ക്ഷത്രിയരെ കൊലപ്പെടുത്തിയ പാപം തീർക്കാൻ പരശുരാമനും കൗരവരെ വധിച്ച പാപവുമായി പാണ്ഡവരും എത്തിയെന്നു പറയപ്പെടുന്ന ഐതിഹ്യത്തിന്റെ നാടാണ് തിരുവില്വാമല. പുനർജനി ഗുഹയും ഹനുമാൻ ക്ഷേത്രവുമാണ് തിരുവില്വാമലയുടെ പ്രശസ്തി വർധിപ്പിച്ചത്. വനത്തിനുള്ളിലെ പാറക്കെട്ടിനിടയിലൂടെ കടന്നുപോകുന്ന പുനർജനി ഗുഹയിൽ നൂഴ്ന്നാൽ പാപങ്ങളിൽ നിന്നു മോചനം നേടി പുനർജന്മം ലഭിക്കമെന്നാണ് വിശ്വാസം. അതുപോലെ, ഇവിടെയുള്ള ഹനുമാൻ ക്ഷേത്രത്തിൽ തൊഴുതു പ്രാർഥിക്കുന്ന പെൺകുട്ടികൾക്ക് ഉടൻ മംഗല്യഭാഗ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശി (ഗുരുവായൂർ ഏകാദശി) ദിവസമാണ് ആചാര പ്രകാരം ഗുഹ നൂഴൽ. തിരുവില്വാമലയിൽ നിന്നു പാലക്കാട് റോഡിൽ രണ്ടു കിലോമീറ്റർ നീങ്ങിയാൽ റോഡരികിൽ ഒരു ആൽത്തറ കാണാം. അവിടെ നിന്നാണ് പുനർജ്ജനിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കാട്ടിലേക്കു പ്രവേശിക്കുന്നിടത്ത് മലയുടെ ചെരിവിലൊരു അരുവിയുണ്ട് – ഗണപതി തീർഥം. ആണ്ടു മുഴുവൻ വെള്ളമൊഴുകുന്ന ഗണപതി തീർഥത്തിൽ കാൽ നനച്ച് മലയുടെ തെക്കു കിഴക്കു ഭാഗത്തേക്ക് നടന്നാൽ പാപനാശിനി തീർഥത്തിൽ എത്തും.
പാപനാശിനിയിൽ കുളിച്ച ശേഷം അൽപ്പദൂരം നീങ്ങിയാൽ പുനർജ്ജനിയുടെ മുന്നിലെത്താം. ഒരാൾ പൊക്കമുള്ളതാണു ഗുഹാമുഖം. ഗുഹാരംഭത്തിൽ കുറച്ചു ദൂരം കുമ്പിട്ടു നടക്കാം. അതു കഴിഞ്ഞാൽ ഇരുന്നു നിരങ്ങണം. കുറച്ചു കൂടി മുന്നോട്ടു പോയാൽ മലർന്നു കിടന്ന് ഇഴഞ്ഞു മാത്രമേ നീങ്ങാനാകൂ. മുന്നിലും പിന്നിലുമുള്ളവരുടെ കൈകാലുകളിൽ പിടിച്ചാണ് ഓരോരുത്തരും വഴി കണ്ടു പിടിക്കുക. ഗുഹാമുഖത്തു നിന്നു കിട്ടുന്ന വെളിച്ചത്തിന്റെ നാമ്പുകൾ മാത്രമാണ് വഴികാട്ടി. പുനർജ്ജനി നൂഴുന്നവർ ആ വെളിച്ചം ലക്ഷ്യമാക്കി ഇരുട്ടിലൂടെ നീങ്ങുന്നു. കമിഴ്ന്നു കിടന്ന് നിരങ്ങി നീങ്ങാവുന്ന സ്ഥലത്ത് എത്തുന്നതോടെ പകുതി വഴി പിന്നിടുന്നു. അവിടെ നിന്നുള്ള യാത്രയാണ് ഏറ്റവും കഠിനം. ഒന്നോ രണ്ടോ ചാൺ വട്ടമുള്ള ദ്വാരത്തിലൂടെ വേണം മുകളിലെത്താൻ. പുനർജ്ജനിയുടെ പുണ്യമെന്നാണ് ഈ ഭാഗത്തെ യാത്ര അറിയപ്പെടുന്നത്. ഗുഹ നൂഴ്ന്ന് പുറത്തെത്താൻ മുക്കാൽ മണിക്കൂർ വേണം. പുനർജ്ജനി നൂഴുന്ന ദിവസം മാത്രമേ ആളുകൾ തിരുവില്വാമലയിലെ കാടിനുള്ളിൽ കയറാറുള്ളൂ.
