിരി നേടിയെടുത്തു. ആ സ്ഥാനം വീണ്ടെടുക്കാൻ വള്ളുവനാട്ടിലെ കൗമാരപ്രായക്കാർ ചാവേറുകളായി. നിളയുടെ തീരത്ത് തളിക്ഷേത്രത്തിൽ ദർശനത്തിനെത്തുമ്പോൾ സാമൂതിരിയെ വധിക്കാനായിരുന്നു ചാവേറുകളുടെ പദ്ധതി. പക്ഷേ, സാമൂതിരിയുടെ നിലപാടു തറയുടെ അരികിലെത്താൻ അവരിലൊരാൾക്കു മാത്രമേ കഴിഞ്ഞുള്ളൂ. പതിനാറു വയസ്സു തികഞ്ഞിട്ടില്ലാത്ത ആ ബാലൻ വീശിയ വാൾ നിലവിളക്കിൽ തട്ടി തെന്നിനീങ്ങിയിരുന്നില്ലെങ്കിൽ കോഴിക്കോടിന്റെയും വള്ളുവനാടിന്റെയും ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു ’’ ‘മാമാങ്കം ഐതിഹ്യവും ചരിത്രവും’ എന്ന പുസ്തകം എഴുതിയ ചരിത്രാന്വേഷിയായ തിരൂർ ദിനേശ് കഥകൾ ചരിത്രവുമായി പൊരുത്തപ്പെടില്ലെന്നു പറഞ്ഞ് കൂരിയാലിനു മുന്നിലേക്കു വഴി കാണിച്ചു.
വാകയൂർകുന്നിലെ കോവിലകങ്ങൾ
നാവാമുകുന്ദ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഗോപുരത്തിനു മുന്നിൽ വഴിയരികിൽ വലിയൊരു ആൽമരമുണ്ട്. അതാണു കൂരിയാൽ. മാമാങ്കത്തിന്റെ കൊടിയടയാളമാണു കൂരിയാൽ. ആലിന്റെ ചുവട്ടിൽ ആരംഭ പൂജ നടത്തിയാണ് ഇരുപത്തെട്ടു ദിവസങ്ങളിലായി മാമാങ്കംആരംഭിച്ചിരുന്നത്. കൂരിയാലിന്റെ ചുവട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണു വാകയൂർകുന്ന്. മാമാങ്കത്തിനെത്തിയിരുന്ന സാമൂതിരിക്കും ഇളമുറ തമ്പുരാന്മാർക്കും താമസിക്കാൻ കോവിലകം നിർമിച്ചിരുന്നത് വാകയൂർകുന്നിലായിരുന്നു. മാമാങ്കം നടന്നിരുന്ന ഇരുപത്തെട്ടു നാളുകളിലും നാവാമുകുന്ദനെ തൊഴാൻ സാമൂതിരി എഴുന്നള്ളുമായിരുന്നു. അ ന്ന് ഉടവാളും ആഭരണങ്ങളും അഴിച്ചുവച്ചിരുന്നത് പഴുക്കാമണ്ഡപത്തിലാണെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് നിളയ്ക്ക് അഭിമുഖമായി നിലകൊള്ളുന്നു പഴുക്കാമണ്ഡപമെന്ന് അറിയപ്പെടുന്ന കെട്ടിടം. ത്രിമൂർത്തികളുടെ സംഗമസ്ഥാനമാണു തിരുന്നാവായ. അവിടെ നിളയിൽ കുളിച്ചു തൊഴുന്നതു പുണ്യപ്രദായകമെന്നു സാമൂതിരിമാർ വിശ്വസിച്ചു. പുരാതന കാലത്ത് ചേര രാജാക്കന്മാരും ഇതേ വിശ്വാസത്താൽ നിളയിൽ സ്നാനം നടത്തിയിരുന്നതായി സംഘകൃതികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുദ്ധപാപം തീർക്കാൻ പരശുരാമൻ തിരുന്നാവായയിൽ തർപ്പണം നടത്തിയെന്നൊരു ഐതിഹ്യവുമുണ്ട്. നവയോഗികളിലൊരാളായ ഖരഭാജനൻ പ്രതിഷ്ഠിച്ച മുക്തിദായകനായ നാവാ മുകുന്ദന്റെ ദർശനം സൗഭാഗ്യമെന്ന് അവരെല്ലാം വിശ്വസിച്ചു.