പാലക്കാടിന്റെ അതിർത്തിയിലുള്ള തലപ്പള്ളി താലൂക്കിലാണ് തിരുവില്വാമല. വിഷ്ണുവും ലക്ഷ്മണനും ഗണപതിയുമാണു പ്രതിഷ്ഠ. നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ മൂന്നു ദിക്കിലും മൂന്നു ജലാശയങ്ങളുണ്ട് – രാമൻചിറ, ഭഗവതിച്ചിറ, വായ്ക്കാട്ടിരിച്ചിറ. പണ്ടുകാലത്ത് തീർഥാടകർ തിരുവില്വാമലയുടെ സമീപത്തുള്ള മലകളെ പ്രദക്ഷിണം ചെയ്തിരുന്നു. ഗിരി പ്രദക്ഷിണം എന്നാണ് ഈ തീർഥയാത്ര അറിയപ്പെട്ടിരുന്നത്.
തിരുവില്വാമലയിലെ ഹനുമാൻ കോവിൽ പ്രസിദ്ധമാണ്. ഭക്തദാസന്റെ മുഖഭാവമുള്ള വിഗ്രഹം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ്. വെറ്റില മാല, അവൽ നിവേദ്യം എന്നിവയ്ക്കു പുറമെ രാമനാമം എഴുതിയ മാലകളും ഹനുമാനു വഴിപാടായി സമർപ്പിക്കുന്നു. ഇവിടെ തൊഴുന്ന പെൺകുട്ടികൾക്ക് ഉടൻ മംഗല്യമെന്നു വിശ്വാസം. നാരദനാണ് തിരുവില്വാമലയിലെത്തിയ ആദ്യത്തെ സഞ്ചാരിയെന്നാണ് ക്ഷേത്രപുരാണം. ക്ഷേത്രത്തിന്റെ അടിഭാഗത്ത് ഒരു ഗുഹയുണ്ടെന്നും അതിനുള്ളിൽ സ്വർണനിറത്തിലുള്ള വില്വം ഉണ്ടെന്നും നാരദൻ ലോകത്തെ അറിയിച്ചത്രെ. മഹാവിഷ്ണുവിനെയും ലക്ഷ്മണനെയും ആരാധിക്കുന്ന വില്വാദ്രിനാഥക്ഷേത്രം അങ്ങനെ അദ്ഭുതങ്ങളുടെ കോവിലായി അറിയപ്പെട്ടു.
ക്ഷേത്ര മുറ്റത്ത് ‘ഗുരുവായൂരപ്പൻ ആൽ’ ഉണ്ട്. ഈ ആൽത്തറയിൽ നിന്നു വായുമാർഗം നേരേ പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുമെന്ന് പഴമക്കാരുടെ ഭാഷ്യം. തെക്കേ നടയിൽ നിന്നുള്ള പടവുകളിറങ്ങിയാൽ അയ്യപ്പ ക്ഷേത്രത്തിലെത്താം. ദാരുശിൽപ്പ മാതൃകയ്ക്കു സാക്ഷ്യമാണ് ക്ഷേത്രനിർമാണം. നരനാരായണ തപസ്സ്, മരച്ചങ്ങല എന്നിവയാണ് ചുറ്റമ്പലത്തിലെ കാഴ്ചകൾ. മതിൽക്കെട്ടിനും പ്രദക്ഷിണ വഴിക്കുമടുത്താണ് വിളക്കുമാടത്തറ. വിളക്കുമാടത്തറയുടെ മുറ്റം കഴിഞ്ഞാണ് ചുറ്റമ്പലം. ഐതിഹ്യങ്ങളുടെ ചിറകേറിയ വിശ്വാസങ്ങളെ പിന്തുടർന്ന് ഇവിടേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു...
baijugovind@gmail.com