ചക്രവാക സന്ദേശം, മാമാങ്കം കിളിപ്പാട്ട്, വില്യം ലോഗന്റെ മലബാർ മാന്വൽ എന്നിവയിൽ തിരുന്നാവായയിലെ തർപ്പണ ചടങ്ങുകളെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ധനു–മകരം മാസങ്ങളിൽ തൈപ്പൂയം നക്ഷത്രത്തിലാണ് മാമാങ്കം ആരംഭിച്ചിരുന്നത്. രാജാവും സാമന്തന്മാരും ദേശവാഴികളും പന്ത്രണ്ടു വർഷത്തിലൊരിക്കൽ നിളാതീരത്ത് ഒത്തുചേർന്നു. ബ്രഹ്മാവിന്റെ തപസ്സിനാൽ വിശുദ്ധമെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായതിനാലാണു രാജ്യകാര്യം തീരുമാനിക്കാനുള്ള വേദിയായി തിരുന്നാവായ തിരഞ്ഞെടുത്തത്. നാവാമുകുന്ദക്ഷേത്രം, ബ്രഹ്മാവിന്റെ ക്ഷേത്രം, ശിവക്ഷേത്രം എന്നിങ്ങനെ ത്രിമൂർത്തീ സംഗമ സ്ഥാനമാണു തിരുന്നാവായ. സൃഷ്ടി – സ്ഥിതി – സഹാര ശക്തികേന്ദ്രമായതിനാൽ സ്നാനഘട്ടായി അറിയപ്പെട്ടിരുന്ന സ്ഥലം ‘മഹാമക’ത്തിന് (മകം നാളിലെ മേള) ഉത്തമമെന്ന് രാജാക്കന്മാർ വിശ്വസിച്ചു. കാലക്രമത്തിൽ മഹാമകത്തിന്റെ അ ധ്യക്ഷ സ്ഥാനം പെരുമ നേടി. മഹാമകം എന്ന പേര് മാമാങ്കമായി മാറി. അധ്യക്ഷന്റെ സ്ഥാനപ്പേര് ‘നിലപാട്’ എന്നായി. കലാപരിപാടികളും വ്യാപാരവും രാജ്യകാര്യ യോഗങ്ങളും അനുബന്ധമായി സംഘടിപ്പിക്കപ്പെട്ടു. പതിനായിരക്കണക്കിനാളുകൾ മാമാങ്കത്തിൽ പങ്കെടുക്കാനും കച്ചവടത്തിനുമായി നദീതീരത്ത് തമ്പടിച്ചു. മാമാങ്കത്തിന്റെ നിലപാട് സ്ഥാനം വള്ളുവക്കോനാതിരിയുടെ കിരീടത്തിൽ പൊൻതൂവലായെന്നു മാത്രമല്ല രാജാവിന്റെ പെരുമയും സമ്പത്തും ഇരട്ടിച്ചു. അത്രയും പുകൾപെറ്റ സ്ഥാനമാണ് കോഴിക്കോടു നിന്നു പട നയിച്ചെത്തിയ സാമൂതിരി യുദ്ധത്തിലൂടെ കൈക്കലാക്കിയത്. വള്ളുവനാടിനെ സംബന്ധിച്ചിടത്തോളം അത് ജീവൻ നഷ്ടപ്പെട്ടതിനു തുല്യം അഭിമാനക്ഷതമായിരുന്നു.
വള്ളുവനാടിന്റെ രക്തചരിത്രം
മാമാങ്കത്തിന്റെ ചിട്ടവട്ടങ്ങൾ സാമൂതിരി പരിഷ്കരിച്ചു. തമ്പുരാട്ടിമാർക്കും തോഴികൾക്കും താമസിക്കാൻ തിരുന്നാവായയിലെ വാകയൂർ കുന്നിൽ കോവിലകങ്ങൾ നിർമിച്ചു. കൂരിയാലിന്റെ ചുവട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് വാകയൂർ കുന്ന്. മലബാർ മാന്വലിൽ വില്യം ലോഗൻ പറയുന്നതു പ്രകാരം പുതുനഗരം സൃഷ്ടിക്കുന്നതു പോലെയാണു നിളാതീരത്തു നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലപാടു തറയും കിണറും തല്ലിയുടയ്ക്കപ്പെട്ട ശിലയും അവിടെ ശേഷിക്കുന്നുണ്ട്. അധികാര ചിഹ്നമായ ഉടവാളുമായാണ് സാമൂതിരി ‘നിലപാടു തറയിൽ’ എത്തിയിരുന്നത്. നിലപാടു തറയ്ക്ക് ചുറ്റും മുപ്പതിനായിരം പടയാളികൾ അണിനിരന്ന് സുരക്ഷ ഒരുക്കിയിരുന്നു. അവിടേക്കാണ് വള്ളുവനാട്ടിലെ ചെറുപ്പക്കാർ ആൺപോരിമയുടെ കരുത്തുമായി പ്രതികാരത്തിനു പോയത്. നെഞ്ചുലയ്ക്കുന്ന പോരാട്ടവീര്യത്തിന്റെ നാൾവഴികൾ വാഴ്ത്തുപാട്ടുകളിലേതു പോലെ ധീരോദാത്തമായിരുന്നു. ചാവേറു പോകുന്നവർ മൂത്ത പണിക്കരെ വിവരം അറിയിക്കണം. വ്രതം ആചരിക്കണം. കളരി പരിശീലിക്കണം. തിരുനെല്ലിയിൽ പോയി പിണ്ഡം (ഇരിക്കപിണ്ഡം) വയ്ക്കണം. ചാവേറാകാൻ വീട്ടിൽ നിന്നിറങ്ങിയ യുവാക്കൾ ദിവസങ്ങളെണ്ണി കഴിഞ്ഞിരുന്നത് അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിൽ ആൽത്തറയുടെ സമീപത്തായിരുന്നു. ചാവേറുകൾ വിശ്രമിച്ച സ്ഥലം പിൽക്കാലത്ത് ചാവേർത്തറയെന്ന് അറിയപ്പെട്ടു. തല മുണ്ഡനം ചെയ്ത് ചുവന്ന പട്ടുടുത്ത് അഷ്ടക്കുളത്തിൽ സ്നാനം ചെയ്ത് പുതുമന തറവാട്ടിലെ അമ്മ നൽകുന്ന ചോറ്റുരുള കഴിച്ച് അനുഗ്രഹം വാങ്ങിയാണ് ചാവേറുകൾ തിരുന്നാവായയിലേക്കു പോയിരുന്നത്. സാമൂതിരിയുടെ തല കൊയ്ത് മടങ്ങി വരുമെന്നു ശപഥം ചെയ്താണ് വിടപറഞ്ഞിരുന്നതെങ്കിലും അവരിലൊരാൾ പോലും ജീവനോടെ തിരിച്ചെത്തിയില്ല.
കൊല്ലപ്പെട്ട ചാവേറുകളുടെ മൃതദേഹം ആനകളെ ഉപയോഗിച്ച് മണിക്കിണറിൽ ചവിട്ടി താഴ്ത്തിയിരുന്നതായി പറയപ്പെടുന്നു. എന്നാൽ, ഇതിനു തെളിവായി മണിക്കിണറിൽ നിന്ന് അസ്ഥി കിട്ടിയിട്ടില്ലെന്ന് ചരിത്രാന്വേഷികൾ ചൂണ്ടിക്കാട്ടുന്നു. വാകയൂർ കുന്നിൽ നിന്ന് ഏറെ അകലെയല്ലാതെ പാടത്തിനരികെ ചെങ്കൽ തുരന്നുണ്ടാക്കിയ ഗുഹയുണ്ട്. മരുന്നറ എന്നാണ് ഇത് അറിയപ്പെടുന്നത്. ചാവേറുകളാൽ പരിക്കേറ്റ ഭടന്മാരെ ചികിത്സിച്ചിരുന്ന സ്ഥലമാണിതെന്നും വെടിമരുന്നു സൂക്ഷിച്ചിരുന്നത് ഇവിടെയാണെന്നും കഥ പ്രചരിച്ചിട്ടുണ്ട്. മുനികൾ ധ്യാനമിരുന്ന ‘മുനിയറ’യായിരിക്കാം ഇതെന്നാണ് ഓറൽ ഹിസ്റ്ററി ഗവേഷകരുടെ നിഗമനം. മുറിവേറ്റവരെ ചികിത്സിച്ചിരുന്നവർ ചങ്ങമ്പള്ളി കളരിക്കാർ എന്നാണ് അറിയപ്പെട്ടിരുന്നത്. ചങ്ങമ്പള്ളിക്കാർ മർമചികിത്സയിൽ വിദഗ്ധരായിരുന്നു. നാവാമുകുന്ദ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു കുന്നിനു മുകളിലായിരുന്നു ചങ്ങമ്പള്ളി കളരി. കളരിയിലെ ക്ഷേത്രം പിൽക്കാലത്ത് കേരള ടൂറിസം വകുപ്പ് നവീകരിച്ചു. മാമാങ്കത്തിന്റെ ശേഷിപ്പുകൾ കാണാനെത്തുന്നവർക്ക് ഈ സ്ഥലം മുറിവേറ്റ പ്രതികാരത്തിന്റെ ഓർമച്ചിത്രങ്ങളാണു സമ്മാനിക്കുന്നത്.
എല്ലാറ്റിനും സാക്ഷി നിള
പെരുമാൾ നടത്തിയതും വള്ളുവക്കോനാതിരി നിലപാടു നിന്നതും സാമൂതിരി ഏറ്റെടുത്തു നടത്തിയതുമായി നിളാതീരത്ത് ആകെ അൻപത്തഞ്ച് മാമാങ്കങ്ങൾ നടന്നു. ഇക്കാലത്തിനിടെ ആത്മാഭിമാനത്തിന്റെ തീക്കനലിൽ, സാമൂതിരി സൈന്യത്തിന്റെ വാളിനു മുൻപിൽ നാലായിരം പേർ ജീവൻ വെടിഞ്ഞു. ഓരോ മാമാങ്കങ്ങളും വിജയാരവങ്ങളോടെ സമാപിച്ചപ്പോൾ ഭാരതപ്പുഴയുടെ കൈവഴികൾ വള്ളുവനാട്ടിലെ അമ്മമാരുടെ കണ്ണീർ പുഴയായി മാറിക്കൊണ്ടിരുന്നു. ഒരിക്കലും മറക്കാത്ത പേറ്റു നോവായി, നിലപാടിന്റെ തീരാവേദനയായി അതു വള്ളുവനാടിന്റെ യുദ്ധചരിത്തിൽ ഇന്നും തുടികൊട്ടുന്നു.
അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയിൽ അൽപനേരം വിശ്രമിച്ചാൽ ആ നൊമ്പരത്തിന്റെ തേങ്ങൽ കാലം മറയ്ക്കാത്ത കനൽക്കാറ്റായി ചാവേർത്തറയെ വട്ടമിടുന്നതു കാണാം. കഴിഞ്ഞുപോയതെല്ലാം പഴങ്കഥയായി മറന്ന് നിള നിശബ്ദം ഒഴുകുന്നു, അടിത്തട്ടിലെ കയവും ചുഴികളും പുറത്തു കാട്ടാതെ....